Sunday, January 15, 2012

കുടുംബശ്രീ തെരഞ്ഞെടുപ്പ് ലീഗ് അട്ടിമറിക്കുന്നു

മഞ്ചേരി: ജില്ലയിലെ കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പ് മുസ്ലിംലീഗ് ഇടപെട്ട് അട്ടിമറിക്കുന്നു. റിട്ടേണിങ് ഓഫീസര്‍മാരെ സ്വാധീനിച്ചും അര്‍ഹര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചും നടത്തുന്ന തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും കുടുംബശ്രീ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് പൂര്‍ണമായി രാഷ്ട്രീയ വല്‍ക്കരിച്ച മുസ്ലിംലീഗ് പഞ്ചായത്ത് നേതൃത്വങ്ങള്‍ സിഡിഎസിലേക്ക് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നത്. ഇതോടെ കുടുംബശ്രീയുടെ ഭാവി പ്രവര്‍ത്തനങ്ങളും അവതാളത്തിലാകാന്‍ സാധ്യത തെളിഞ്ഞിരിക്കയാണ്.

എഡിഎസ് തെരഞ്ഞെടുപ്പാണ് ജില്ലയിലെങ്ങും ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഏഴ് എഡിഎസുമാരെയാണ് തെരഞ്ഞെടുക്കുന്നത്. വാര്‍ഡിലെ ഓരോ കുടുംബശ്രീ യൂണിറ്റില്‍നിന്നും അഞ്ച് പേര്‍ക്ക് വീതം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. ഏഴ് പേരെ ഐകകണ്ഠ്യേനയോ, എട്ടാമതൊരാളുടെ പേര് നിര്‍ദേശിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പുവഴിയോ എഡിഎസിനെ നിശ്ചയിക്കാം. എഡിഎസുമാരില്‍നിന്ന് നാല് പേരുടെ പിന്തുണയോടെ ഒരാള്‍ സിഡിഎസിലെത്തും. ഈ പ്രക്രിയയില്‍ പഞ്ചായത്തുകള്‍ക്ക് ഒരു രീതിയിലും ഇടപെടാന്‍ അവകാശമില്ല. എന്നാല്‍ യുഡിഎഫിന്റെ പഞ്ചായത്തുകളും അംഗങ്ങളും വ്യാപകമായി ഇടപെടുന്നു. കുടുംബശ്രീ യൂണിറ്റ് പ്രതിനിധികളായ അഞ്ചുപേരെ മിക്കയിടത്തും നിശ്ചയിക്കുന്നത് പ്രാദേശിക മുസ്ലിംലീഗ് നേതൃത്വമാണ്. ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ എത്തുന്ന പ്രതിനിധികളില്‍ അധികവും ഒരു പ്രവര്‍ത്തന പരിചയവുമില്ലാത്തവരാണ്. മികച്ച പ്രവര്‍ത്തകര്‍ക്ക് ഇതോടെ വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു.

കുടുംബശ്രീ ജില്ലാ മിഷന്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിശ്ചയിച്ചതിലും ലീഗ് നേതൃത്വം ഇടപെട്ടിരുന്നു. റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പിനെത്തുന്നത് പലയിടത്തും ലീഗ് വാര്‍ഡ് മെമ്പര്‍മാര്‍ക്കൊപ്പമാണ്. തെരഞ്ഞെടുപ്പിന്റെ മിനുട്സ് ബുക്ക്പോലും മെമ്പറെ കാട്ടി ബോധ്യപ്പെടുത്തിയ ശേഷമാണ് റിട്ടേണിങ് ഓഫീസര്‍ ഒപ്പുവയ്ക്കുന്നത്. കുഴിമണ്ണ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ റിട്ടേണിങ് ഓഫീസര്‍ ഒപ്പവയ്ക്കാത്തതിനെ തുടര്‍ന്ന് പ്രക്രിയ പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട എഡിഎസുമാരില്‍ ഇടതുപക്ഷ അനുഭാവിയായ സിഡിഎസിലേക്ക് തെരഞ്ഞെടുക്കപ്പെടുമായിരുന്നു. ഇതറിഞ്ഞാണ് പഞ്ചായത്തംഗത്തോടൊപ്പം ചേര്‍ന്ന് ആര്‍ഒ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തത്. ഇത്തരത്തില്‍ എഡിഎസില്‍ "ലീഗ് ഭൂരിപക്ഷ"മില്ലെങ്കില്‍ ഒപ്പുവയ്ക്കാതിരിക്കുകയും ആ കാരണത്താല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്യുകയെന്ന കുതന്ത്രമാണ് ലീഗ് പയറ്റുന്നത്. കാവനൂര്‍ , കരുളായി, വഴിക്കടവ് തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു.

ഇതിനിടെ ചില വാര്‍ഡുകളില്‍ ആര്‍ഒമാര്‍ ലീഗ് അനുകൂലികളെ "ഐകകണ്ഠ്യേന" തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയുംപേര് എഴുതിച്ചേര്‍ക്കുകയുംചെയ്യുന്നു. ആരെങ്കിലും മത്സരിക്കാന്‍ തയ്യാറായാല്‍ "ഏഴുപേരായി.. ഇനി പറ്റില്ല" എന്നു പറഞ്ഞ് ഒഴിവാക്കുന്നു. പേര് നിര്‍ദേശിക്കപ്പെടുന്ന എല്ലാവര്‍ക്കും മത്സരിക്കാമെന്നാണ് ചട്ടം. ഇതാണ് ആര്‍ഒമാര്‍ കാറ്റില്‍ പറത്തുന്നത്. തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനിക്കാന്‍ ആര്‍ഒമാര്‍ക്ക് അധികാരമില്ല. ഏഴ് എഡിഎസുമാരില്‍ കുറഞ്ഞത് നാല് പേര്‍ ബിപിഎല്‍ വിഭാഗത്തില്‍നിന്നാകണമെന്നാണ് ചട്ടം. എസ്സി പ്രാതിനിധ്യവും ഉണ്ടാവണം. ഇവയൊന്നുമില്ലാതെ നിരവധി വാര്‍ഡുകളില്‍ എഡിഎസുമാരെ ചട്ടവിരുദ്ധമായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ അന്യ യൂണിറ്റില്‍നിന്ന് ആളെ പങ്കെടുപ്പിച്ചും എഡിഎസ് പിടിച്ചടക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഇടപെടലിനും ഭീഷണിക്കുമെതിരെ നിരവധി പരാതികള്‍ കലക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് കലക്ടറും ജില്ലാ മിഷന്‍ ഓഫീസറും ചര്‍ച്ച നടത്തിയിരുന്നു. 19ന് നടക്കുന്ന സിഡിഎസ് തെരഞ്ഞെടുപ്പില്‍ പരമാവധി "ലീഗ് പ്രാതിനിധ്യം" ഉറപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

എഡിഎസിന്റെ വീട്ടില്‍ രാത്രി പൊലീസ് റെയ്ഡിന് ശ്രമം

മഞ്ചേരി: കുഴിമണ്ണ പഞ്ചായത്തില്‍ എഡിഎസിന്റെ വീട്ടില്‍ രാത്രി വനിതാ പൊലീസില്ലാതെ റെയ്ഡിന് ശ്രമം. 11-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസായ പഴേരി സുനീറയുടെ വീട്ടിലാണ് കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സന്ദര്‍ഭത്തെ തുടര്‍ന്ന് കെണ്ടോട്ടി എസ്ഐയും സംഘവും റെയ്ഡിനെത്തിയത്. വീട്ടില്‍ ആളില്ലാത്തതിനെത്തുടര്‍ന്ന് പൊലീസ് തിരികെപോയി. വാര്‍ഡിലെ കുടുംബശ്രീ എഡിഎസ് പുനര്‍ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടത്താനിരുന്നതാണ്. ഇത് സുനീറ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിയെന്ന രേഖയുണ്ടാക്കി ഇഷ്ടക്കാരെ എഡിഎസുമാരാക്കാനായിരുന്നു പഞ്ചായത്ത് മുസ്ലിംലീഗ് നേതൃത്വത്തിന്റെ പദ്ധതി. തെരഞ്ഞെടുപ്പിന്റെ മിനുട്സ് ബുക്ക് സുനീറ കൈക്കലാക്കിയെന്ന വ്യാജ പരാതി നല്‍കി രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് സുനീറയുടെ വീട് റെയ്ഡ് ചെയ്യിക്കുകയായിരുന്നു. രാത്രി വനിതാ പൊലീസ് പോലുമില്ലാതെയാണ് ആറ് പൊലീസകാര്‍ സുനീറയുടെ വീട്ടിലെത്തിയത്.

ജില്ലയിലെ എഡിഎസുകള്‍ പിടിച്ചടക്കാന്‍ മുസ്ലിംലീഗ് പയറ്റുന്ന നിരവധി അടവുകളുടെ ഭാഗമായിരുന്നു ശനിയാഴ്ച രാത്രി പൊലീസുമായി ഒത്തുകളിച്ച് നടത്തിയ റെയ്ഡ് ശ്രമം. 11-ാം വാര്‍ഡില്‍ നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് അകാരണമായി റദ്ദുചെയ്തതിനെതിരെ അംഗങ്ങള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വരാന്‍ കാത്തുനില്‍ക്കാതെ ധൃതിപിടിച്ച് പുനര്‍തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചപ്പേഴാണ് അംഗങ്ങള്‍ ബഹിഷ്കരിച്ചത്. പദ്ധതി പാളിയപ്പോള്‍ സിഡിഎസിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള സുനീറയെ വ്യക്തിപരമായി അവഹേളിക്കാന്‍കൂടി ഉദ്ദേശിച്ചായിരുന്നു ലീഗ് സ്പോണ്‍സര്‍ ചെയ്ത റെയ്ഡ് നാടകം. ലീഗിന്റെ താളത്തിനുതുള്ളാത്ത സുനീറയെ പുറത്താക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയുടെയും ലീഗ് നേതൃത്വത്തിന്റെയും ലക്ഷ്യം.

എഡിഎസ് തെരഞ്ഞെടുപ്പ്: പഞ്ചായത്തിനും കലക്ടര്‍ക്കും നോട്ടീസ്

പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ അനധികൃതമായി എഡിഎസ് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സിഡിഎസ് ചെയര്‍പേഴ്സണ്‍ മേരി ഗ്രേസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ കലക്ടര്‍ക്കും പഞ്ചായത്തിനും നോട്ടീസ്. 18നകം പരാതി പരിഹരിച്ച് എഡിഎസ് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സിഡിഎസ് ചെയര്‍പേഴ്സണ്‍ മേരി ഗ്രേസ് മത്സരിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വവും പഞ്ചായത്ത് ഭരണസമിതിയും ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് മേരി ഗ്രേസ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. എം ആര്‍ രാജേന്ദ്രന്‍നായര്‍ , അഡ്വ. ജോര്‍ജ് ജോസഫ് എന്നിവര്‍ ഹാജരായി.

കുടുംബശ്രീ തെരഞ്ഞെടുപ്പ്: അട്ടിമറി നീക്കത്തിന് ദയനീയ പരാജയം

ബാലരാമപുരം: നേമം പൊന്നുമംഗലം നഗരസഭാ വാര്‍ഡിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം മൂന്നാം പ്രാവശ്യവും പരാജയപ്പെട്ടു. കഴിഞ്ഞ ആറിനാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 185 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 122 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പഴയ ഭരണസമിതിയെ വീണ്ടും തെരഞ്ഞെടുത്തു.

വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കേ കൗണ്‍സിലര്‍ ബിജെപിയിലെ എം ആര്‍ ഗോപന്റെ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് അസാധുവാക്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസറായ ജില്ലാ ലേബര്‍ ഓഫീസര്‍ സെല്‍വരാജിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പത്തിന് ഒരുക്കം പൂര്‍ത്തിയാക്കിയെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി പ്രഖ്യാപനം വന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നു. പഴയ ഭരണസമിതിതന്നെ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഈ തെരഞ്ഞെടുപ്പും റിട്ടേണിങ് ഓഫീസര്‍ അസാധുവാക്കി. നേമം നഗരസഭാ കല്യാണമണ്ഡപത്തില്‍ വച്ച് 14ന് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഉത്തരവായി.

പകല്‍ രണ്ടോടെ ആരംഭിച്ച തെരഞ്ഞെടുപ്പില്‍ സഫീറാബീഗം (പ്രസിഡന്റ്), ശ്രീദേവിചന്ദ്രന്‍ (വൈസ്പ്രസിഡന്റ്), ലേഖ (സെക്രട്ടറി), ഏലിക്കുട്ടി, ലതകുമാരി (ഇന്റേണല്‍ ഓഡിറ്റര്‍), കമ്മിറ്റി അംഗങ്ങളായി നദീറ, ദീപ, സീതാദേവി എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

deshabhimani 150112

No comments:

Post a Comment