Tuesday, January 24, 2012

പാതയോരങ്ങളിലെ പൊതുയോഗം: പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശം

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2011ലെ പൊതുവഴി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പുതിയ ഹര്‍ജി ഇന്ന് സമര്‍പ്പിക്കുന്നതിന് ഹര്‍ജിക്കാരായ ഡിജോ കാപ്പന്‍, ബേസില്‍ അട്ടിപ്പേറ്റി എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.

വഴിയരികില്‍ പൊതുയോഗം നിരോധിച്ച ഉത്തരവ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ 2011ലെ പൊതുവഴി നിയമം റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് കേസില്‍ കക്ഷി ചേര്‍ന്ന ഡിജോ കാപ്പന്റെയും, ബേസില്‍ അട്ടിപ്പേറ്റിയുടെയും ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊതുവഴി്യൂനിയമം റദ്ദാക്കുകയും കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കയും ചെയ്തിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതി ഉത്തരവ് മറികടക്കാനല്ല നിയമം കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  മതപരമായ ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നിയമം സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേസ് ഇന്നലെ പരിഗണിക്കവെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്ന ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സര്‍ക്കാരിനെ കക്ഷിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയത്. കേസില്‍ ലോയേഴ്‌സ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവരെ കക്ഷിയാക്കുന്നതിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി കോടതി തള്ളി. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീംകോടതിയും അപ്പീല്‍ തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 2011ലെ-പൊതു വഴി് നിയമം നിയമസഭ എകകണ്ഠമായി പാസാക്കി. ഈ നിയമമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

janayugom 240112

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2011ലെ പൊതുവഴി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പുതിയ ഹര്‍ജി ഇന്ന് സമര്‍പ്പിക്കുന്നതിന് ഹര്‍ജിക്കാരായ ഡിജോ കാപ്പന്‍, ബേസില്‍ അട്ടിപ്പേറ്റി എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും

    ReplyDelete