Tuesday, January 17, 2012

മാലിന്യപ്രശ്നം: ഇനിയും വൈകരുത്

തിരുവനന്തപുരം നഗരം വലിയൊരു മാലിന്യക്കൂമ്പാരംകൂടിയായി ചീഞ്ഞുനാറുകയാണ്. നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റ് സര്‍ക്കാര്‍ അടച്ചുപൂട്ടിയപ്പോള്‍ ഉടന്‍ പകരം സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ജനങ്ങള്‍ വലിയതോതില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നു; പ്രത്യക്ഷസമരം നടക്കുന്നു. മേയര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനങ്ങളും പരാതിയും ബോധിപ്പിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. നഗരവല്‍ക്കരണവും അനുദിനം ഉയരുന്ന ജനസാന്ദ്രതയും കുറഞ്ഞ ഭൂലഭ്യതയും കാരണം മാലിന്യം നീക്കംചെയ്യുക കേരളത്തില്‍ വലിയ ബുദ്ധിമുട്ടായിത്തീര്‍ന്നിട്ട് കാലം കുറെയായി. കോഴിക്കോട്ടെ ഞെളിയന്‍പറമ്പിലും തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലും കൊച്ചിയിലെ ബ്രഹ്മപുരത്തും തൃശൂരിലെ ലാലൂരിലുമുള്ള മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്കെതിരെ അതിനടുത്ത് താമസിക്കുന്നവര്‍ വര്‍ഷങ്ങളായി സമരംചെയ്യുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

1994ല്‍ കേരള നിയമസഭ പാസാക്കിയ കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭകളുടെ നിര്‍ബന്ധിത ഉത്തരവാദിത്തങ്ങളില്‍പെട്ടതാണ് ഖരമാലിന്യ നിര്‍മാര്‍ജനം. എന്നാല്‍ , നഗരസഭകള്‍ക്ക് ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ഭരണഘടനാ ചട്ടക്കൂട് ഇല്ല. അതിനുള്ള ശ്രമം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നുമില്ല. അതായത് കേരളം ചീഞ്ഞുനാറുന്നതിന് നഗരസഭകളേക്കാള്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. സര്‍ക്കാരാകട്ടെ എല്ലാം നഗരസഭയുടെ ഉത്തരവാദിത്തമെന്ന് മട്ടില്‍ കൈകഴുകുകയാണ്. ഇപ്പോള്‍ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ അടിസ്ഥാനപ്രശ്നവും ഇതുതന്നെ. 1998ലാണ് വിളപ്പില്‍ശാലയില്‍ തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ലാന്റ് തുടങ്ങിയത്. അന്നുതന്നെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ , കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ നാട്ടുകാര്‍ മാലിന്യങ്ങളുമായി എത്തുന്ന ലോറികള്‍ തടയാന്‍ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. പഞ്ചായത്ത് പ്ലാന്റ് പൂട്ടുകയുംചെയ്തു. പ്രശ്നം ഇപ്പോള്‍ കോടതിയിലാണ്. പ്രതിദിനം 250 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ വിളപ്പില്‍ശാല പ്ലാന്റിന് ശേഷിയില്ല; നിക്ഷേപസ്ഥലത്തിന് ചുറ്റുമതിലില്ല; ജലം മലിനമാകുന്നു തുടങ്ങിയ വാദങ്ങളാണ് ഹൈക്കോടതിയില്‍ പഞ്ചായത്ത് നിരത്തിയത്. അവസാനം ഹൈക്കോടതി നിയമിച്ച അഭിഭാഷക കമീഷണര്‍ വിളപ്പില്‍ശാലയിലെത്തി പരിശോധന നടത്തി. കേസും തര്‍ക്കവും തുടരുമ്പോഴും നഗരത്തില്‍ ഓരോ ദിവസവും മാലിന്യം കുന്നുകൂടുകയാണ്. റോഡുകളും തോടുകളും ആറുകളും മാലിന്യംകൊണ്ട് നിറഞ്ഞു. ഇനിയും ഈ നില തുടര്‍ന്നാല്‍ നഗരം പകര്‍ച്ചവാധികളുടെ പിടിയിലമരും. അതിനാല്‍ സത്വര നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തിലെ മാലിന്യ നിക്ഷേപപ്രശ്നം ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. കുടുംബശ്രീയെയും മറ്റുമുപയോഗിച്ച് മാലിന്യങ്ങള്‍ യഥാസമയം സംസ്കരണ പ്ലാന്റുകളിലെത്തിക്കുകയും അത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള വലിയ ശ്രമങ്ങള്‍ നടത്തുകയുംചെയ്തു. മാലിന്യ സംസ്കരണം ഒരു നിമിഷംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല. ശാസ്ത്രീയ അടിത്തറയോടെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍മാത്രം പരിഹരിക്കാവുന്ന ഒന്നാണത്. അതാകട്ടെ, സര്‍ക്കാരോ ഭരണസംവിധാനമോമാത്രം നിര്‍വഹിക്കേണ്ട ചുമതലയുമല്ല. ചുറ്റുപാടുകള്‍ മലിനമാകില്ല എന്നും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്താനുള്ള മൗലികമായ ചുമതലയും ആവശ്യവും ഓരോ പൗരനും അഥവാ കുടുംബത്തിനുമുണ്ട്. താനുണ്ടാക്കുന്ന മാലിന്യത്തിന്റെ അളവ് കഴിയുന്നത്ര കുറയ്ക്കുകയും അത് താന്‍ തന്നെ സംസ്കരിക്കുകയും ചെയ്യേണ്ടത് ഇന്നാട്ടില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും കടമയാണ്. ഉറവിടത്തില്‍ വച്ചുതന്നെയുള്ള ഈ മാലിന്യസംസ്കരണം അപ്രായോഗികമാണെങ്കില്‍മാത്രമേ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ. വീടിനോടനുബന്ധിച്ച് ഒരല്‍പ്പം സ്ഥലംകൂടിയുള്ളവരെല്ലാം അതിനുള്ള മനഃസ്ഥിതി കാണിക്കുകയാണെങ്കില്‍ , നഗര മാലിന്യത്തില്‍ വലിയ ഭാഗം സംസ്കരിക്കപ്പെടും. വീടിന് ചുറ്റും നിശ്ചിത അളവില്‍ ഭൂമിയുള്ളവരില്‍നിന്ന് മാലിന്യം ശേഖരിക്കുകയില്ല എന്ന് പ്രാദേശിക സ്വയംഭരണ സ്ഥാപനത്തിന് നിര്‍ദേശിക്കാവുന്നതാണ്. പുരയിടത്തിലെ പരിമിതമായ സ്ഥലത്ത് കാര്യക്ഷമമായും ശാസ്ത്രീയമായും എങ്ങനെ മാലിന്യസംസ്കരണം നടത്താമെന്നതിനെക്കുറിച്ച് നഗരസഭകളും സാമൂഹ്യ സംഘടനകളും വീട്ടുകാരെ പഠിപ്പിക്കുന്നതും അഭികാമ്യമാണ്. മാലിന്യംകൊണ്ട് പാചക വാതകം ഉണ്ടാക്കുന്നതുള്‍പ്പെടെയുള്ള നവീന രീതികള്‍ പ്രചാരത്തിലുണ്ട്.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലൂടെ വീടുകളില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നത് സുപ്രധാനമായ പരിഹാരമാര്‍ഗമാണ്. മാലിന്യ സംസ്കരണത്തിന്റെ നൂതന വിദ്യകള്‍ ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്്. ഇവിടെ സര്‍ക്കാര്‍ മാലിന്യപ്രശ്നം രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയാണുയരുന്നത്. കുറ്റകരമായ അനാസ്ഥയും മാലിന്യ സംസ്കരണ കേന്ദ്രങ്ങളില്‍ ഒരുതരത്തിലും പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള ഭരണകക്ഷി ഇടപെടലുമെല്ലാം ആ പരാതിയെ സാധൂകരിക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗമായ നിലപാടിനെതിരെ ഇടതുപക്ഷജനാധിപത്യമുന്നണി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. സെക്രട്ടറിയറ്റിനുമുന്നില്‍ സമരം, മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് തുടങ്ങിയ പ്രക്ഷോഭ പരിപാടികളാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ളത്. നാടിന്റെ പൊതുവായ ഒരു പ്രശ്നത്തില്‍ ജനങ്ങളെ സമരത്തിലേക്ക് തള്ളിവിടാതെ ക്രിയാത്മകമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അതല്ലെങ്കില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍നിന്ന് അഴുകിയ മാലിന്യത്തിന്റെ നാറ്റമാണുയരുക.

deshabhimani editorial 170112

No comments:

Post a Comment