Wednesday, January 11, 2012

നിയമന നിരോധനം ധൂര്‍ത്തും വികല ധനനയവും മറയ്ക്കാന്‍

നിയമന നിരോധനത്തിനും തസ്തിക വെട്ടിക്കുറയ്ക്കാനുമുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും വികലധനനയവും മറച്ചുവയ്ക്കാന്‍ . നികുതിവരുമാനം വര്‍ധിക്കുകയാണെങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സര്‍ക്കാരും ധനമന്ത്രിയും പറയുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച ധനമാനേജ്മെന്റിലൂടെ ഒരു ദിവസംപോലും ട്രഷറി പൂട്ടാതെ സാമ്പത്തികനില ഭദ്രമാക്കി നിലനിര്‍ത്തി. എന്നാല്‍ ,യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ സാമ്പത്തിക പ്രതിസന്ധിയെന്നു മുറവിളി തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ശാസ്ത്രീയമായ നികുതിപിരിവിലൂടെ നികുതി വരുമാനത്തില്‍ 19 ശതമാനംവരെ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാരിന്റെ ധനമാനേജ്മെന്റിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം പദ്ധതിയിതര ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. ഇതുമൂലം 13-ാം ധനകമീഷന്റെ ശുപാര്‍ശപ്രകാരമുള്ള കേന്ദ്ര ധനസഹായം കേരളത്തിന് നിഷേധിക്കപ്പെടാന്‍ ഇടവരുമെന്നുംധനവകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായാണ് നിയമന നിരോധനം ഏര്‍പ്പെടുത്തിയും തസ്തിക ഇല്ലാതാക്കിയും ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

2001ല്‍ 11-ാം ധനകമീഷന്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് 13-ാം ധനകമീഷനും സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പദ്ധതിയിതര ചെലവ് കൂടുതലാണെന്നായിരുന്നു 11-ാം ധന കമീഷന്‍ അഭിപ്രായപ്പെട്ടത്. ശമ്പളത്തിനും പെന്‍ഷനുമടക്കം വന്‍തുക വിനിയോഗിക്കുന്നു. ജീവനക്കാരേക്കാള്‍ പെന്‍ഷന്‍കാരുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ധനകമീഷന്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ പാടില്ല. സമയബന്ധിതമായുള്ള ശമ്പളപരിഷ്കരണവും ക്ഷാമബത്ത വിതരണവുമൊക്കെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതംഗീകരിച്ച 2001ല്‍ എ കെ ആന്റണിസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. തുടര്‍ന്ന് 80,000 തസ്തിക അധികമാണെന്ന് സ്വയം പ്രഖ്യാപിച്ച് തസ്തിക ഇല്ലാതാക്കല്‍ നടപടികളും ആരംഭിച്ചു. ഇതേ നയമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരും സ്വീകരിക്കുന്നത്.

അധിക തസ്തിക കണ്ടെത്താന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചതും ഭരണപരമായ നടപടിക്രമം പാലിച്ചല്ല. തസ്തിക സൃഷ്ടിക്കാനും ഇല്ലാതാക്കാനും സംസ്ഥാന സര്‍ക്കാരിന് വര്‍ക്ക് സ്റ്റഡി ടീമുണ്ട്. ഈ ടീം ഇതു സംബന്ധിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. പകരം ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ സമിതിയെ അധികമുള്ള തസ്തികകള്‍ കണ്ടെത്താന്‍ നിയോഗിച്ചു. തസ്തിക ഇല്ലാതാക്കലല്ല, പുനര്‍വിന്യാസമാണ് ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ , അധികമെന്ന് കണ്ടെത്തുന്ന തസ്തികകള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍കൂടിയാണ് സമിതിയെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍ , സഹകരണ വകുപ്പുകളെയാണ് സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിടുന്നത്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളിലെ ഫിനാന്‍സ് ഓഫീസര്‍മാരുടെയും യോഗത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിന്റെ സൂചന നല്‍കിയിരുന്നു. ഈ രണ്ട് വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അനാവശ്യ തസ്തികയുള്ളതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞത്.
(ജി രാജേഷ്കുമാര്‍)

deshabhimani 110112

1 comment:

  1. നിയമന നിരോധനത്തിനും തസ്തിക വെട്ടിക്കുറയ്ക്കാനുമുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും വികലധനനയവും മറച്ചുവയ്ക്കാന്‍ . നികുതിവരുമാനം വര്‍ധിക്കുകയാണെങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സര്‍ക്കാരും ധനമന്ത്രിയും പറയുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച ധനമാനേജ്മെന്റിലൂടെ ഒരു ദിവസംപോലും ട്രഷറി പൂട്ടാതെ സാമ്പത്തികനില ഭദ്രമാക്കി നിലനിര്‍ത്തി. എന്നാല്‍ ,യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ സാമ്പത്തിക പ്രതിസന്ധിയെന്നു മുറവിളി തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ശാസ്ത്രീയമായ നികുതിപിരിവിലൂടെ നികുതി വരുമാനത്തില്‍ 19 ശതമാനംവരെ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാരിന്റെ ധനമാനേജ്മെന്റിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം പദ്ധതിയിതര ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. ഇതുമൂലം 13-ാം ധനകമീഷന്റെ ശുപാര്‍ശപ്രകാരമുള്ള കേന്ദ്ര ധനസഹായം കേരളത്തിന് നിഷേധിക്കപ്പെടാന്‍ ഇടവരുമെന്നുംധനവകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായാണ് നിയമന നിരോധനം ഏര്‍പ്പെടുത്തിയും തസ്തിക ഇല്ലാതാക്കിയും ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

    ReplyDelete