Sunday, January 15, 2012

വിജിലന്‍സ് കേസ്: വെടക്കാക്കി തനിക്കാക്കല്‍

സംസ്ഥാനം ഭരിക്കുന്ന ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ നാടകം അരങ്ങേറുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തല്‍സ്ഥാനം രാജിവെക്കണമെന്നതാണ് ആവശ്യം. വിമുക്തഭടന് കാസര്‍കോട്ട് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനും മറ്റ് ഏഴു പേര്‍ക്കുമെതിരെ കോഴിക്കോട് കോടതിയില്‍ വിജിലന്‍സ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസിനെപ്പറ്റി വിശദമായ അന്വേഷണമോ കുറ്റപത്രം തയ്യാറാക്കലോ സമര്‍പ്പിക്കലോ ഒന്നും ഉണ്ടായിട്ടില്ല. യു ഡി എഫ് സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലിനെ തുടര്‍ന്ന് തിടുക്കത്തില്‍ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ രാജി ആവശ്യവുമായി വന്നിരിക്കുന്ന യു ഡി എഫിന് ഇക്കാര്യത്തില്‍, നടക്കാത്തതെങ്കിലും, കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അഴിമതി സംബന്ധമായ വിജിലന്‍സ് കേസുകളിലും മറ്റിതര കേസുകളിലും പ്രതികളാക്കപ്പെട്ടവരും അന്വേഷണവിധേയരായവരും ഉള്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞതാണ് യു ഡി എഫ് മന്ത്രിസഭ. തങ്ങള്‍ മാത്രമല്ല ഇടതുപക്ഷക്കാരും അഴിമതിക്കാരാണെന്ന് വരുത്തിതീര്‍ത്ത് 'വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രമാണ് യു ഡി എഫ് പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തിന്റെയും ഇന്ത്യയുടെയും സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍ നിഷേധിക്കാനാവാത്ത തിന്മകളില്‍ ഒന്നാം സ്ഥാനത്താണ് അഴിമതിയും സ്വജനപക്ഷപാതവും. ലോകത്ത് ഏറ്റവും അഴിമതിനിറഞ്ഞ രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യ കണക്കാക്കപ്പെടുന്നതെന്നത് ലജ്ജാകരമായ യാഥാര്‍ഥ്യമാണ്. പക്ഷേ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുപോലെ അഴിമതിക്കാരെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് വിലകുറഞ്ഞ സാമാന്യവല്‍ക്കരണവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിന്റെ അനുഭവപാഠങ്ങള്‍ തന്നെയാണ് ഇതിന് ഉത്തമദൃഷ്ടാന്തം. യു ഡി എഫ് എപ്പോഴൊക്കെ ഭരണം കയ്യാളിയിട്ടുണ്ടോ അപ്പോഴൊക്കെ അനിഷേധ്യങ്ങളായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണങ്ങളും വിചാരണകളും കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ഇടവരുത്തിയിട്ടുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുന്‍മന്ത്രി അഴിമതി കേസില്‍ കഠിനതടവിനു ശിക്ഷിക്കപ്പെട്ടതും യു ഡി എഫിന്റെ കണക്കില്‍ തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പാമോലിന്‍ കുംഭകോണത്തില്‍ സംശയത്തിന്റെ നിഴലിലാണെന്നത് വിസ്മരിക്കാനാവില്ല. എന്നാല്‍ എല്‍ ഡി എഫിന്റെ ട്രാക്ക് റിക്കോര്‍ഡ് സംശുദ്ധമാണ്. കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്‍മെന്റിനെതിരെ ഏതെങ്കിലുമൊരു അഴിമതി ആരോപണം ഉത്തരവാദിത്വത്തോടെ ഉന്നയിക്കാനും തെളിയിക്കാനും കണ്ണില്‍ എണ്ണയൊഴിച്ചിരുന്ന അന്നത്തെ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

രാജ്യത്ത് ഉയര്‍ന്നു വന്നിട്ടുളള എല്ലാ അഴിമതി കേസുകളിലും ആരോപണവിധേയരായവര്‍ ഏതാണ്ടെല്ലാം തന്നെ കോണ്‍ഗ്രസ്സിന്റെയും ബി ജെ പിയുടെയും അവരുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെട്ട കക്ഷികളുടെയും നേതാക്കളാണ്. അവരാണ് അധികാര സ്ഥാനങ്ങളില്‍ നിന്നും നേരിട്ട് അഴികള്‍ക്കുള്ളിലേക്കു നടന്നു കയറി വരുന്നത്. ഇത്തരത്തിലുള്ള ദുര്യോഗം ഇടതുപക്ഷ പാര്‍ട്ടിനേതാക്കള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്നത് ജനങ്ങള്‍ തിരിച്ചറിയും.

ഇപ്പോഴത്തെ കേസില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിമുക്തഭടന് അര്‍ഹമായ ഭൂമി കാസര്‍കോട്ട് അനുവദിച്ചത് കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. അത് അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. ഭൂമി അന്യാധീനപ്പെട്ടതിനെ തുടര്‍ന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. ആദ്യം ഭൂമി അനുവദിച്ച് 25 വര്‍ഷം പിന്നിട്ടതിനാല്‍ വില്‍പനാവകാശം നല്‍കണമെന്നു അപേക്ഷ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ആ തീരുമാനം വിവാദമായപ്പോള്‍ അത് റദ്ദാക്കിയിരുന്നു. ഇത്തരമൊരു വിഷയം കുത്തിപ്പൊക്കുന്നതിന് ഗവണ്‍മെന്റും ചില നിക്ഷിപ്ത താല്പര്യങ്ങളും ഓവര്‍ടൈം പ്രവര്‍ത്തിച്ച് തട്ടികൂട്ടിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുതിയ വിവാദത്തിനായി യു ഡി എഫ് നേതാക്കള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുപയോഗിച്ച് ഇടതുപക്ഷത്തേയും അതിന്റെ  നേതാക്കളെയും പ്രതിപക്ഷ നേതാവിനെയും അപകീര്‍ത്തിപ്പെടുത്താനും തങ്ങളുടെ അഴിമതിയുടെ പാപക്കറകള്‍ മറച്ചുപിടിക്കാനുമാണ് ശ്രമം.

വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവരറിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. യു ഡി എഫ് നേതാക്കളുടെ വഴിയല്ല താന്‍ സ്വീകരിക്കുകയെന്നും അവരുടെ മാര്‍ഗ്ഗം പിന്തുടരുകയില്ലെന്നും അദ്ദേഹം അസനിഗ്ദമായി പ്രഖ്യാപിക്കുകയുണ്ടായി. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി പറഞ്ഞിട്ടുപോലും തന്റെ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. മാത്രമല്ല തന്റെ വിശ്വസ്ഥന് വിജിലന്‍സ് വകുപ്പ് കൈമാറി അന്വേഷണത്തെതന്നെ അട്ടിമറിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മന്ത്രിമാരായ അടൂര്‍ പ്രകാശനെതിരെയും മുനീറിനെതിരെയും കേസുകള്‍ നിലവിലുണ്ട്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ പുറത്തിറക്കാന്‍ നടത്തിയ നിയമലംഘനം കോടതിയിലെത്തുകയാണ്. പെണ്‍വാണിഭക്കേസില്‍ നീതിപീഠത്തെ തന്നെ കോഴ നല്‍കി സ്വാധീനിച്ച കേസ് കുഞ്ഞാലിക്കുട്ടിക്കെതിരെ നിലനില്‍ക്കുന്നു. അത്തരമൊരു ഗവണ്‍മെന്റിനും മുന്നണിക്കും തങ്ങള്‍ തന്നെ തട്ടിക്കൂട്ടിയ എഫ് ഐ ആറിന്റെ പേരില്‍ പ്രതിപക്ഷ നേതാവിന്റെ രാജി ആവശ്യപ്പെടാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ല. അതിന്റെ പിന്നിലെ നിക്ഷിപ്ത താല്‍പര്യവും രാഷ്ട്രീയ കുടിലതന്ത്രവും തുറന്നു കാട്ടപ്പെടണം.

janayugom editorial 150112

ഭൂമി കൈമാറ്റാവകാശം ലഭിക്കുന്നതിന് എല്‍ ഡി എഫ് ഭരണകാലത്ത് ഉത്തരവിട്ടിട്ടില്ല: സി ദിവാകരന്‍

വി എസ് അച്യുതാനന്ദന്റെ ബന്ധുവായ വിമുക്ത ഭടന് ഭൂമിയുടെ കൈമാറ്റാവകാശം ലഭിക്കുന്നതിനുള്ള ഒരു ഉത്തരവും എല്‍ ഡി എഫ് ഭരണകാലത്തുണ്ടായിട്ടില്ലെന്ന് സി പി ഐ നിയമസഭ കക്ഷിനേതാവ് സി ദിവാകരന്‍ പറഞ്ഞു. ഫയലുകളിലെ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്ന ഫയല്‍ സാങ്കേതിക പ്രശ്‌നമുള്ളതിനാല്‍ നിയമവകുപ്പിലേക്ക് വിടുകയായിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് അവര്‍ ഈ ഫയല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ എത്തിച്ചു. കമ്മീഷനാകട്ടെ തീരുമാനം പിന്നീട് പറയാമെന്ന നിലപാടാണ് എടുത്തത്.

 ഇത്രയുമായപ്പോള്‍   ഫയല്‍ തിരികെ വിളിപ്പിച്ച അന്നത്തെ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ നിയമ പ്രശ്‌നമുണ്ടെങ്കില്‍  പ്രത്യേക പരിഗണന വേണ്ടെന്നാണ്  എഴുതിയത്. വസ്തുത ഇതായിരിക്കെ എവിടെയുമെത്താത്ത അവസ്ഥയിലുള്ള വിഷയം ഉയര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് അന്വേഷണത്തിന് മുന്നിട്ടിറങ്ങിയത്. 1977ല്‍ വിമുക്ത ഭടന് ഭൂമി അനുവദിച്ച കെ കരുണാകരനെക്കൂടി പ്രതി ചേര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും  ചേര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രോസിക്യൂഷന്‍ ജനറല്‍ കെ പി സി സി ഓഫീസിലെത്തി രമേശ് ചെന്നിത്തലയുമായി എന്താണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന ബാലിശമായ ആവശ്യത്തില്‍ പ്രകടമാകുന്നത് ഉമ്മന്‍ചാണ്ടിയുടെ പ്രതികാരദാഹമാണ്.

സ്വജന പക്ഷപാതം കാട്ടുന്നത് ഉമ്മന്‍ചാണ്ടിയാണെന്നുള്ളതിന് തെളിവ് ധാരാളമുണ്ട്. കൊച്ചി മെട്രോയുടെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ട് കോടി പിതൃസഹോദരിയുടെ മകന്‍ ജോലി ചെയ്യുന്ന കൊല്ലത്തെ ആക്‌സിസ് ബാങ്കിലേക്ക് മാറ്റി. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ബാങ്കിലുള്ളത് അകന്ന ബന്ധുവാണെന്ന് പറഞ്ഞ് തലയൂരി. കോണ്‍ഗ്രസ് നേതാക്കളായ ടി എച്ച് മുസ്തഫയും കെ കെ രാമചന്ദ്രന്‍മാസ്റ്ററും ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം കൊണ്ടുവന്നു. പാമോയില്‍ കേസില്‍ ജഡ്ജിയെ ഭീഷണിപ്പെടുത്തി നടപടി അട്ടിമറിച്ചു. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ മിക്കവരും അഴിമതി കേസുകളില്‍ പ്രതികളാണ്.

ബാലകൃഷ്ണപിള്ള ജയില്‍മോചിതനായത് നിയമവിധേയമായിട്ടാണോ എന്നതില്‍ അന്വേഷണം വേണ്ടതാണ്.വിജിലന്‍സിനെ രാഷ്ട്രിയലാഭത്തിനുപയോഗിക്കുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്ന് മനസിലാക്കണം. കെ പി രാജേന്ദ്രനെതിരെ കേസുണ്ടായാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും സി പി ഐ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

janayugom 150112

2 comments:

  1. സംസ്ഥാനം ഭരിക്കുന്ന ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ നാടകം അരങ്ങേറുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തല്‍സ്ഥാനം രാജിവെക്കണമെന്നതാണ് ആവശ്യം. വിമുക്തഭടന് കാസര്‍കോട്ട് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനും മറ്റ് ഏഴു പേര്‍ക്കുമെതിരെ കോഴിക്കോട് കോടതിയില്‍ വിജിലന്‍സ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസിനെപ്പറ്റി വിശദമായ അന്വേഷണമോ കുറ്റപത്രം തയ്യാറാക്കലോ സമര്‍പ്പിക്കലോ ഒന്നും ഉണ്ടായിട്ടില്ല. യു ഡി എഫ് സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലിനെ തുടര്‍ന്ന് തിടുക്കത്തില്‍ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ രാജി ആവശ്യവുമായി വന്നിരിക്കുന്ന യു ഡി എഫിന് ഇക്കാര്യത്തില്‍, നടക്കാത്തതെങ്കിലും, കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അഴിമതി സംബന്ധമായ വിജിലന്‍സ് കേസുകളിലും മറ്റിതര കേസുകളിലും പ്രതികളാക്കപ്പെട്ടവരും അന്വേഷണവിധേയരായവരും ഉള്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞതാണ് യു ഡി എഫ് മന്ത്രിസഭ. തങ്ങള്‍ മാത്രമല്ല ഇടതുപക്ഷക്കാരും അഴിമതിക്കാരാണെന്ന് വരുത്തിതീര്‍ത്ത് 'വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രമാണ് യു ഡി എഫ് പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്.

    ReplyDelete
  2. വിമുക്തഭടന് കാസര്‍കോട്ട് ഭൂമി നല്‍കിയതുമായിബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം രാഷ്ട്രീയ-ഭരണ ഗൂഢാലോചനയാണെന്ന് എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷിച്ച വിജിലന്‍സ് എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പെ, വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി എസിനുമാത്രം പ്രത്യേക പരിരക്ഷ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതില്‍നിന്നുതന്നെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയത്തെ എതിര്‍ത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമുക്തഭടന്‍ എന്ന പരിഗണനയില്‍ ടി കെ സോമന് ഭൂമി നല്‍കിയത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരന്നപ്പോഴായിരുന്നു. വി എസിന്റെ ബന്ധുവായതുകൊണ്ടാണോ കരുണാകരന്റെ കാലത്ത് ഭൂമി അനുവദിച്ചതെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണം. ഈ തീരുമാനത്തിനെതിരെ നാരായണഭട്ട് എന്നയാള്‍ കാസര്‍കോട് മുന്‍സിഫ് മജിസ്ട്രേട്ടിനെ സമീപിച്ചതിനെ തുടര്‍ന്ന് സോമന് ഭൂമി കിട്ടിയിരുന്നില്ല. പിന്നീടാണ് ഭൂമി ആവശ്യപ്പെട്ട് സോമന്‍ വീണ്ടും അപേക്ഷ നല്‍കിയത്. സോമന് 2.33 ഏക്കര്‍ ഭൂമി അനുവദിച്ചു. അന്നത്തെ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയൂടെ തീരുമാനപ്രകാരമാണ് ഭൂമി അനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സോമന്റെ രാജ്യസേവനം പരിഗണിച്ച് ഭൂമിക്ക് കൈമാറ്റ അനുമതി നല്‍കണമെന്ന തീര്‍പ്പിലെത്തി. തികച്ചും നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ തീരുമാനങ്ങളെല്ലാം ഉണ്ടായത്. ഫയലില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വി എസിനെതിരെ കള്ളക്കേസ്സെടുക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും എസ് ശര്‍മ പറഞ്ഞു.

    ReplyDelete