Monday, April 9, 2012

സംഘാടനമികവില്‍ അജയ്യത


സംഘാടനമികവിന്റെ കൊടിക്കൂറ പാറിച്ചും പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതിയും പാര്‍ടി കോണ്‍ഗ്രസിന് ഇന്നു സമാപനം. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന അധ്യായം സൃഷ്ടിച്ച് ആറുദിവസത്തെ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും മുഖത്ത് അഭിമാനത്തിന്റെ തിരയടി. ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളുമടക്കം ആറുമാസത്തിലേറെ സംഘാടകസമിതി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സമ്മേളനം മികവുറ്റതായത്.

മാസങ്ങള്‍ക്കുമുമ്പ് ബാങ്ക്റോഡില്‍ ആരംഭിച്ച സംഘാടകസമിതി ഓഫീസ് സദാ പ്രവര്‍ത്തനിരതമായി. കേരളത്തില്‍ നടക്കുന്ന നാലാമത്തെ പാര്‍ടി കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തിലൊരു നാഴികക്കല്ലായി. ഇരുപതോളം സബ്കമ്മിറ്റികള്‍, സജീവമായി പ്രവര്‍ത്തകര്‍; പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്തും നിര്‍ദേശങ്ങളുമായി നേതാക്കള്‍... ഒന്നിനൊന്ന് മികവാര്‍ന്ന് അടുക്കുംചിട്ടയോടെയാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. ഇടതുപക്ഷ-പുരോഗമന മനസ്സുള്ള എല്ലാ വിഭാഗത്തെയും സമിതി അണിനിരത്തി. സംഘാടകസമിതി ചെയര്‍മാനായ പിണറായി വിജയനായിരുന്നു പാര്‍ടി കോണ്‍ഗ്രസ് നടത്തിപ്പ് നേതൃത്വം. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, എന്‍ കെ രാധ, പി സതീദേവി, എ പ്രദീപ്കുമാര്‍ എന്നിവരും മുന്‍നിരയിലുണ്ടായി. അംഗങ്ങള്‍ വീടുകളില്‍പോലും പോകാതെയാണ് സമ്മേളന നടത്തിപ്പില്‍ മുഴുകിയത്.

സ്ത്രീകളടക്കമുള്ള ചുവപ്പുവളണ്ടിയര്‍മാരുടെ സേവനം എടുത്തുപറയേണ്ടതാണ്. ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നൂറോളം വളണ്ടിയര്‍മാര്‍ സുര്‍ജിത്-ജ്യോതിബസു നഗറിന് കാവലായി. ഇതിനു പുറമെയാണ് സദാസന്നദ്ധരായ ആയിരത്തിലധികം പ്രവര്‍ത്തകരും. നേതാക്കളെയും പ്രതിനിധികളെയും സ്വീകരിക്കാനും താമസസ്ഥലങ്ങളിലെത്തിക്കാനുമെല്ലാം വളണ്ടിയര്‍മാരും പ്രവര്‍ത്തകരുമുണ്ട്. ഭക്ഷണകമ്മിറ്റിയും അക്കൊമഡേഷന്‍ കമ്മിറ്റിയും ഉത്സാഹഭരിതമായി പ്രവര്‍ത്തിച്ചു. സ്വീകരണം, ഗതാഗതം, ആരോഗ്യം, വളണ്ടിയര്‍ തുടങ്ങി കമ്മിറ്റികളുടെയും പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നു. ചരിത്ര പ്രദര്‍ശനം, പുസ്തകോത്സവം, കലാപരിപാടികള്‍ തുടങ്ങി അനുബന്ധ പരിപാടികളെല്ലാം ചരിത്രത്തിലിടം നേടി. സാര്‍വദേശീയ-ദേശീയ സെമിനാറുകള്‍, സാംസ്കാരികോത്സവം, ചലച്ചിത്രമേള, പുസ്തകോത്സവം, നായനാര്‍ സ്മാരക സ്വര്‍ണക്കപ്പ് ഫുട്ബോള്‍, ദേശീയവോളിബോള്‍ മത്സരം, ചെസ് ടൂര്‍ണമെന്റ് തുടങ്ങി ജനകീയ ഉത്സവമായി പാര്‍ടികോണ്‍ഗ്രസിനെ മാറ്റുന്ന പരിപാടികളാണ് സംഘാടകസമിതി നടപ്പാക്കിയത്.

നവംബര്‍ 15നാണ് സംഘാടകസമിതി ഔപചാരികമായി തുടങ്ങിയത്. ഡിസംബര്‍ 27ന് ബാങ്ക്റോഡില്‍ ഓഫീസ് തുറന്നു. രജിസ്ട്രേഷന്‍, സെമിനാര്‍, മാധ്യമം, പ്രചാരണം, സ്വീകരണം, ഭക്ഷണം, പൊതുസമ്മേളനസ്റ്റേജ്, ടാഗോര്‍ഹാള്‍ ഗേറ്റ് അലങ്കാരം, നഗരം അലങ്കരിക്കല്‍, പുസ്തകമേള, കല-സാംസ്കാരികം, കായികം, വളണ്ടിയര്‍, ഗതാഗതം, പ്രദര്‍ശനം, ആരോഗ്യം, താമസസൗകര്യം തുടങ്ങി സബ്കമ്മിറ്റികളുടെ ആരോഗ്യകരമായ മത്സരം പ്രവര്‍ത്തനം മികവുറ്റതാക്കി. ഈ കൂട്ടായ്മയുടെ വിജയമാണ് പാര്‍ടികോണ്‍ഗ്രസ് ചരിത്രമാക്കിയത്.

പ്രതിനിധികള്‍ക്ക് വിരുന്നൂട്ടി ഭക്ഷണശാല

സല്‍ക്കാര പ്രിയരായ കോഴിക്കോട്ടുകാര്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിരുന്നൂട്ടി. ടാഗോര്‍ ഹാളിലെ വേദിക്കരികിലുള്ള ഭക്ഷണശാലയില്‍ കേരളീയ വിഭവങ്ങള്‍ക്കൊപ്പം അതത് സംസ്ഥാനങ്ങളിലെ ഭക്ഷണവും വിളമ്പി. കോഴിക്കോടന്‍ വിഭവങ്ങളുടെ രുചിയറിഞ്ഞാണ് പ്രതിനിധികള്‍ മടങ്ങുന്നത്. കൊതിയൂറുന്ന കേരളീയ വിഭവങ്ങളായിരുന്നു ഭക്ഷണശാലയില്‍ പ്രധാനം. കേരളത്തിന്റെ ഇഷ്ടവിഭവങ്ങളായ കഞ്ഞിക്കും കപ്പക്കും മത്തിക്കറിക്കും നല്ല ഡിമാന്റായിരുന്നു. സമ്മേളനം തുടങ്ങുന്നതിന്റെ തലേന്നാള്‍ സജീവമായ ഭക്ഷണശാല തിങ്കളാഴ്ച രാത്രി ഭക്ഷണത്തിനു ശേഷമാണ് അടയ്ക്കുക. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ക്കും ഭക്ഷണം "ക്ഷ" പിടിച്ചതാണ് ഭക്ഷണ കമ്മിറ്റിയുടെ വിജയം. ഉത്തരേന്ത്യന്‍ പ്രതിനിധികള്‍ക്കുവേണ്ട വിഭവങ്ങള്‍ ചൂടോടെ മേശപ്പുറത്തെത്തി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കൊപ്പം മത്സ്യവും മാംസവും. രാവിലെയും ഉച്ചക്കും രാത്രിയും പുറമേ ഇടവേളകളില്‍ ചായയും കോഴിക്കോടന്‍ പലഹാരങ്ങളും. മലയാളി വിഭവങ്ങളായ ഉണ്ണിയപ്പവും ചട്ടിപ്പത്തിരിയും കിണ്ണത്തപ്പവും ഉന്നക്കായയും പ്രതിനിധികള്‍ക്ക് ഇഷ്ടപ്പെട്ടു.

ഭക്ഷണത്തെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂവെന്ന് സിപിഐ എം പഞ്ചാബ്് സംസ്ഥാന കമ്മിറ്റി അംഗമായ ഗുര്‍ പരംജിത്ത് കൗര്‍ പറഞ്ഞു. ഈ സ്വീകരണം മറക്കാനാകില്ല. യുവാക്കള്‍ ചുറുചുറുക്കോടെ സ്വീകരിക്കുകയും പെരുമാറുകയും ചെയ്തപ്പോള്‍ സന്തോഷം തോന്നി. ഈ ആതിഥ്യമര്യാദക്ക് കേരളത്തോട് നന്ദിയുണ്ടെന്ന് കൗര്‍ പറഞ്ഞു. എം ഭാസ്കരന്‍ ചെയര്‍മാനും പി ടി രാജന്‍ ജനറല്‍ കണ്‍വീനറും ബാദുഷ കടലുണ്ടി കോ-ഓര്‍ഡിനേറ്ററുമായ ഭക്ഷണ കമ്മിറ്റി രാത്രിപകല്‍ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്താണ് നടത്തിപ്പ് വിജയകരമാക്കിയത്. ഇരുനൂറോളം വളണ്ടിയര്‍മാരാണ് വിശ്രമമില്ലാതെ ഭക്ഷണശാലയില്‍ നിറഞ്ഞുനിന്നത്. ഭക്ഷണശാലക്കുള്ളിലെ "തട്ടുകട" എല്ലാവര്‍ക്കും കൗതുകമായി. ഈ തട്ടുകടയില്‍ ചായക്കൊപ്പം ലഘുഭക്ഷണവും നല്‍കി. സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായമാണെന്ന് എം ഭാസ്കരന്‍ പറഞ്ഞു.

deshabhimani 090412

No comments:

Post a Comment