Monday, April 9, 2012

ഷുക്കൂര്‍വധം: പൊലീസിന് വിശ്വാസ്യതയില്ല- ഹൈക്കോടതി


കണ്ണപുരത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതരത്തിലല്ല കൊല നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ്ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു. സാക്ഷിമൊഴികളിലെ വൈരുധ്യം കോടതി എടുത്തുപറഞ്ഞു. ദൃക്സാക്ഷിയായ സഖറിയ ആദ്യം പൊലീസിനുനല്‍കിയ മൊഴിയും കേസ് രജിസ്റ്റര്‍ചെയ്തശേഷം പൊലീസ് രേഖപ്പെടുത്തിയമൊഴിയും വ്യത്യസ്തമാണെന്ന് ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതരത്തിലല്ല സംഭവമെന്നും കോടതി പറഞ്ഞു.

ഷുക്കൂറും സുഹൃത്തുക്കളും കണ്ണപുരത്ത് ഹനീഫയുടെ വീട്ടിലെത്തി കുടിവെള്ളം ആവശ്യപ്പെട്ടെന്നും വെള്ളം കുടിക്കുമ്പോള്‍ അക്രമിസംഘം വന്ന് സമീപത്തെ വയലിലേക്കു കൊണ്ടുപോയി ആക്രമിച്ചെന്നുമാണ് ഒപ്പമുണ്ടായിരുന്ന സഖറിയ ആദ്യ മൊഴിയില്‍ പറഞ്ഞത്. പിന്നീട് ഇയാള്‍തന്നെ നല്‍കിയ മൊഴിയില്‍ മുഹമ്മദുകുഞ്ഞിയെന്ന ആളുടെ വീട്ടില്‍വച്ചാണ് സംഭവമെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ പൊലീസ്ഭാഷ്യത്തില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും അന്വേഷണം ഈ രീതിയിലാണെങ്കില്‍ എന്തു ഫലമെന്ന് കോടതി ചോദിച്ചു.

സഖറിയയുടെ മൊഴിയില്‍ നിന്നുതന്നെ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് വ്യക്തമാവുന്നതായി പ്രതിഭാഗം അഭിഭാഷകനായ പി നാരായണന്‍ ബോധിപ്പിച്ചു. പാര്‍ടി വിചാരണ നടന്നുവെന്ന ആരോപണം കള്ളക്കഥയാണെന്ന് ഈ മൊഴികൊണ്ട് വ്യക്തമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 10-ാംപ്രതി അജിത്ത്കുമാറിന്റെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ആക്രമണത്തിന് പ്രേരണ നല്‍കി എന്നത് അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് അജിത്ത്കുമാറിനെതിരെ കേസെടുത്തത്. കേസ് ഡയറി പരിശോധിക്കുന്നതിനായി കേസ് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.

എഫ്ഐആറും തിരുത്തി

കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ മരണം "പാര്‍ടി കോടതി" വിധിച്ചതാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് എഫ്ഐആര്‍ അട്ടിമറിച്ചു. തളിപ്പറമ്പ് അരിയിലെ അബ്ദുള്‍ഷുക്കൂറിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് യുഡിഎഫ് നേതാക്കളുടെ ഭാവനയ്ക്കനുസൃതമായി തയ്യാറാക്കിയ പുതിയ എഫ്ഐആര്‍. സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന നിലയില്‍ അവതരിപ്പിച്ച സഖറിയ എന്ന ലീഗ് പ്രവര്‍ത്തകന്റെ മൊഴി പരസ്പരവിരുദ്ധമാണെന്നും കോടതി കണ്ടെത്തി. പരിക്കുപറ്റി ആശുപത്രിയിലെത്തിയ ഉടന്‍ സഖറിയ നല്‍കിയ മൊഴിയും പിന്നീട്, യുഡിഎഫ് നേതാക്കളുടെ നിര്‍ദേശപ്രകാരം പൊലീസിനോട് പറഞ്ഞ കാര്യങ്ങളും വ്യത്യസ്തമായത് കോടതിയുടെ നിശിത വിമര്‍ശം ക്ഷണിച്ചുവരുത്തി. രണ്ടാമത്തെ സ്റ്റേറ്റ്മെന്റിലെ കാര്യങ്ങളാണ് ശരിയെങ്കില്‍ അത് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന കോടതിയുടെ ചോദ്യം സര്‍ക്കാരിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും ഗൂഢാലോചന വെളിവാക്കുന്നതാണ്. പൊലീസിന്റെ ഇതേവരെയുള്ള "അന്വേഷണത്തില്‍" കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഷുക്കൂറിനെ ജീവനനോടെ അവസാനമായി കണ്ട സഖറിയ സംഭവം നടന്ന് നാലു മണിക്കൂറിനകം നല്‍കിയ മൊഴിയാണ് പൊലീസ് അട്ടിമറിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കള്ളക്കഥയ്ക്കനുസരിച്ച് പുതിയ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സിപിഐ എം "പാര്‍ടി കോടതി" വിചാരണയ്ക്കുശേഷമാണ് ഷുക്കൂറിനെ കൊന്നതെന്ന് സ്ഥാപിക്കുന്നതിന് ആവശ്യമായ വിവരങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ആരാഞ്ഞത്. മുഖ്യന്ത്രിയുടെ ഓഫീസിനൊപ്പം, വ്യക്തമായ രാഷ്ട്രീയ ചായ്വുള്ള പൊലീസ് ഉദ്യോഗസ്ഥനും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. എസ്ഐ വി നാരായണന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 136-ാം നമ്പര്‍ എഫ്ഐആറില്‍ മുഖ്യമന്ത്രിയുടെ ഓഫീസും യുഡിഎഫും പ്രചരിപ്പിച്ച പാര്‍ടി കോടതിയും കുറ്റവിചാരണയും ശിക്ഷാവിധിയും ഒന്നുമില്ല.

പരിക്കുകളോടെ ആശുപത്രിയിലെത്തിയ സഖറിയ, ഷുക്കൂര്‍ മരിച്ച ഫെബ്രുവരി 20ന് വൈകിട്ട് 4.30ന് നല്‍കിയ മൊഴിയില്‍ സംഭവിച്ച കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പറഞ്ഞിട്ടുണ്ട്. നാട്ടില്‍നിന്ന് വള്ളുവന്‍കടവിലൂടെ കീഴറയിലെത്തിയെന്നും സുഹൃത്തിന്റെ വീട്ടില്‍നിന്ന് വെള്ളം കുടിക്കുന്നതിനിടെ തടഞ്ഞുവച്ചെന്നും അടുത്തുള്ള വയലില്‍ കൊണ്ടുപോയി ഷുക്കൂറിനെയും തന്നെയും വെട്ടിയെന്നു മാത്രമേ സഖറിയ പറയുന്നുള്ളൂ. മൊഴിയെടുക്കുമ്പോള്‍ സഖറിയ നല്ലബോധത്തിലായിരുന്നു. എന്നാല്‍ രണ്ടാമത്തെ എഫ്ഐആറില്‍ കാര്യങ്ങള്‍ പാടേ മാറി. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തിയെന്നും മൊബൈല്‍ ഫോണില്‍ ഷുക്കൂറിന്റെ പടം അയച്ചുകൊടുത്ത് ഉറപ്പവരുത്തിയശേഷമാണ് വധമെന്നുമൊക്കെയാണ് മൊഴി. രണ്ടാമത്തെ മൊഴിയില്‍ യുഡിഎഫും അവരുടെ മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ സഖറിയ അതുപോലെ ഏറ്റുപറയുന്നുണ്ട്. രണ്ടു മൊഴികളിലെയും വൈരുധ്യമാണ് ഹൈക്കോടതിയില്‍ തുറന്നുകാട്ടപ്പെട്ടത്.

ഷുക്കൂര്‍ വധക്കേസ് റിപ്പോര്‍ട്ട് ചോര്‍ന്നിട്ടുണ്ടെങ്കില്‍ തന്റെ ഓഫീസല്ല, താനാണ് ഉത്തരവാദിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തയ്യാറാക്കിയ എഫ്ഐആറാണ് കോടതിയുടെ അതൃപ്തി ക്ഷണിച്ചുവരുത്തിയത്. ആദ്യത്തെ എഫ്ഐആര്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തം.
(പി സുരേശന്‍)

deshabhimani 100412

3 comments:

  1. മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ മരണം "പാര്‍ടി കോടതി" വിധിച്ചതാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് എഫ്ഐആര്‍ അട്ടിമറിച്ചു. തളിപ്പറമ്പ് അരിയിലെ അബ്ദുള്‍ഷുക്കൂറിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് യുഡിഎഫ് നേതാക്കളുടെ ഭാവനയ്ക്കനുസൃതമായി തയ്യാറാക്കിയ പുതിയ എഫ്ഐആര്‍. സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന നിലയില്‍ അവതരിപ്പിച്ച സഖറിയ എന്ന ലീഗ് പ്രവര്‍ത്തകന്റെ മൊഴി പരസ്പരവിരുദ്ധമാണെന്നും കോടതി കണ്ടെത്തി. പരിക്കുപറ്റി ആശുപത്രിയിലെത്തിയ ഉടന്‍ സഖറിയ നല്‍കിയ മൊഴിയും പിന്നീട്, യുഡിഎഫ് നേതാക്കളുടെ നിര്‍ദേശപ്രകാരം പൊലീസിനോട് പറഞ്ഞ കാര്യങ്ങളും വ്യത്യസ്തമായത് കോടതിയുടെ നിശിത വിമര്‍ശം ക്ഷണിച്ചുവരുത്തി. രണ്ടാമത്തെ സ്റ്റേറ്റ്മെന്റിലെ കാര്യങ്ങളാണ് ശരിയെങ്കില്‍ അത് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന കോടതിയുടെ ചോദ്യം സര്‍ക്കാരിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും ഗൂഢാലോചന വെളിവാക്കുന്നതാണ്. പൊലീസിന്റെ ഇതേവരെയുള്ള "അന്വേഷണത്തില്‍" കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete
  2. കണ്ണപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് നീക്കി. കേസിന്റെ നടത്തിപ്പ് ലീഗ് നോമിനിമാരായ പ്രോസിക്യൂട്ടറെയോ അഡീഷണല്‍ ഡിജിപിയെയോ ഏല്‍പ്പിക്കാനും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസന്വേഷണത്തിലെ പൊരുത്തക്കേടുകളും പൊലീസിന്റെ കള്ളക്കളികളും ഹൈക്കോടതി തിങ്കളാഴ്ച ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍. കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി നേരിട്ട് ഹാജരായി വാദം നടത്തിയില്ലെന്നതും പകരം മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടറെ കേസില്‍ ചുമതലപ്പെടുത്തിയതുമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സി എ റഷീദ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കാര്യമായ വാദം നടത്തിയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ പരാതി.

    ReplyDelete
  3. ഷുക്കൂര്‍ വധക്കേസിലെ പ്രഥമവിവരമൊഴിയില്‍ ഘട്ടംഘട്ടമായി മാറ്റംവരുത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. അന്വേഷണം നിഷ്പക്ഷവും കാര്യക്ഷമവുമായി നടത്തണമെന്ന് കോടതി പൊലീസിന് താക്കീതു നല്‍കി. കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേസ് ഡയറി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എം ശശിധരന്‍നമ്പ്യാരുടെ ഉത്തരവ്. കേസിലെ പത്താംപ്രതി പി കെ അജിത്കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജാമ്യാപേക്ഷ കോടതി തള്ളി. കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചു. കഴിഞ്ഞദിവസം കേസിലെ മറ്റൊരു ജാമ്യാപേക്ഷ പരിഗണിക്കുമ്പാഴും കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

    ReplyDelete