Tuesday, January 17, 2012

ചേര്‍ത്തലയില്‍ ഉജ്വല സിപിഐ റാലി

നഗരത്തെ ചെമ്പട്ടണിയിച്ചുകൊണ്ട് പതിനായിരങ്ങള്‍ പങ്കെടുത്ത അത്യുജ്വല ബഹുജനറാലിയോടെ ചേര്‍ത്തലയില്‍ നടന്ന സി പി ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങി. വൈകിട്ട് തുടങ്ങിയ ഗംഭീര റാലി മണിക്കൂറുകള്‍ എടുത്താണ് നഗരത്തെ പ്രദക്ഷിണം വച്ചത്. ദേവീക്ഷേത്ര മൈതാനത്തെ കെ ആര്‍ സ്വാമിനാഥന്‍ നഗറില്‍ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടന്നു.

പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ നിലംപരിശാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം സി ദിവാകരന്‍ പറഞ്ഞു.
  മന്ത്രിസഭയില്‍ ആകെ അസ്വസ്ഥതയാണ്. സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം മന്ത്രി ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞതാകട്ടെ രാജിവെക്കേണ്ടതില്ല എന്നാണ്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ പിതാവും പാര്‍ട്ടിയുടെ നേതാവുമായ ബാലകൃഷ്ണപിള്ള പറയുന്നത് നേരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്നാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാണി ഗ്രൂപ്പ് ഇടഞ്ഞ്‌നില്‍ക്കുന്നു. ജേക്കബിന്റെ മരണശേഷം ഒരംഗ ഭൂരിപക്ഷത്തില്‍ ചാഞ്ചാടുന്ന യു ഡി എഫ് സര്‍ക്കാരിന്റെ അടിത്തറയിളകുകയാണ്. ജനദ്രോഹനയങ്ങളാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. പരമ്പരാഗത വ്യവസായങ്ങളെയാകെ തകര്‍ത്തിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നീ രംഗങ്ങളില്‍ വന്‍ പരാജയമാണ് സര്‍ക്കാരിനുണ്ടായിട്ടുള്ളത്.

 എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായിരുന്ന പൊതുവിതരണ സമ്പ്രദായം ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമായിട്ടും ഒന്നും ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. സിവില്‍ സപ്ലൈസില്‍ 135 കോടി രൂപയുടെ അഴിമതി നടത്തിയ പുലികേശിയെ ഡി ജി പിയാക്കി വാഴിച്ചവരാണിവര്‍. വലിയ കുഴപ്പങ്ങള്‍ കാട്ടിയ ടോമിന്‍ തച്ചങ്കരിയെയും തിരിച്ചുകൊണ്ടുവന്നു. ജനദ്രോഹനയങ്ങള്‍ പിന്തുടരുന്നതോടൊപ്പം പ്രതിപക്ഷത്തെ കരിവാരി തേക്കാനും ഉമ്മന്‍ചാണ്ടിയടക്കം ഉത്സാഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

   ജില്ലാ സെക്രട്ടറി പി തിലോത്തമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ ഇ ഇസ്മയില്‍, സി എന്‍ ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി പുരുഷോത്തമന്‍, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി പി ഉണ്ണികൃഷ്ണന്‍, എ ശിവരാജന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ എന്‍ സുകുമാരപിള്ള, പി ജ്യോതിസ്, കെ എം ചന്ദ്രശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം സെക്രട്ടറി പി വി പൊന്നപ്പന്‍ സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവംഗം അഡ്വ. ഡി സുരേഷ്ബാബു നന്ദിയും പറഞ്ഞു. ഗായിക പി കെ മേദിനിയുടെ വിപ്ലവഗാനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. കെ പി എ സിയുടെ ശുദ്ധികലശം നാടകവും നടന്നു.

janayugom 170112

No comments:

Post a Comment