Sunday, January 15, 2012

ജനങ്ങളുടെ ദുരിതം സാഹിത്യത്തില്‍ വരണം: കട്ജു

സാമൂഹിക പ്രശ്നങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന എഴുത്തുകാരാണ് രാജ്യത്തിന് ആവശ്യമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. ഇത്തരം സാഹിത്യപ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുന്‍നിര പ്രസാധകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കട്ജു.

ഇന്ത്യയില്‍ നല്ല സാഹിത്യത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ , മികച്ച സാഹിത്യത്തിന്റെ അഭാവം രാജ്യത്തുണ്ട്. പ്രേംചന്ദ്, ശരത്ചന്ദ് ചാറ്റര്‍ജി, ചാള്‍സ് ഡിക്കന്‍സ്, അപ്റ്റണ്‍ സിന്‍ക്ലെയര്‍ , ബര്‍ണാഡ് ഷാ തുടങ്ങിയവരെപ്പോലുള്ള പ്രതിഭാധനരായ എഴുത്തുകാര്‍ എന്തുകൊണ്ടാണ് ഇന്ന് ഉണ്ടാകാത്തതെന്നും അദ്ദേഹം ചോദിച്ചു. വളരെ ദുഷ്കരമായ കാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ജനങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്നം സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാകണം.

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ജോണ്‍ സ്റ്റീന്‍ബെക് എഴുതിയ നോവല്‍ "ദി ഗ്രേപ്സ് ഓഫ് റാത്ത്" വായിച്ചപ്പോള്‍ ഇന്ത്യയുടെ കഴിഞ്ഞ 20 വര്‍ഷത്തെ സാഹചര്യമാണ് മനസ്സിലേക്ക് കടന്നുവന്നത്. കാര്‍ഷിക പ്രതിസന്ധിയെതുടര്‍ന്ന് ലക്ഷക്കണക്കിനു കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. നിരവധിപേര്‍ തൊഴില്‍ തേടി നഗരങ്ങളിലേക്ക് കുടിയേറി. വ്യാവസായിക ഉല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞു. നഗരങ്ങളിലേക്ക് കുടിയേറിയ പലരും ഗാര്‍ഹിക തൊഴിലാളികളും വഴിവാണിഭക്കാരും ക്രിമിനലുകളും വേശ്യകളും മറ്റുമായി മാറി. എന്നാല്‍ , ഇവര്‍ നേരിടുന്ന ദുരിതം വരച്ചുകാട്ടുന്നതില്‍ എഴുത്തുകാര്‍ പരാജയപ്പെട്ടു. മികച്ച എഴുത്തുകാര്‍ ഗ്രാമങ്ങളിലും ഗിരിവര്‍ഗമേഖലയിലും ഉണ്ടാകാം. അവരെ കണ്ടെത്തേണ്ടത് പ്രസാധകരാണ്. ഭൂരിപക്ഷമായ തൊഴിലാളിവര്‍ഗത്തിന്റെ ഇടയിലേക്ക് കടന്നുചെന്ന് അവരുടെ കഴിവുകളെ പുറത്തുകൊണ്ടു വരാനും പ്രോത്സാഹിപ്പിക്കാനും കഴിയണം. ഇവരെ വലിയ എഴുത്തുകാരായി ഉയര്‍ത്തിക്കൊണ്ടുവരണം. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന മാക്സിം ഗോര്‍ക്കിയുടെ ഉദാഹരണം അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രസാധകരുടെ ലക്ഷ്യം പണം മാത്രമാണെങ്കില്‍ കാര്യങ്ങള്‍ ശരിയായ വഴിക്ക് നീങ്ങില്ല.

നിലവില്‍ ജനങ്ങളില്‍ 80 ശതമാനവും ദാരിദ്ര്യം നേരിടുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി പ്രതിദിനം 47 കര്‍ഷകര്‍വീതം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്. ഇത് ലോക റെക്കോഡാണ്. 47 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇത് ദരിദ്രരാജ്യങ്ങളിലെ ശരാശരിയേക്കാള്‍ മുകളിലാണ്. നമ്മള്‍ ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലല്ലേ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തെറ്റായ വഴിക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും പ്രതികരിക്കണമെന്നുള്ള ചിന്ത പുസ്തകം വായിക്കുന്നവര്‍ക്ക് ഉണ്ടാകുമെന്നും കട്ജു പറഞ്ഞു. പുതുതലമുറ കൂടുതല്‍ ടിവി കാണുകയും കുറച്ചു വായിക്കുകയുമാണ് ചെയ്യുന്നത്. നമ്മുടെ സംസ്കാരത്തെക്കുറിച്ച് ബോധമില്ലാത്തവരായി ഇവര്‍ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 150112

1 comment:

  1. സാമൂഹിക പ്രശ്നങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന എഴുത്തുകാരാണ് രാജ്യത്തിന് ആവശ്യമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. ഇത്തരം സാഹിത്യപ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുന്‍നിര പ്രസാധകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കട്ജു.

    ReplyDelete