Sunday, April 1, 2012

കൂടുതല്‍ തെളിവുനല്‍കാം: കരസേനാമേധാവി


പ്രതിരോധമന്ത്രി എ കെ ആന്റണിയെ പ്രതിക്കൂട്ടിലാക്കിയ ട്രക്ക് അഴിമതി ഇടപാട് സംബന്ധിച്ച് കൂടുതല്‍ തെളിവ് കൈമാറാമെന്ന് കരസേനാമേധാവി ജനറല്‍ വി കെ സിങ് സിബിഐയെ അറിയിച്ചു. കോഴ വാഗ്ദാനം വിശദീകരിച്ച് സിബിഐക്ക് അയച്ച കത്തില്‍ മുന്‍ ലെഫ്. ജനറല്‍ തേജീന്ദര്‍ സിങ്ങിന്റെ പേര് ജനറല്‍ വി കെ സിങ് പരാമര്‍ശിച്ചു. തേജീന്ദര്‍ സിങ്ങാണ് തനിക്ക് കോഴ വാഗ്ദാനം ചെയ്തതെന്ന് ആദ്യമായി ജനറല്‍ വി കെ സിങ് വെളിപ്പെടുത്തി.

നേരത്തെ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും ജനറല്‍ സിങ് പേര് വെളിപ്പെടുത്തിയിരുന്നില്ല. സിബിഐക്ക് അയച്ച കത്തില്‍ തേജീന്ദര്‍ സിങ്ങാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കിയ ജനറല്‍ സിങ്, എന്നാല്‍ എത്ര തുകയാണ് കോഴ നല്‍കാമെന്ന് ഏറ്റിരുന്നതെന്ന് പറഞ്ഞിട്ടില്ല. കരസേനാമേധാവിയുടെ കത്ത് സമഗ്രമല്ലെന്ന വിലയിരുത്തലാണ് സിബിഐക്കുള്ളത്. പരാതിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് സിബിഐ ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച ജനറല്‍ സിങ്ങിനെ നേരില്‍ കണ്ടേക്കുമെന്ന് സൂചനയുണ്ട്. ജനറല്‍ സിങ്ങിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച സിബിഐ വൈകാതെ തേജീന്ദര്‍ സിങ്ങിനെ ചോദ്യംചെയ്യും. കോഴ വാഗ്ദാനത്തിന്റെപേരില്‍ തേജീന്ദര്‍ സിങ് കഴിഞ്ഞയാഴ്ച കരസേനാമേധാവിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്തിരുന്നു. പരാതി കോടതി സ്വീകരിച്ചിട്ടുണ്ട്. ജനറല്‍ സിങ്ങിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തേജീന്ദര്‍സിങ്ങിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് ജനറല്‍ സിങ് ആദ്യം പറഞ്ഞിരുന്നതെന്നും പിന്നീട് 14 കോടിയാക്കി തിരുത്തിയെന്നും അഭിഭാഷകര്‍ വാദിച്ചു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതിനാല്‍ പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ഇടപാടുകളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. ശനിയാഴ്ച പ്രതിരോധമന്ത്രിയോ കരസേനാമേധാവിയോ അഴിമതി വിഷയത്തില്‍ കാര്യമായ പ്രതികരണത്തിന് തയ്യാറായില്ല. കരസേനാമേധാവി സ്ഥാനത്തുനിന്ന് ജനറല്‍ സിങ് വിരമിക്കുന്നത് വരെ പ്രശ്നം തണുപ്പിച്ചുനിര്‍ത്താനാണ് കേന്ദ്രശ്രമം. കരസേനാമേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്ന വിഷയത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ സമയപരിധി നല്‍കിയിട്ടില്ലെങ്കിലും വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാകുമെന്ന് ചിദംബരം പറഞ്ഞു. അതിനിടെ, പ്രതിരോധ ഇടപാട് അഴിമതികളുടെപേരില്‍ സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നതയില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കാര്യങ്ങളെല്ലാം പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം സംഭവങ്ങളൊന്നുമില്ലെന്നും പ്രണബ് പറഞ്ഞു. ശനിയാഴ്ച വിമുക്തഭടന്മാരുടെ ഒരു ചടങ്ങില്‍ പങ്കെടുത്ത ജനറല്‍ സിങ് പ്രതിരോധമന്ത്രി എ കെ ആന്റണിയെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞു. സൈനികര്‍ക്കുള്ള പെന്‍ഷന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ പരിഹരിക്കാമെന്ന് ആന്റണി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സേനാമേധാവി പറഞ്ഞു.

deshabhimani 010412

1 comment:

  1. പ്രതിരോധമന്ത്രി എ കെ ആന്റണിയെ പ്രതിക്കൂട്ടിലാക്കിയ ട്രക്ക് അഴിമതി ഇടപാട് സംബന്ധിച്ച് കൂടുതല്‍ തെളിവ് കൈമാറാമെന്ന് കരസേനാമേധാവി ജനറല്‍ വി കെ സിങ് സിബിഐയെ അറിയിച്ചു. കോഴ വാഗ്ദാനം വിശദീകരിച്ച് സിബിഐക്ക് അയച്ച കത്തില്‍ മുന്‍ ലെഫ്. ജനറല്‍ തേജീന്ദര്‍ സിങ്ങിന്റെ പേര് ജനറല്‍ വി കെ സിങ് പരാമര്‍ശിച്ചു. തേജീന്ദര്‍ സിങ്ങാണ് തനിക്ക് കോഴ വാഗ്ദാനം ചെയ്തതെന്ന് ആദ്യമായി ജനറല്‍ വി കെ സിങ് വെളിപ്പെടുത്തി.

    ReplyDelete