Monday, January 16, 2012

"ആമ്പല്ലൂര്‍ പാര്‍ക്കില്‍" യുഡിഎഫ് സര്‍ക്കസ്

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫിന്റെ "ഇലക്ട്രോണിക് പാര്‍ക്ക്" സര്‍ക്കസ്. 2010 ജൂലൈ ഒമ്പതിന് എല്‍ഡി എഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നപോലെ ഒന്ന് കഴിഞ്ഞ നവംബറില്‍ ഇറക്കി, "ഇത് ഞങ്ങളുടെ പദ്ധതി" എന്ന് നാടുനീളെ പോസ്റ്ററൊട്ടിച്ചു നെഞ്ചുവിരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍ . എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്.

"ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്ക് തുടങ്ങാന്‍ 334 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ച് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ 2010 ജനുവരി അഞ്ചിന് കത്തു നല്‍കിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവിടെ ഇലക്ട്രോണിക് പാര്‍ക്ക് തുടങ്ങാന്‍ അനുയോജ്യമാണെന്ന് ജില്ലാ കലക്ടര്‍ ശുപാര്‍ശചെയ്യുകയുംചെയ്തിട്ടുണ്ട്. അതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കെഎസ് ഐഡിസി അനുമതിക്ക് അപേക്ഷിച്ചു. സര്‍ക്കാര്‍ വിഷയം വിശദമായി പരിശോധിച്ചു. അതിവേഗ നടപടിക്രമമനുസരിച്ച് പ്രസ്തുത 334 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സന്തോഷപൂര്‍വം അനുവദിക്കുന്നു".

അന്നത്തെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് നാട്ടിലെമ്പാടും വലിയ ആവേശമുയര്‍ത്തി. മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. യുഡിഎഫ് അനുകൂല പത്രമായ മലയാള മനോരമയ്ക്കും അതില്‍ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല. 2010 ആഗസ്ത് നാലിന് അവരും വലിയ വാര്‍ത്ത നല്‍കി ആഘോഷിച്ചു. ആദ്യഘട്ട പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ 250 കോടി രൂപ അനുവദിച്ച വിവരവും മനോരമ റിപ്പോര്‍ട്ട്ചെയ്തു.

"സ്മാര്‍ട്ട്സിറ്റിയും ഇന്‍ഫോ പാര്‍ക്കും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും ചേര്‍ന്ന് കൊച്ചിക്കു നല്‍കുന്ന വ്യവസായവികസനത്തിനു കുതിപ്പേകാന്‍ 7000 കോടിയുടെ നിക്ഷേപപ്രതീക്ഷയുമായി പിറവം നിയോജകമണ്ഡലത്തിലെ ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്കിനു കളമൊരുങ്ങുന്നു... പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ കെഎസ്ഐഡിസി സ്ഥലമെടുപ്പ് ആരംഭിച്ചതായി എം ജെ ജേക്കബ് എംഎല്‍എ പറഞ്ഞു"- മനോരമ വാര്‍ത്ത ഇങ്ങനെ തുടര്‍ന്നു.

എന്നാല്‍ , യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ഒരു ഉത്തരവ് വ്യവസായവകുപ്പ് സെക്രട്ടറിയുടെ പേരില്‍ ഇറക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. 7000 കോടി രൂപയുടെ മുതലിറക്കു പ്രതീക്ഷിക്കുന്ന വന്‍ പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതും ആദ്യഘട്ട പ്രവര്‍ത്തനത്തിനായി 250 കോടി രൂപ അനുവദിച്ചതും. അതില്‍നിന്ന് ഒരിഞ്ചു മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍വരെ രഹസ്യമായി സമ്മതിക്കുന്നു. എന്നാല്‍ , ഉപതെരഞ്ഞെടുപ്പു വന്നപ്പോള്‍ ചില ഒച്ചയും ബഹളവും ഉണ്ടാക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നാണവര്‍ പറയുന്നത്. മുന്‍ എംഎല്‍എ എം ജെ ജേക്കബാണ് ഈ പദ്ധതിയുടെ ഉപജ്ഞാതാവ്. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു. ഒന്നരവര്‍ഷത്തോളം അദ്ദേഹം നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്ന് കെഎസ്ഐഡിസിയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ "ദേശാഭിമാനി"യോടു പറഞ്ഞു. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുകയും അതിന്റെ സര്‍വേ മാപ്പ് തയ്യാറാക്കുകയും ചെയ്യുക വലിയ പണിയായിരുന്നു. ഇക്കാര്യത്തിലൊക്കെ ഒരു ജനപ്രതിനിധിക്ക് ഇത്രയേറെ ചെയ്യാനാകുമെന്നത് പുതിയ അനുഭവമായിരുന്നു- അദ്ദേഹം പറഞ്ഞു. വികസനപ്രവര്‍ത്തനത്തിന്റെ പ്രായോഗികതയുടെ വഴികള്‍ എം ജെ ജേക്കബിന് സ്വന്തംവീട്ടിലേക്കുള്ള വഴിപോലെ പരിചിതമാണ്; അതുതന്നെയാകാം വികസനപ്രവര്‍ത്തനരംഗത്ത് അദ്ദേഹത്തെ അതുല്യനാക്കുന്നതും.

deshabhimani 160112

1 comment:

  1. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫിന്റെ "ഇലക്ട്രോണിക് പാര്‍ക്ക്" സര്‍ക്കസ്. 2010 ജൂലൈ ഒമ്പതിന് എല്‍ഡി എഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നപോലെ ഒന്ന് കഴിഞ്ഞ നവംബറില്‍ ഇറക്കി, "ഇത് ഞങ്ങളുടെ പദ്ധതി" എന്ന് നാടുനീളെ പോസ്റ്ററൊട്ടിച്ചു നെഞ്ചുവിരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍ .

    ReplyDelete