Sunday, January 15, 2012

ചെമ്പടയ്ക്കൊപ്പം ഇന്ന് പതിനായിരങ്ങള്‍


പയ്യന്നൂര്‍ : സമരേതിഹാസങ്ങളുടെ സംഗമഭൂവില്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ സംഘടനാ ശക്തിയും ബഹുജന സ്വാധീനത്തിന്റെ വൈപുല്യവും ഉദ്ഘോഷിച്ച് ഞായറാഴ്ച പതിനായിരങ്ങള്‍ പടയണി തീര്‍ക്കും. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനം പയ്യന്നൂരിനെ ചുവപ്പിന്റെ സാഗരമാക്കും. ചരിത്രം കുറിക്കുന്ന സമ്മേളന സമാപനത്തിന്റെ അവസാന തയ്യാറെടുപ്പിലാണ് സാമ്രാജ്യത്വത്തെയും ജന്മിനാടുവാഴിത്തത്തെയും മുട്ടുകുത്തിച്ചവരുടെ പിന്മുറക്കാര്‍ . പട്ടണത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് പയ്യന്നൂര്‍ , പെരിങ്ങോം, മാടായി ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരും അനുഭാവികളും മാത്രമേ റാലിയില്‍ അണിനിരക്കുന്നുള്ളൂ. 15,000 ചുവപ്പ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പകല്‍ മൂന്നിന് പെരുമ്പ കേന്ദ്രീകരിച്ച് ആരംഭിക്കും. ആറു കേന്ദ്രത്തില്‍നിന്നാണ് ബഹുജന പ്രകടനം.

പയ്യന്നൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ടി ഗോവിന്ദന്‍ നഗറില്‍ സമാപന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ എന്നിവര്‍ സംസാരിക്കും. പ്രതിനിധി സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ശനിയാഴ്ച വൈകിട്ടോടെ പൂര്‍ത്തിയായി. 55 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഞായറാഴ്ച പ്രതിനിധി സമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ശനിയാഴ്ച വൈകിട്ട് ഗാന്ധി പാര്‍ക്കിലെ എ വി നഗറില്‍ മാധ്യമ സെമിനാര്‍ കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം

പയ്യന്നൂര്‍ : യുഡിഎഫ് സര്‍ക്കാര്‍ അനാസ്ഥ കൈവെടിഞ്ഞ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ ആശങ്കയിലാണ്. മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തുകയും 782 ഏക്കര്‍ ഭൂമി ന്യായമായ പ്രതിഫലം നല്‍കി ഏറ്റെടുക്കുകയും ചെയ്യക, കിന്‍ഫ്രയുടെ കൈവശമുള്ള ഭഭൂമി ഉടന്‍ കിയാലിന് കൈമാറുക, ജനങ്ങളുടെ ഓഹരി അപേക്ഷകളില്‍ കാലവിളംബമില്ലാതെ തീരുമാനമെടുക്കുക, കണ്ണൂര്‍ -മട്ടന്നൂര്‍ ഗ്രീന്‍ഫീല്‍ഡ് റോഡ് അടക്കം വിമാനത്താവള അനുബന്ധ റോഡുകളുടെ നിര്‍മാണം ആരംഭിക്കുക, കണ്ണൂര്‍ -മട്ടന്നൂര്‍ റയില്‍വേ ലൈന്‍ യാഥാര്‍ഥ്യമാക്കുക, പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുക, വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിച്ചു.

വി പി സിങ് പ്രധാനമന്ത്രിയും ഇ കെ നായനാര്‍ മുഖ്യമന്ത്രിയുമായ ഘട്ടത്തിലാണ് 1996 ല്‍ വിമാനത്താവളത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചത്. മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ രണ്ട് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് സര്‍ക്കാര്‍ വിമാനത്താവളത്തിന് ഒരു പ്രവര്‍ത്തനവും നടത്തിയില്ല. തുടര്‍ന്ന് വന്ന എല്‍ ഡിഎഫ് സര്‍ക്കാര്‍ ലിമിറ്റ്സ് (കിയാല്‍) എന്ന കമ്പനി രൂപീകരിച്ച് നടപടി ത്വരിതപ്പെടുത്തി. ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റി ഭൂമി ഏറ്റെടുക്കല്‍ നടപടിയും വേഗത്തിലാക്കി. ഭൂമിയും വീടും വിട്ടുകൊടുക്കേണ്ടി വന്നവര്‍ക്ക് അത്യാകര്‍ഷക പാക്കേജ് പ്രഖ്യാപിച്ചു. മട്ടന്നൂരിലും തിരുവനന്തപുരത്തും കിയാലിന്റെ ഓഫീസ് തുറന്നു. 1082 ഏക്കര്‍ ഭൂമികൂടി അക്വയര്‍ ചെയ്തു. 2010 ഡിസമ്പര്‍ 17 ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശിലയിട്ടു. വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിന് 782 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സ്തംഭിച്ചു. ഓഹരി അനുവദിക്കുന്നതിലും ഭൂമി കൈമാറുന്നതിലും കടുത്ത അലംഭാവമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയായി നിശ്ചയിച്ച പരിചയസമ്പന്നരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഒഴിവാക്കി കൊച്ചി അന്താരാഷ്ട്ര വിമാന കമ്പനിയെ ചുമതല ഏല്‍പ്പിച്ചതും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. എം സുരേന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു.

ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം

പയ്യന്നൂര്‍ : ആദിവാസി മേഖലയിലെ ഭൂവിതരണ,പുനരധിവാസ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശപ്പെട്ടു. ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ കാലത്താരംഭിച്ച നടപടികള്‍ തുടരണം. ഓരോ ആദിവാസി കുടുംബത്തിനും ഒരേക്കറില്‍ കുറയാത്ത ഭൂമി ലഭ്യമാക്കും എന്ന നിയമം പൂര്‍ണമായി നടപ്പായില്ല. ബാക്കിയുള്ളവര്‍ക്ക് ഭൂമിയും പുനരധിവാസവും ലഭ്യമാക്കണം. ആറളം ഫാമിലെ പുനരധിവാസ ഭവനനിര്‍മാണപദ്ധതിയില്‍ ഗതാഗതസൗകര്യം, വെള്ളം, വെളിച്ചം എന്നിവ എല്ലാ പ്ലോട്ടിലും എത്തിയില്ല. വയനാട് ജില്ലയിലെ 460 കുടുംബത്തിന് ഫാമില്‍ ഭൂമി നല്‍കിയത് പുനരധിവാസ ലക്ഷ്യം അട്ടിമറിക്കുന്നതാണ്. ആലക്കോട് ഭൂമി ലഭിച്ചവര്‍ക്ക് ഭഭവനനിര്‍മാണപദ്ധതി തയ്യാറാക്കിയിട്ടുമില്ല.

പകര്‍ച്ചവ്യാധിയും പട്ടിണിജന്യരോഗങ്ങളും കൊണ്ട് ദുരിതമനുഭവിക്കുന്ന ഈ ജനവിഭാഗത്തിന് മുന്‍സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചികിത്സാ സൗകര്യവും നിഷേധിച്ചു. കോളനികളിലേക്ക് ഏര്‍പ്പെടുത്തിയ മൊബൈല്‍ ഡിസ്പെന്‍സറി സൗകര്യവും നിലച്ചു. പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സാസൗകര്യം എടുത്തുകളഞ്ഞു. പുളിങ്ങോം, ചെറുപുഴ, പെരിങ്ങോം എന്നിവിടങ്ങളില്‍നിന്ന് എസ്ടി പ്രമോട്ടര്‍മാരും ആദിവാസികളും ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെടാന്‍ ഇരിട്ടിയിലെത്തണം. ആലക്കോട് ട്രൈബല്‍ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കണം. മക്കളുടെ പേരില്‍ ഭൂമി കൈമാറ്റം നടത്താന്‍ അനുവദിക്കാത്തതും സ്വന്തം ആവശ്യത്തിന് മരം മുറിക്കുന്നത് തടയുന്നതും അവസാനിപ്പിക്കണം.ആറളം ഫാമിലും വനാതിര്‍ത്തിയിലുമുള്ള കുടുംബങ്ങള്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തില്‍ പറഞ്ഞു. എന്‍ ചന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു.

സ്ത്രീ പീഡനം തടയാന്‍ ഫലപ്രദ നടപടി വേണം

പയ്യന്നൂര്‍ : സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടാത്തവിധം കര്‍ശനനടപടി സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യാത്രയ്ക്കിടയിലും തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും മദ്രസകളിലും അനാഥാലയങ്ങളിലും വീടുകളില്‍തന്നെയും സ്ത്രീകളും കുട്ടികളും അതിക്രമത്തിന് ഇരയാകുന്നു. പണത്തിന് പെണ്‍കുട്ടികളെ വില്‍ക്കുന്നതിന് കുടുംബാംഗങ്ങള്‍പോലും കൂട്ടുനില്‍ക്കുന്നു. സ്ത്രീകളില്‍ 60 ശതമാനത്തില്‍ ഏറെപ്പേരും ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നു. ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ട സൗമ്യയുടെ മരണം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. മാവേലിക്കരയിലെ സ്മിതയും ജോലി കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയ യുവാവിനെ തേടിയെത്തിയ ബംഗാളി പെണ്‍കുട്ടി ഇരിട്ടിക്കടുത്തു വച്ച് ലോറി ഡ്രൈവറുടെയും സംഘത്തിന്റെയും ആക്രമണത്തിന് വിധേയയായി. പെണ്‍കുട്ടിയെ വിവസ്ത്രയായി റോഡില്‍ ഇറക്കി വിട്ടു. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും കുട്ടികളെപ്പോലും വഴിതെറ്റിക്കുന്നു. വര്‍ധിച്ചുവരുന്ന മദ്യപാനവും സ്ത്രീ പീഡനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് സ്ത്രീപീഡനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കഴിഞ്ഞു. സൗമ്യ കേസിന്റെ അന്വേഷണം തൃപ്തികരമായി നടന്നതുകൊണ്ടാണ് പ്രതി ശിക്ഷിക്കപ്പെടാന്‍ ഇടയായത്. പട്ടാന്നൂര്‍ പീഡനക്കേസിലെ 12 പ്രതികളെയും 24 മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്യുക മാത്രമല്ല, കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച് പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് തടയുകയും ചെയ്തു. എന്നാല്‍ പറവൂര്‍ , കോതമംഗലം, വൈപ്പിന്‍ കേസുകളില്‍ ഇതേവരെ പ്രതികളെ മുഴുവന്‍ പിടികൂടിയിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കും.

മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഐസ്ക്രീം പാര്‍ലര്‍ , കിളിരൂര്‍ , സൂര്യനെല്ലി പോലുള്ള കേസുകള്‍ ദുര്‍ബലമാക്കിയത് അന്വേഷണത്തിലെ പിഴകളായിരുന്നു. തളിപ്പറമ്പില്‍ ഒരു വീട്ടമ്മയെ തലയില്‍ മണ്ണെണ്ണയൊഴിച്ച് തീവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. സ്ത്രീ സുരക്ഷക്ക് ഇപ്പോഴത്തെ ഗവണ്‍മെന്റ് നടപ്പാക്കുമെന്ന് പറയുന്ന നിര്‍ഭയ ;പദ്ധതി എന്‍ജിഒകളെ എല്‍പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകളിലൊന്നും മഹിളാസംഘടനാ പ്രതിനിധികളെ വിളിച്ചിട്ടില്ല. വന്‍തുക പ്രതിഫലം കൊടുത്ത് എന്‍ജിഒകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ കേരളീയ സമൂഹത്തിന് ചേര്‍ന്നതല്ല. ഫലപ്രദവുമാവില്ല- എം വി സരള അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കും: പി ജയരാജന്‍

പയ്യന്നൂര്‍ : പൊതുവായ മുന്നേറ്റമുണ്ടെങ്കിലും ജില്ലയിലെ എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും ജനസംഖ്യക്ക് അനുസൃതമായ സ്വാധീനം നേടാന്‍ സിപിഐ എമ്മിന് സാധിച്ചിട്ടില്ലെന്ന് ജില്ലാസമ്മേളനം വിലയിരുത്തിയതായി ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാവിഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കുകയെന്നത് അടിയന്തര കടമയായി പാര്‍ടി കാണുന്നു. രണ്ടാംദിവസത്തെ സമ്മേളന നടപടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറെ നേട്ടങ്ങളും പരിഹരിക്കപ്പെടേണ്ട കോട്ടങ്ങളും ഉണ്ട്. പാര്‍ടി അംഗത്വം പൊതുവില്‍ വര്‍ധിക്കുമ്പോഴും വനിതാ പ്രാതിനിധ്യത്തില്‍ അര്‍ഹമായ വര്‍ധന ഉണ്ടാകുന്നില്ല. ജനസംഖ്യയില്‍ പകുതി വരുന്നവരാണ് വനിതകള്‍ . എന്നാല്‍ വനിതകളുടെ പാര്‍ടി അംഗത്വം 8633 മാത്രമാണ്. കര്‍ഷകത്തൊഴിലാളികളുടെ പാര്‍ടി അംഗത്വത്തില്‍ 36.09 ശതമാനം വര്‍ധനയുണ്ട്. ദരിദ്രകൃഷിക്കാരുടെ അംഗത്വത്തിലെ വര്‍ധന 6.14 ശതമാനമാണ്. ഇടത്തരം കൃഷിക്കാര്‍ 5.82 ശതമാനം കൂടി. മുസ്ലിം ജനവിഭാഗം ജനസംഖ്യയുടെ 26.35 ഉള്ളപ്പോള്‍ പാര്‍ടിയില്‍ 3.7 ശതമാനമേയുള്ളൂ- 1672 പേര്‍ . ക്രിസ്ത്യന്‍ വിഭാഗം 10.33 ശതമാനം ഉള്ളപ്പോള്‍ പാര്‍ടിയില്‍ 4.58 ശതമാനം മാത്രം- 1990 പേര്‍ . പട്ടികവര്‍ഗത്തില്‍ നിന്നുള്ള പാര്‍ടി അംഗസംഖ്യ മെച്ചപ്പെട്ടിട്ടുണ്ട്. 1.6 ശതമാനം (696 പേര്‍). മത ന്യൂനപക്ഷങ്ങളിലും മറ്റുമുള്ള പാര്‍ടി അംഗത്വം മെച്ചപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. അംഗങ്ങളില്‍ 18 പേര്‍ മാത്രമാണ് 1947ന് മുമ്പ് പാര്‍ടിയില്‍ ചേര്‍ന്നവര്‍ . 1304 പേര്‍ അടിയന്തരാവസ്ഥക്ക് മുമ്പുള്ളവര്‍ . ബാക്കി 95.88 ശതമാനം പേരും 1977ന് ശേഷം പാര്‍ടിയില്‍ ചേര്‍ന്നവരാണ്.

പാര്‍ടി പ്രവര്‍ത്തകരില്‍നിന്ന് ജനങ്ങള്‍ക്ക് ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമ്മേളനം തീരുമാനമെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. എം വി ജയരാജന്‍ , സി കൃഷ്ണന്‍ , എം സുരേന്ദ്രന്‍ , ടി ഐ മധുസൂദനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളന സ്മരണിക "കമ്യൂണിസ്റ്റ്" പ്രകാശനം ചെയ്തു

പയ്യന്നൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീര്‍ "കമ്യൂണിസ്റ്റ്" പ്രകാശനം ചെയ്തു. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള പാര്‍ടി നേതാക്കളുടെ ലേഖനങ്ങള്‍ , കമ്യൂണിസ്റ്റ്-കര്‍ഷ പോരാട്ടങ്ങളുടെ ചരിത്രം, ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന അനുബന്ധപരിപാടികളുടെ സമഗ്രവിവരണവും അപൂര്‍വഫോട്ടോകളുമടങ്ങുന്നതാണ് സ്മരണിക.
ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ടി ഐ മധുസൂദനന്‍ അധ്യക്ഷനായി. ജി ഡി നായര്‍ , പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സ്മരണികയുടെ കവര്‍ തയ്യാറാക്കിയ അഭിലാഷ്, നര്‍ത്തകരായ എന്‍ വി കൃഷ്ണന്‍ , കലാമണ്ഡലം ലത, സീതാ ശശിധരന്‍ , ശില്‍പ്പി സുരേന്ദ്രന്‍ കൂക്കാനം, കൈരളിചാനലിലെ മാമ്പഴം പരിപാടിയില്‍ കവിത അവതരിപ്പിച്ച വെങ്ങരയിലെ ആതിരാ മോഹനന്‍ എന്നിവര്‍ക്ക് പി കരുണാകരന്‍ എംപി ഉപഹാരം നല്‍കി. കെ യു രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജി ഡി നായര്‍ , വി കുഞ്ഞികൃഷ്ണന്‍ , പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സ്മരണിക തയ്യാറാക്കിയത്.

deshabhimani 150112

2 comments:

  1. സമരേതിഹാസങ്ങളുടെ സംഗമഭൂവില്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ സംഘടനാ ശക്തിയും ബഹുജന സ്വാധീനത്തിന്റെ വൈപുല്യവും ഉദ്ഘോഷിച്ച് ഞായറാഴ്ച പതിനായിരങ്ങള്‍ പടയണി തീര്‍ക്കും. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനം പയ്യന്നൂരിനെ ചുവപ്പിന്റെ സാഗരമാക്കും. ചരിത്രം കുറിക്കുന്ന സമ്മേളന സമാപനത്തിന്റെ അവസാന തയ്യാറെടുപ്പിലാണ് സാമ്രാജ്യത്വത്തെയും ജന്മിനാടുവാഴിത്തത്തെയും മുട്ടുകുത്തിച്ചവരുടെ പിന്മുറക്കാര്‍ . പട്ടണത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് പയ്യന്നൂര്‍ , പെരിങ്ങോം, മാടായി ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരും അനുഭാവികളും മാത്രമേ റാലിയില്‍ അണിനിരക്കുന്നുള്ളൂ. 15,000 ചുവപ്പ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പകല്‍ മൂന്നിന് പെരുമ്പ കേന്ദ്രീകരിച്ച് ആരംഭിക്കും. ആറു കേന്ദ്രത്തില്‍നിന്നാണ് ബഹുജന പ്രകടനം.

    ReplyDelete
  2. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ ജില്ലാകമ്മറ്റിയെയും 54 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. കമ്മറ്റിയില്‍ ആറ് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചു. എ എന്‍ ഷംസീര്‍ , വി ശിവദാസന്‍ , കെ ലീല, പി വി ഗോപിനാഥ്, പി ബാലന്‍ , ടി വി കൃഷ്ണന്‍ എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍

    ReplyDelete