Monday, January 16, 2012
കണ്ണൂരില്‍ അജയ്യത തെളിയിച്ച് വന്‍ റാലി
പയ്യന്നൂര്‍ : സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടചരിത്രത്തില്‍ വീറുറ്റ അധ്യായങ്ങളെഴുതിയ പയ്യന്നൂരിനെ ചെങ്കടലാക്കി സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിയും ശേഷിയും ജനപിന്തുണയും വിളംബരം ചെയ്ത്് ലക്ഷങ്ങള്‍ പയ്യന്നൂരില്‍ സംഗമിച്ചു. അച്ചടക്കവും കരുത്തും ആവാഹിച്ച് ചിട്ടയോടെ നീങ്ങിയ ചുകപ്പുസേനാ മാര്‍ച്ചില്‍ നഗരം ത്രസിച്ചു. കരിവെള്ളൂരിലും മുനയന്‍കുന്നിലും കോറോത്തും പെരളത്തും സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ പോരാടി വീരേതിഹാസം രചിച്ചവരുടെ നേരവകാശികള്‍ പട്ടാളച്ചിട്ടയില്‍ മാര്‍ച്ച് ചെയ്തപ്പോള്‍ മണ്ണും മനസും കോരിത്തരിച്ചു. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിലെ ടി ഗോവിന്ദന്‍ നഗറില്‍ മാര്‍ച്ച് സമാപിച്ചശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലാസെക്രട്ടറി പി ജയരാജന്‍ അനുഗമിച്ചു. അധിനിവേശത്തിനെതിരെ ജീവനും രക്തവും നല്‍കി പോരാടുമെന്ന് പ്രകടനത്തില്‍ അണിനിരന്ന ജനപ്രവാഹം ആവേശത്തോടെ പ്രഖ്യാപിച്ചു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ , പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ , ജില്ലാസെക്രട്ടറി പി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളന പ്രതിനിധികള്‍ അയോധ്യാ ഓഡിറ്റോറിയത്തില്‍നിന്ന് ചെങ്കൊടിയേന്തി പൊതുസമ്മളനനഗരിയിലേക്ക് പ്രകടനമായി നീങ്ങി. പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി ജയരാജന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ എന്നിവരും വേദിയിലുണ്ടായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി ഐ മധുസൂദനന്‍ സ്വാഗതം പറഞ്ഞു.
കണ്ണൂരില്‍ പി ജയരാജന്‍ തുടരും
കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ ജില്ലാകമ്മറ്റിയെയും 54 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. കമ്മറ്റിയില്‍ ആറ് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചു. എ എന്‍ ഷംസീര്‍ , വി ശിവദാസന്‍ , കെ ലീല, പി വി ഗോപിനാഥ്, പി ബാലന്‍ , ടി വി കൃഷ്ണന്‍ എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍ .
കര്‍ഷക ആത്മഹത്യ തടയണം
പയ്യന്നൂര്‍ : കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത്് കര്‍ഷക ആത്മഹത്യ നിയന്ത്രിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുപ്പതോളം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. ജില്ലയില്‍ അടുത്തിടെ നാല് കൃഷിക്കാരാണ് കടക്കെണിമൂലം ജീവനൊടുക്കിയത്. കൃഷിക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
കാര്‍ഷിക കടാശ്വാസ കമീഷന്‍ നടപടികളില്‍ മാറ്റം വരുത്തുക, ആത്മഹത്യചെയ്ത കര്‍ഷകന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയെങ്കിലും നല്‍കുകയും മുഴുവന്‍ കടബാധ്യതകളും എഴുതിത്തള്ളുകയും ചെയ്യുക, മുഴുവന്‍ കൃഷിക്കാരുടെയും കടങ്ങളുടെ പലിശ റദ്ദാക്കുക, നെല്ല് ഉള്‍പ്പെടെയുള്ള വിളകള്‍ക്കു പലിശരഹിത വായ്പ നല്‍കുക തുടങ്ങിയവ നടപ്പാക്കിയാലേ കര്‍ഷക ആത്മഹത്യ നിയന്ത്രിക്കാനാവൂ. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരവും സബ്സിഡിയും നല്‍കണം. വിളസംഭരണവും വിപണനവും നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അഴീക്കല്‍ തുറമുഖവികസനം ത്വരിതപ്പെടുത്തണം
പയ്യന്നൂര്‍ : അഴീക്കല്‍ തുറമുഖവികസനം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1962-ലെ കേന്ദ്രസര്‍ക്കാര്‍ പഠന റിപ്പോര്‍ട്ടുപ്രകാരം കേരളത്തില്‍ കൊച്ചി കഴിഞ്ഞാല്‍ മികച്ച തുറമുഖമാണ് അഴീക്കല്‍ . എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാര്യമായ വികസനം നടന്നത്. യുഡിഎഫ് സര്‍ക്കാര്‍ തുറമുഖവികസനം തകിടം മറിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുറമുഖത്തിന് നീക്കിവച്ച ഫണ്ട് വകമാറ്റി ചെലവഴിക്കാനാണ് നീക്കം. ബിഒടി അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുകയെന്ന് മന്ത്രിതന്നെ പ്രഖ്യാപിച്ചു. സ്വകാര്യ തുറമുഖമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വടക്കേമലബാറിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന അഴീക്കല്‍ തുറമുഖം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപോലെ പിപിപി അടിസ്ഥാനത്തില്‍ ഏറ്റെടുപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച തുറമുഖ വികസന ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്നും സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കാനുള്ള ശ്രമം ഒഴിവാക്കി തുറമുഖവികസനം യാഥാര്‍ഥ്യമാക്കണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് സമ്മേളനം ആവശ്യപ്പെട്ടു.
പഴശ്ശി പദ്ധതി ജലസേചന പദ്ധതിയായിത്തന്നെ നിലനിര്‍ത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1957ലെ ഇ എം എസ് സര്‍ക്കാര്‍ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ നിശ്ചയിച്ച പദ്ധതിയാണ് പഴശ്ശി. 1979-ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി കമീഷന്‍ ചെയ്യുമ്പോള്‍ 87 കോടി രൂപ ചെലവായിരുന്നു. ഇതുവരെ 155 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. 16,200 ഹെക്ടറില്‍ ജലസേചനം നടത്തുന്നതിന് തയ്യാറാക്കിയ പദ്ധതിയിലൂടെ 200 ഹെക്ടര്‍ സ്ഥലത്തേ ജലസേചനത്തിന് കഴിഞ്ഞുള്ളൂ. കേരളം കണ്ട വലിയ ധൂര്‍ത്തുകളിലൊന്നായി പദ്ധതി മാറി. പദ്ധതി വിഭാവനംചെയ്തരീതിയില്‍ രണ്ടും മൂന്നും വിളകള്‍ക്ക് വെള്ളം നല്‍കാന്‍ കഴിയണം. പഴശ്ശി ജലസേചന പദ്ധതി ഉപേക്ഷിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാന ഓഫീസുകള്‍ അടച്ചുപൂട്ടി. അവശേഷിക്കുന്ന ഓഫീസുകള്‍ ഉദ്യോഗസ്ഥരില്ലാതെ അനാഥവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രവുമായി മാറി. പഴശ്ശി ഡാംസൈറ്റില്‍ തന്നെ പദ്ധതി നടത്തിപ്പിനാവശ്യമായ ഓഫീസും ഉദ്യോഗസ്ഥരെയും അടിയന്തരമായി നിശ്ചയിക്കണം. അവശേഷിക്കുന്ന നെല്‍പ്പാടങ്ങളും പച്ചക്കറികൃഷിയും സംരക്ഷിക്കാന്‍ പഴശ്ശിയെ ജലസേചന പദ്ധതിയായി നിലനിര്‍ത്തണം.
തലശേരി- മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കണം
പയ്യന്നൂര്‍ : തലശേരി-മൈസൂരു റെയില്‍പാത നിര്‍മാണം ഉടന്‍ ആരംഭിക്കുകയും റെയില്‍വേ വികസനം ത്വരിതപ്പെടുത്തുകയും വേണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തലശേരി- മൈസൂരു റെയില്‍വേ പദ്ധതി നടപ്പാക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. മലബാറിനോട് റെയില്‍വേ തുടരുന്ന അവഗണനയുടെ തുടര്‍ച്ച മാത്രമാണ് ഈ പാതയുടെ കാര്യത്തിലുമുണ്ടായത്. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം വിപുലപ്പെടുത്തുന്ന കാര്യത്തിലും പാത വൈദ്യുതീകരിക്കുന്നതിലുമെല്ലാം ചിറ്റമ്മനയമാണ് കേന്ദ്രവും റെയില്‍വേയും സ്വീകരിക്കുന്നത്. തലശേരി പാതയുടെ സര്‍വേ നടത്തി പ്രവൃത്തി ആരംഭിക്കണം. അടുത്ത ബജറ്റില്‍ ഇതിന് തുക വകയിരുത്തണം. പുതിയ പാത വരുന്നതോടെ കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് റെയില്‍മാര്‍ഗമുള്ള ദൂരം 708 കിലോമീറ്ററില്‍നിന്ന് 339 ആയി കുറയും. വിനോദസഞ്ചാര-വ്യവസായ മേഖലകളിലും വന്‍ കുതിച്ചുചാട്ടമുണ്ടാവും. കണ്ണൂര്‍ വിമാനത്താവളവും തലശേരി മത്സ്യബന്ധന തുറമുഖവും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ വാണിജ്യരംഗത്തും ഉണര്‍വുണ്ടാകും.
ജില്ലയിലെ സ്റ്റേഷനുകളുടെ സ്ഥിതി പരിതാപകരമാണ്. മാഹി മുതല്‍ പയ്യന്നൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കാന്‍ റെയില്‍വേക്ക് കഴിഞ്ഞില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് എണ്ണായിരത്തോളം പേര്‍ ദിവസേന യാത്രചെയ്യുന്നു. ഇവരെ ഉള്‍ക്കൊള്ളാനുള്ള ഭൗതിക സാഹചര്യ മില്ല. നാലും അഞ്ചും പ്ലാറ്റ്ഫോം അടിയന്തരമായി പണിയണം. കണ്ണൂരില്‍ പിറ്റ്ലൈന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു പ്രവൃത്തിയും ആരംഭിച്ചില്ല. പിറ്റ്ലൈന്‍ വന്നാലേ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ ആരംഭിക്കാനാവൂ. ശുദ്ധജല ലഭ്യതക്കുറവും ടോയ്ലറ്റ് സൗകര്യമില്ലായ്മയും റെയില്‍വേ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് പ്രശ്നവും പരിഹരിക്കാതെ കിടക്കുകയാണ്.
കണ്ണൂര്‍ സൗത്ത്, പാപ്പിനിശേരി, വളപട്ടണം, ചിറക്കല്‍ സ്റ്റേഷനുകള്‍ വികസിപ്പിക്കണം. പ്ലാറ്റ്ഫോം മേല്‍ക്കൂര, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കല്‍ , ഇരിക്കാനുള്ള സൗകര്യം എന്നിവ അടിയന്തരമായി നടപ്പാക്കണം. കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകളിലെ റദ്ദാക്കിയ ട്രെയിന്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. തലശേരി സ്റ്റേഷനില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്കുള്ള റോഡ് നിര്‍മാണത്തിന് ഇനിയും റെയില്‍വേ അനുമതി നല്‍കിയില്ല. രണ്ടാം പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് കൗണ്ടര്‍ , പ്ലാറ്റ്ഫോമിന് മേല്‍ക്കൂര, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് പ്രശ്നം എന്നിവയെല്ലാം പരിഹരിക്കാതെ കിടക്കുന്നു.
ഏഴിമല നാവിക അക്കാദമിയും പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രവും ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും പയ്യന്നൂരില്‍ പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. വിശ്രമമുറികള്‍പോലുമില്ലാതെ കടുത്ത അവഗണനയിലാണ് പയ്യന്നൂരും. ജില്ലയിലെ റെയില്‍വേസ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്താനും റെയില്‍വേലൈന്‍ വൈദ്യുതീകരണ ജോലി അടിയന്തരമായി ആരംഭിക്കാനും മൈസൂരു-തലശേരി പാത നിര്‍മാണത്തിന് അടുത്ത ബജറ്റില്‍ ഫണ്ട് അനുവദിച്ച് ഉടന്‍ തുടങ്ങാനും നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മൈക്രോ ചിപ്പിനു പിന്നില്‍ ബൂര്‍ഷ്വാ പാര്‍ടികളുടെ ഏജന്റുമാര്‍ : സിപിഐ എം
പയ്യന്നൂര്‍ : ബൂര്‍ഷ്വാ പാര്‍ടികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരാണ് സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ വാര്‍ത്ത ചോര്‍ത്താന്‍ സമ്മേളനഹാളില്‍ മൈക്രോ ചിപ്പ് വച്ചതെന്ന് ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ടിയെ തകര്‍ക്കുന്നതിനാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ദൃശ്യമാധ്യമ പ്രവര്‍ത്തകരും ഒരു അച്ചടി മാധ്യമ പ്രവര്‍ത്തകനുമാണ് മൈക്രോ ചിപ്പ് വച്ചതെന്ന് പാര്‍ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് ചിലരുടെ ഗൂഢാലോചനയുടെ ഫലമായി സമ്മേളന നടപടി ചോര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ ഒരു വാര്‍ത്ത പോലും ഇവര്‍ക്ക് ചോര്‍ത്താന്‍ കഴിഞ്ഞില്ല. ജില്ലയിലെ പാര്‍ടി നേതൃത്വത്തിന്റെ കഴിവായി മാത്രം ഇതിനെ കാണുന്നില്ല. പയ്യന്നൂരിലെ സമ്മേളന സംഘാടകരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് വാര്‍ത്ത ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ സഹായിച്ചത്. സത്യസന്ധമായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ കൊടുക്കുന്നതെങ്കില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ ഒരു വാര്‍ത്തയും ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയണം.
പിണറായി വിജയന്‍ പരിയാരം മെഡിക്കല്‍ കോളേജ് സംബന്ധിച്ചും ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും ഡിവൈഎഫ്ഐ പ്രവര്‍ത്തനത്തെയും പ്രതിപാദിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഇതു സംബന്ധിച്ച് ഒരു പരാമര്‍ശവും നടന്നില്ല. ഒരു ഏരിയാകമ്മിറ്റിയുടെ ചര്‍ച്ചയ്ക്കും വിലക്ക് കല്‍പിച്ചിട്ടില്ല. മൈക്രോ ചിപ്പും മാക്രോ ഗണ്ണും കൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. പാര്‍ടിയുടെ ഐക്യം ഊട്ടി ഉറപ്പിച്ചാണ് സമ്മേളനം സമാപിച്ചത്. ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പും സംസ്ഥാന കമ്മിറ്റി പ്രതിനിധികളെ തെരഞ്ഞെടുത്തതും ജില്ലാസെക്രട്ടറിയുടെ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആവേശമായി വിപ്ലവ ഗായകസംഘം
പയ്യന്നൂര്‍ : ജില്ലാ സമ്മേളന പൊതുസമ്മേളനത്തിനാവേശമായി വിപ്ലവ ഗായകസംഘം. കെ പി ആര്‍ പണിക്കര്‍ വിപ്ലവഗായകസംഘമാണ് സ്റ്റേഡിയം ഗ്രൗണ്ടിലെത്തിയ പതിനായിരങ്ങളെ ആവേശഭരിതമാക്കിയത്. കേരളത്തിന്റെ പടപ്പാട്ടുകാരന്‍ കെ പി ആര്‍ പണിക്കര്‍ സംഗീതം നല്‍കി കേരളക്കരയെ ത്രസിപ്പിച്ച പഴയ പാട്ടുകളും വിപ്ലവഗാനങ്ങളുമാണ് പാടിയത്. പയ്യന്നൂരിന്റെ ജനകീയ കലാകാരന്‍ ഡോ. ആനന്ദ് രചിച്ച ഗാനങ്ങളും സംഘം ആലപിച്ചു. കെ പി ആര്‍ പണിക്കരുടെ മകന്‍ കെ പി സുരേഷ്പണിക്കര്‍ , കെ പി സുനില്‍ , കെ പി ആതിര, കവിതാ ബാലകൃഷ്ണന്‍ , കെ പി ഐശ്വര്യ, ബിജു ഏഴോം എന്നിവരാണ് ഗാനമാലപിച്ചത്.
deshabhimani 160112
Subscribe to:
Post Comments (Atom)


സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടചരിത്രത്തില്‍ വീറുറ്റ അധ്യായങ്ങളെഴുതിയ പയ്യന്നൂരിനെ ചെങ്കടലാക്കി സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിയും ശേഷിയും ജനപിന്തുണയും വിളംബരം ചെയ്ത്് ലക്ഷങ്ങള്‍ പയ്യന്നൂരില്‍ സംഗമിച്ചു. അച്ചടക്കവും കരുത്തും ആവാഹിച്ച് ചിട്ടയോടെ നീങ്ങിയ ചുകപ്പുസേനാ മാര്‍ച്ചില്‍ നഗരം ത്രസിച്ചു. കരിവെള്ളൂരിലും മുനയന്‍കുന്നിലും കോറോത്തും പെരളത്തും സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ പോരാടി വീരേതിഹാസം രചിച്ചവരുടെ നേരവകാശികള്‍ പട്ടാളച്ചിട്ടയില്‍ മാര്‍ച്ച് ചെയ്തപ്പോള്‍ മണ്ണും മനസും കോരിത്തരിച്ചു.
ReplyDelete