Thursday, July 12, 2012
ദേശീയ വാര്‍ത്തകള്‍ - അഭിഭാഷക സമരം, ചിദംബരം, പിങ്കി..
അഭിഭാഷകര്‍ രാജ്യവ്യാപകമായി കോടതി ബഹിഷ്കരിച്ചു
ന്യൂഡല്‍ഹി: സര്‍വകലാശാലാ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിന് ദേശീയതലത്തില്‍ പുതിയ കമീഷനെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്കരിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരമായിരുന്നു ബഹിഷ്കരണം. കീഴ്കോടതികളിലും ഹൈക്കോടതികളിലും നടപടി തടസ്സപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകര്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തില്ല. പകരം പ്രതിഷേധസൂചകമായി വെള്ള ബാഡ്ജ് ധരിച്ചാണ് കോടതി നടപടികളില്‍ പങ്കാളികളായത്. വ്യാഴാഴ്ചയും ബഹിഷ്കരണം തുടരും.
ഉന്നത വിദ്യാഭ്യാസം പൂര്‍ണമായി ഒരു ദേശീയ കമീഷനു കീഴിലാക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ പാസായാല്‍ നിയമ കോഴ്സുകളുടെ നടത്തിപ്പവകാശം ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നഷ്ടമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരുടെ സമരം. 17 ലക്ഷത്തോളം അഭിഭാഷകര്‍ സമരത്തില്‍ പങ്കെടുത്തതായി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍മിശ്ര പറഞ്ഞു. നിയമ പ്രൊഫഷന്‍ നിയന്ത്രിക്കുന്നതില്‍ ബാര്‍കൗണ്‍സിലിനുള്ള സ്വയംഭരണാധികാരം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മിശ്ര കുറ്റപ്പെടുത്തി. വിദേശ നിയമസ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്ത്യയിലേക്ക് കടന്നുകയറാനുള്ള അവസരം ഒരുക്കുകകൂടിയാണ് കേന്ദ്രം. ചില നിഷിപ്ത താല്‍പ്പര്യങ്ങള്‍ ഇതിനു പിന്നിലുണ്ട്- മിശ്ര പറഞ്ഞു.
അഭിഭാഷക സമരത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ 2ജി കേസിലെ വിസ്താരമടക്കം തടസ്സപ്പെട്ടു. ആറ് ജില്ലാ കോടതികളിലും ഹൈക്കോടതികളിലും കേസുകള്‍ കൂട്ടത്തോടെ മാറ്റി. അഭിഭാഷകസമരത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകനായ അനൂപ് അവസ്തി ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. കേരളത്തില്‍, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ളവര്‍ കോടതിയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, അഡ്വക്കറ്റ് ജനറലിന്റെ പ്രത്യേക സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി. ഭൂരിഭാഗം ന്യായാധിപരും രാവിലെ പതിവുപോലെ സിറ്റിങ് നടത്തിയെങ്കിലും അഭിഭാഷകരുടെ അഭാവത്തില്‍ സിറ്റിങ് അവസാനിപ്പിച്ചു.
ഐസ്ക്രീമും അരിയും: ചിദംബരത്തിന്റെ പ്രസ്താവന വിവാദമായി
ന്യൂഡല്‍ഹി: ഐസ്ക്രീമിന് 20 രൂപ കൊടുക്കാന്‍ തയ്യാറാകുന്ന ജനങ്ങള്‍ അരിക്ക് ഒരു രൂപ കൂടുതല്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് വിചിത്രമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തില്‍. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ചിദംബരം ഇങ്ങനെ പ്രതികരിച്ചത്. ദേശീയ മാധ്യമങ്ങള്‍ ഈ പ്രസ്താവന വിവാദമാക്കിയ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി ഒരുവസ്തുത പറയുക മാത്രമാണ് ചെയ്തത്. ആരെയും കളിയാക്കാനല്ല ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ കണ്ടാല്‍ ഈ വസ്തുതകള്‍ ബോധ്യമാകുമെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിര്‍ബന്ധിത ലിംഗ പരിശോധനയ്ക്ക് വിധേയയാക്കിയെന്ന് പിങ്കി
കൊല്‍ക്കത്ത: തന്നെ നിര്‍ബന്ധിത ലിംഗപരിശോധനയ്ക്ക് വിധേയയാക്കിയതായി ജയില്‍മോചിതയായ കായികതാരം പിങ്കി പ്രമാണിക് പരാതിപ്പെട്ടു. ഡംഡം ജയിലില്‍ കഴിയവേ പൊലീസുകാര്‍ കൈകാലുകള്‍ കെട്ടി അടുത്തുള്ള സ്വകാര്യനേഴ്സിങ് ഹോമില്‍ കൊണ്ടുപോയി ലിംഗ പരിശോധന നടത്തിയെന്നാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പിങ്കിയുടെ പരാതി. 26 ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് പിങ്കി ജയില്‍മോചിതയായത്. പരിശോധനയ്ക്ക് സമ്മതമല്ലെന്ന് താന്‍ കരഞ്ഞു പറഞ്ഞെങ്കിലും അധികൃതര്‍ അത് കൂട്ടാക്കിയില്ലെന്നും ഏഷ്യന്‍സ് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പിങ്കി പറഞ്ഞു. തന്നെ ബലാത്സംഗക്കേസില്‍ കുടുക്കിയതാണെന്നും അവര്‍ പറഞ്ഞു. തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന സ്ത്രീ കൂടുതല്‍ പണം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിന്റെ പ്രതികാരമായിട്ടാണ് തന്നെ കേസില്‍ കുടുക്കിയതെന്നും പിങ്കി മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്ര സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണം: ശരത് യാദവ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വന്‍ സംഭാവനകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തീര്‍ഥാടനകേന്ദ്രങ്ങളുടെ വികസനത്തിന് ഉപയോഗിക്കണമെന്ന് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ ജനതാദള്‍(യു) നേതാവ് ശരത് യാദവ്. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനവും ഇത്തരത്തില്‍ ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം, മഹാരാഷ്ട്രയിലെ മഹാലക്ഷ്മി ക്ഷേത്രം തുടങ്ങിയ വന്‍ ക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്താണുള്ളത്. ഇത്തരം ക്ഷേത്രങ്ങളിലെ പണവും സ്വര്‍ണവും പൊതുജനങ്ങള്‍ സംഭാവനയായി നല്‍കിയതാണ്. ഈ പണം മുഴുവന്‍ കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലായിരിക്കണം. ഇത് രാജ്യത്തെ തീര്‍ഥാടനകേന്ദ്രങ്ങളുടെ വികസനത്തിനുപയോഗിക്കണം-ശരത് യാദവ് പറഞ്ഞു.
deshabhimani 120712
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment