Sunday, April 8, 2012

സ്വത്വരാഷ്ട്രീയ വെല്ലുവിളി നേരിടും: സിപിഐ എം


പൊതുവായ വര്‍ഗാധിഷ്ഠിത പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് സ്വത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ജാതിയും മതവും ഗോത്രവും വംശമഹിമയും അടിസ്ഥാനമാക്കിയുള്ള സ്വത്വരാഷ്ട്രീയത്തിെന്‍റ വളര്‍ച്ച ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സ്വത്വത്തിെന്‍റ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്നത് ഭരണകൂടത്തിനും മൂലധനവാഴ്ചയ്ക്കും ഒരു വിപത്തും ഉണ്ടാകില്ലെന്ന് ഉറപ്പാക്കലാണ്.

സാമൂഹ്യമായ അടിച്ചമര്‍ത്തലും വിവേചനവും ചൂഷണവും അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലുമാണ് സ്വത്വരാഷ്ട്രീയം വളക്കൂറുള്ള മണ്ണ് കണ്ടെത്തുന്നത്. വര്‍ഗപരമായ ഐക്യദാര്‍ഢ്യത്തിലും വര്‍ഗാധിഷ്ഠിത പ്രസ്ഥാനങ്ങളിലും ചോര്‍ച്ചയുണ്ടാക്കുക എന്ന കാഴ്ചപ്പാടോടെ സ്വത്വാധിഷ്ഠിതമായ ഇത്തരം രാഷ്ട്രീയത്തിന് സന്നദ്ധസംഘടനകളും സങ്കുചിത വിഭാഗീയ സംഘങ്ങളും പണം മുടക്കുന്നു. വര്‍ഗാധിഷ്ഠിത പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് സ്വത്വരാഷ്ട്രീയത്തെ നേരിടുന്നതോടൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ജാതിപരവും സാമൂഹ്യവും ലിംഗപരവുമായ അടിച്ചമര്‍ത്തലുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു.

ജനങ്ങളെ അണിനിരത്തി തീവ്രവാദ-വര്‍ഗീയ ശക്തികളെ തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനും രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ഹിന്ദുത്വശക്തികള്‍ കടുത്ത വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകുകയാണെന്ന് പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും അക്രമം തുടരുകയാണ്. ഹൈന്ദവ-ന്യൂനപക്ഷ വര്‍ഗീയതയും തീവ്രവാദവും ചെറുക്കാന്‍ പാര്‍ടി ജാഗ്രത പുലര്‍ത്തണം. ഭീകരാക്രമണങ്ങളുടെ പേരില്‍ രാജ്യത്ത് മുസ്ലിംന്യൂനപക്ഷത്തിനെതിരെ കടന്നാക്രമണം നടത്തുന്നത് അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രീയപ്രമേയം ഓര്‍മിപ്പിച്ചു. പൊലീസിന്റെയും കേസന്വേഷണം നടത്തുന്ന സുരക്ഷാ ഏജന്‍സികളുടെയും ഭാഗത്തുനിന്നുള്ള പക്ഷപാതപരമായ സമീപനം മുസ്ലിംസമുദായത്തിന്റെ വര്‍ഗീയമായ ധാരണയെ ബലപ്പെടുത്തുകമാത്രമേയുള്ളൂ. ഇത്തരം വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണം.

മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തിയ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും തുടര്‍നടപടി സ്വീകരിക്കുന്നതിലും വീഴ്ച സംഭവിച്ചതില്‍ മുസ്ലിം ന്യൂനപക്ഷം നിരാശരാണെന്ന് പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍സാഹചര്യങ്ങള്‍ക്കുമായി തൊഴിലെടുക്കുന്ന സ്ത്രീകളുടെ സമരം നയിക്കുന്നതിനൊപ്പം സ്ത്രീകളെ ബാധിക്കുന്ന സാമൂഹ്യപ്രശ്നങ്ങളില്‍ പാര്‍ടി കൂടുതല്‍ ശക്തവും ഫലപ്രദവുമായ ഇടപെടല്‍ നടത്തും. നവഉദാരവല്‍ക്കരണം സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുകയാണ്. പുതിയ രൂപത്തിലുള്ള ചൂഷണവും സൈബര്‍ കുറ്റങ്ങള്‍പോലെയുള്ള ഭീഷണിപ്പെടുത്തലുകളും വ്യാപകമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, ദുരഭിമാനഹത്യ തുടങ്ങിയവ വര്‍ധിക്കുന്നു. ദളിതരുടെയും ഗോത്രവര്‍ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട മറ്റ് വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായി പാര്‍ടി രംഗത്തിറങ്ങും.

തീവ്ര ഇടത് സാഹസികതയുടെ ഏറ്റവും അധഃപതിച്ച രൂപമായി മാറിയ മാവോയിസ്റ്റുകളുടെ വിനാശകരമായ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ പാര്‍ടി കോണ്‍ഗ്രസ് ആഹാനംചെയ്തു. പെറ്റി ബൂര്‍ഷ്വാ ബുദ്ധിജീവികളില്‍ ചിലര്‍ സ്വയം ഇടതുപക്ഷക്കാരെന്നവകാശപ്പെട്ട് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നു. ഇത്തരക്കാരുടെ ഇരട്ട നിലപാട് തുറന്നുകാണിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണം. ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ ഉപകരണമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സിപിഐ എമ്മിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മാവോയിസ്റ്റുകളുണ്ടാക്കിയ കരാര്‍ നക്സലിസത്തിന്റെ ചരിത്രത്തിലെ ഹീനമായ അധ്യായമാണ്. അയിത്തത്തിനും ദളിതരെ ജാതീയമായി അടിച്ചമര്‍ത്തുന്നതിനും എതിരെയുള്ള പോരാട്ടം പാര്‍ടി സജീവമായി ഏറ്റെടുക്കും. പാര്‍ടിയും തമിഴ്നാട്ടിലെ മറ്റ് പുരോഗമന ശക്തികളും ആരംഭിച്ച അയിത്തവിരുദ്ധ പ്രസ്ഥാനം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായി രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി.

"സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് സിപിഐ എം ശക്തിപ്പെടണം"

സുര്‍ജിത്-ജ്യോതിബസു നഗര്‍: സിപിഐ എമ്മുമായുള്ള ബന്ധം കൂടുതല്‍ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും പരിസ്ഥിതിനാശവുമൊക്കെ ചേര്‍ന്ന് മനുഷ്യരാശി കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്യൂബന്‍ ജനത തങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും സാമൂഹ്യനീതിയുമൊക്കെ സംരക്ഷിക്കാനും സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയ പൂര്‍ത്തീകരിക്കാനുമുള്ള പോരാട്ടങ്ങള്‍ നടത്തുന്നത്.

സൗജന്യമായ വിദ്യാഭ്യാസവും ആരോഗ്യപരിപാലന സംവിധാനവും ഒരുക്കുകമാത്രമല്ല, മറിച്ച് എല്ലാ ആളുകള്‍ക്കും ശാസ്ത്രീയമായ ജീവിതസൗഭാഗ്യങ്ങള്‍ മുഴുവന്‍ കരഗതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിന് സഹായകരമായ വിധത്തില്‍ പുതിയ കാലം ആവശ്യപ്പെടുന്നതനുസരിച്ച് രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകള്‍ മെച്ചപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അന്യായമായി അറസ്റ്റ് ചെയ്ത് അമേരിക്കന്‍ തടവറയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ക്യൂബയുടെ അഞ്ച് വീരസഖാക്കളെ മോചിപ്പിക്കുകയെന്നതും തങ്ങളുടെ രാജ്യത്തെ സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയയുടെ ഭാഗമാണ്.

അരനൂറ്റാണ്ടിലേറെ നീണ്ട അമേരിക്കന്‍ ഉപരോധങ്ങള്‍ നേരിട്ടാണ് ക്യൂബ ഈ ശ്രമങ്ങളൊക്കെ നടത്തുന്നത്. സാമ്രാജ്യത്വത്തിനെതിരായ ഈ ചെറുത്തുനില്‍പ്പിന് സിപിഐ എം പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യവും നല്‍കുന്ന സഹായങ്ങളും തങ്ങളുടെ നിലയ്ക്കാത്ത പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രകമ്മിറ്റി അയച്ച സന്ദേശത്തില്‍ പറഞ്ഞു. മധ്യ ഏഷ്യയില്‍ പിടിമുറുക്കാനും അവിടം യുദ്ധക്കളമാക്കാനുമുള്ള സാമ്രാജ്യത്വ അജന്‍ഡയ്ക്കെതിരെ സിപിഐ എം ഉയര്‍ത്തുന്ന ആശങ്കകള്‍ പങ്കുവയ്ക്കുന്നുവെന്നും അതിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സന്ദേശം പറയുന്നു.

deshabhimani 080412

1 comment:

  1. പൊതുവായ വര്‍ഗാധിഷ്ഠിത പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് സ്വത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ജാതിയും മതവും ഗോത്രവും വംശമഹിമയും അടിസ്ഥാനമാക്കിയുള്ള സ്വത്വരാഷ്ട്രീയത്തിെന്‍റ വളര്‍ച്ച ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സ്വത്വത്തിെന്‍റ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്നത് ഭരണകൂടത്തിനും മൂലധനവാഴ്ചയ്ക്കും ഒരു വിപത്തും ഉണ്ടാകില്ലെന്ന് ഉറപ്പാക്കലാണ്.

    ReplyDelete