Sunday, January 15, 2012

ഇറാനെതിരായ യുഎസ് നീക്കം: ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക്

ഇറാന്‍ ആണവപദ്ധതിയുടെ പേരില്‍ ഗള്‍ഫില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍നീക്കം മേഖലയില്‍വീണ്ടും സംഘര്‍ഷത്തിന്റെ കാര്‍മേഘം പരത്തുന്നു. ഇറാനെതിരെയുള്ള എണ്ണ ഉപരോധ പ്രഖ്യാപനത്തിനുപിന്നാലെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തുടങ്ങി. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ പെട്ടെന്നുള്ള സൈനികനടപടി ലക്ഷ്യമിട്ടാണ് ഈ നീക്കം. കുവൈത്തില്‍ 15,000 യുഎസ് സൈനികര്‍ പുതുതായി താവളമുറപ്പിച്ചു. രണ്ടു വിമാനവാഹിനി കപ്പലുകളെയും അതിലെ സൈനികരെയും അറേബ്യന്‍ ഉള്‍ക്കടലില്‍ നിലനിര്‍ത്താനും പെന്റഗണ്‍ തീരുമാനിച്ചു. സൗദി അടക്കം മേഖലയിലെ സഖ്യ രാജ്യങ്ങള്‍ക്ക് അമേരിക്ക സൈനികസാമഗ്രികള്‍ നല്‍കുന്നത് വര്‍ധിപ്പിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടുചെയ്തു.

ഇറാനെ ലക്ഷ്യമിട്ടുള്ള നീക്കം ഗള്‍ഫ് മേഖലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക വ്യാപകമാണ്. ഇറാനെ അമേരിക്കയോ ഇസ്രയേലോ ആക്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയിലാകെ അലയടിച്ചേക്കും. പല പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ സൈനികസാന്നിധ്യം ഉണ്ടെന്നിരിക്കെ ഇവിടങ്ങളും സംഘര്‍ഷത്തിലകപ്പെടുമെന്ന് വ്യക്തമാണ്. ഇറാഖിലെ ഷിയാ ഗ്രൂപ്പുകളും ലബനണിലെ ഹിസ്ബുല്ലയും ഗാസയിലെ ഹമാസും അടങ്ങിയിരിക്കില്ലെന്നുറപ്പാണ്. അമേരിക്കന്‍ അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനമായ ബഹ്റൈനില്‍ ഭൂരിപക്ഷ ഷിയാ വിഭാഗത്തിന്റെ സംഘടനകള്‍ 11 മാസമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിലുമാണ്. ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പല പശ്ചിമേഷ്യന്‍രാജ്യങ്ങളും അടിയന്തര സാഹചര്യം നേരിടുന്നത് പരിശോധിച്ചുവരികയാണ്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കനത്ത ആഘാതമാകും. ലോകത്തെ 40 ശതമാനം എണ്ണ നീക്കവും ഇതുവഴിയാണ്. സൗദി, യുഎഇ, ഖത്തര്‍ , കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കാണ് വലിയ പ്രതിസന്ധി. രണ്ടാം സാമ്പത്തികമാന്ദ്യത്തില്‍നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍വീണ്ടും തകരും.
(അനസ് യാസിന്‍)

deshabhimani 150112

1 comment:

  1. ഇറാന്‍ ആണവപദ്ധതിയുടെ പേരില്‍ ഗള്‍ഫില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍നീക്കം മേഖലയില്‍വീണ്ടും സംഘര്‍ഷത്തിന്റെ കാര്‍മേഘം പരത്തുന്നു. ഇറാനെതിരെയുള്ള എണ്ണ ഉപരോധ പ്രഖ്യാപനത്തിനുപിന്നാലെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തുടങ്ങി. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ പെട്ടെന്നുള്ള സൈനികനടപടി ലക്ഷ്യമിട്ടാണ് ഈ നീക്കം. കുവൈത്തില്‍ 15,000 യുഎസ് സൈനികര്‍ പുതുതായി താവളമുറപ്പിച്ചു. രണ്ടു വിമാനവാഹിനി കപ്പലുകളെയും അതിലെ സൈനികരെയും അറേബ്യന്‍ ഉള്‍ക്കടലില്‍ നിലനിര്‍ത്താനും പെന്റഗണ്‍ തീരുമാനിച്ചു. സൗദി അടക്കം മേഖലയിലെ സഖ്യ രാജ്യങ്ങള്‍ക്ക് അമേരിക്ക സൈനികസാമഗ്രികള്‍ നല്‍കുന്നത് വര്‍ധിപ്പിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടുചെയ്തു.

    ReplyDelete