Thursday, July 12, 2012

കലിക്കറ്റില്‍ കോപ്പിയടിക്കാം, 2500 രൂപക്ക് തടിയൂരാം


കലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി നിര്‍ഭയം കോപ്പിയടിക്കാം. അഥവാ പിടിക്കപ്പെട്ടാല്‍ എഴുതിയ മുഴുവന്‍ പരീക്ഷ റദ്ദാക്കുകയോ വീണ്ടും പരീക്ഷ എഴുതുന്നത് വിലക്കുകയോ ചെയ്യില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന പിഴയടച്ചാല്‍ പ്രശ്നം തീരും. കഴിഞ്ഞദിവസം ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഈ തീരുമാനമെടുത്തത്. വിജയശതമാനം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പരീക്ഷാസ്റ്റാന്‍ഡിങ് കമ്മറ്റിയുടെ വഴിവിട്ട നീക്കത്തിന് പ്രസക്തിയേറെയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍വകലാശാല പണമുണ്ടാക്കാന്‍ കോപ്പിയടി പ്രോത്സാഹിപ്പിക്കുകയാണെന്നും ആക്ഷേപം ശക്തമായി.

സര്‍വകലാശാല നിലവില്‍ വന്നതുമുതല്‍ യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് അനുസരിച്ചാണ് പരീക്ഷാക്രമക്കേടിന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കുന്നത്. ഇതനുസരിച്ച് കോപ്പിയടിച്ച് പിടിക്കപ്പെട്ടാലോ മൂല്യനിര്‍ണയ സമയത്ത് കോപ്പിയടി തെളിഞ്ഞാലോ വിദ്യാര്‍ഥിയുടെ ആ സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍ മുഴുവന്‍ റദ്ദാക്കും. വീണ്ടും പരീക്ഷ എഴുതാനുള്ള അവസരവും നിഷേധിക്കപ്പെടാം. ഈ സ്റ്റാറ്റ്യൂട്ട് വ്യവസ്ഥയാണ് യുഡിഎഫിന്റെ നോമിനേറ്റഡ് സിന്‍ഡിക്കറ്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അട്ടിമറിച്ചത്. 2500 മുതല്‍ 5000 രൂപ പിഴയടച്ചാല്‍ കോപ്പിയടിച്ച പേപ്പര്‍ മാത്രമേ റദ്ദാക്കൂ എന്നാണ് പുതിയ വ്യവസ്ഥ. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ കോപ്പിയടിച്ച 38 എംബിബിഎസ് വിദ്യാര്‍ഥികളെ നേരത്തെ സിന്‍ഡിക്കറ്റ് ഇടപെട്ട് രക്ഷപ്പെടുത്തിയത് വിവാദമായിരുന്നു.
(സി പ്രജോഷ്കുമാര്‍)

deshabhimani 120712

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി നിര്‍ഭയം കോപ്പിയടിക്കാം. അഥവാ പിടിക്കപ്പെട്ടാല്‍ എഴുതിയ മുഴുവന്‍ പരീക്ഷ റദ്ദാക്കുകയോ വീണ്ടും പരീക്ഷ എഴുതുന്നത് വിലക്കുകയോ ചെയ്യില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന പിഴയടച്ചാല്‍ പ്രശ്നം തീരും. കഴിഞ്ഞദിവസം ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഈ തീരുമാനമെടുത്തത്. വിജയശതമാനം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പരീക്ഷാസ്റ്റാന്‍ഡിങ് കമ്മറ്റിയുടെ വഴിവിട്ട നീക്കത്തിന് പ്രസക്തിയേറെയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍വകലാശാല പണമുണ്ടാക്കാന്‍ കോപ്പിയടി പ്രോത്സാഹിപ്പിക്കുകയാണെന്നും ആക്ഷേപം ശക്തമായി.

    ReplyDelete