Sunday, January 15, 2012

അലക്സിനെ രക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടി: വി എസ്

കാര്‍ കള്ളക്കടത്ത്: അലക്സിനെ കോഫേപോസ സമിതിക്കു മുമ്പില്‍ ഹാജരാക്കി

കോടികളുടെ വിദേശ കാര്‍ കള്ളക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന അലക്സ് സി ജോസഫിനെ കോഫേപോസ ഉപദേശക സമിതി മുമ്പാകെ ഹാജരാക്കി. കരുതല്‍ തടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന അലക്സിന്റെ അപേക്ഷയെത്തുടര്‍ന്നാണ് ഉപദേശക സമിതിയുടെ പ്രത്യേക സിറ്റിങ് തിരുവനന്തപുരത്ത് നടത്തിയത്. ജസ്റ്റിസ് ജി എസ് സിസ്താനി അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസുമാരായ വാല്‍മീകി ജെ മേത്ത, എം എല്‍ മേത്ത എന്നിവരാണ് അംഗങ്ങള്‍ . കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഓഫീസിലായിരുന്നു സിറ്റിങ്. അലക്സിനെ കരുതല്‍ തടങ്കലില്‍നിന്ന് മോചിപ്പിക്കാതിരിക്കുന്നതിനുള്ള രേഖകള്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ ഹാജരാക്കി. അനധികൃതമായി വിദേശ നിര്‍മിത കാര്‍ കടത്തിയതിന്റെ രേഖകള്‍ , അലക്സ് ഉപയോഗിച്ചിരുന്ന നാല് പാസ്പോര്‍ട്ട്, ഇയാളുടെ വിദേശ ബന്ധങ്ങള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് ഹാജരാക്കിയത്.

താന്‍ നിരപരാധിയാണെന്നും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും അലക്സ് ബോധിപ്പിച്ചു. മുന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വികാസ് സിങ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ അഭിഭാഷകരാണ് അലക്സിനുവേണ്ടി ഹാജരായത്. ഉപദേശക സമിതിയുടെ ഉത്തരവ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഉണ്ടാകും. അലക്സിനെ മോചിപ്പിക്കാന്‍ സമിതി ഉത്തരവിട്ടാലും ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ചും കോയമ്പത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചന കേസിലും അലക്സ് പ്രതിയാണ്.

അതേസമയം, അലക്സില്‍നിന്ന് പിടിച്ചെടുത്ത ഒരു വ്യാജ പാസ്പോര്‍ട്ട് തിരുവല്ല പൊലീസ് തിരികെ കൊടുത്തിട്ടുണ്ട്. ഇയാളുടെ മോചനത്തിന് വഴിയൊരുക്കാന്‍വേണ്ടിയാണ് ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് വ്യാജ പേരിലുള്ള പാസ്പോര്‍ട്ട് പൊലീസ് തിരികെ കൊടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് അലക്സ് വിദേശയാത്ര നടത്തിയത്. ഇത് ഹാജരാക്കാനും പൊലീസ് തയ്യാറായില്ല. താന്‍ വിദേശത്ത് പോയിട്ടില്ലെന്നും ഉണ്ടെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് അലക്സ് ഉപദേശകസമിതി മുമ്പാകെ വാദിച്ചത്. രാവിലെ ഒമ്പതിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ് അലക്സിനെ സമിതി മുമ്പാകെ ഹാജരാക്കിയത്. വാദം പൂര്‍ത്തിയായശേഷം ഇയാളെ പൂജപ്പുര ജയിലിലേക്കുതന്നെ കൊണ്ടുപോയി.

അലക്സിനെ രക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടി: വി എസ്

വിദേശത്തുനിന്ന് വില കൂടിയ കാറുകള്‍ ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി അലക്സ് സി ജോസഫിനു രക്ഷപ്പെടാന്‍ പഴുതൊരുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോഫെപോസ പ്രകാരം റവന്യൂ ഇന്റലിജന്‍സ് പ്രതിചേര്‍ത്ത അലക്സിനെ രക്ഷപ്പെടുത്താന്‍ ഹെക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തു. കള്ളക്കടത്തുകാരനായ അലക്സിന്റെ വ്യാജ പാസ്പോര്‍ട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് തിരിച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്കാകില്ല. കള്ളക്കടത്ത് നടത്താന്‍ അലക്സ് ജോസഫ് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ സഹായവും ഉപയോഗപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. 500 കോടിയുടെ തട്ടിപ്പുനടത്തിയ അലക്സ് ജോസഫിന്റെ പാസ്പോര്‍ട്ട് തിരിച്ചുകൊടുത്തതിലൂടെ പ്രധാനപ്പെട്ട തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് ഗുരുതരമായ ഈ പ്രശ്നത്തില്‍നിന്നു തലയൂരാന്‍ ആഭ്യന്തരവകുപ്പിനു കഴിയില്ല. വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് മുന്നൂറോളം വിദേശയാത്ര നടത്തിയ അലക്സ് ജോസഫ് ഇറക്കുമതി ചെയ്ത കാറുകള്‍ ആര്‍ക്കൊക്കെ കിട്ടിയെന്നും അത് ഇപ്പോള്‍ ആരൊക്കെ ഉപയോഗിക്കുന്നെന്നും അന്വേഷിക്കണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 150112

2 comments:

  1. വിദേശത്തുനിന്ന് വില കൂടിയ കാറുകള്‍ ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി അലക്സ് സി ജോസഫിനു രക്ഷപ്പെടാന്‍ പഴുതൊരുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. കൊച്ചി: കാര്‍കടത്തു കേസിലെ പ്രതി അലക്സ് സി ജോസഫിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്ക് സിഇഒയെ അറിയില്ല. വി എസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete