Sunday, July 8, 2012

ജനവിശ്വാസത്തെ മാധ്യമങ്ങള്‍ വഞ്ചിച്ചു: സെബാസ്റ്റ്യന്‍പോള്‍


ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ച് മാധ്യമങ്ങള്‍ ട്രോജന്‍ കുതിരകളായി മാറിയെന്ന് മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസമാണ് മാധ്യമങ്ങളുടെ ശക്തി. സാമ്രാജ്യത്വം, വര്‍ഗീയത എന്നിവയ്ക്കെതിരെ നമ്മള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ ട്രോജന്‍ കുതിരകളായി മാധ്യമങ്ങള്‍ നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്നു. നമുക്ക് സ്വീകാര്യമല്ലാത്ത ആശയങ്ങളെ വ്യാജമായ സമ്മതിയിലൂടെ നിര്‍മിച്ചെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലാ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "അരനൂറ്റാണ്ട് പിന്നിട്ട കേരളം" പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ജനങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ക്ക് പൊതുസമൂഹത്തെയും പൊതുസമൂഹത്തിന് മാധ്യമങ്ങളെയും വിമര്‍ശിക്കാം. എന്നാല്‍, മാധ്യമങ്ങള്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കുന്നു. മാധ്യമങ്ങളെ കുറിച്ച് എല്ലാവര്‍ക്കും ആക്ഷേപമുണ്ട്. സിപിഐ എം അത് ഉറക്കെ പറയുന്നു.

മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയശക്തിയുണ്ടെന്ന് തിരിച്ചറിയുന്നത് വിമോചനസമരകാലത്താണ്. അന്ന് സിഐഎയുടെ പണം വ്യാപകമായി പത്രങ്ങള്‍ക്ക് ലഭിച്ചു. വ്യക്തിപരമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ നിന്ന് കോര്‍പറേറ്റ് രീതിയിലേക്ക് മാധ്യമങ്ങള്‍ മാറി. അതോടെ ലാഭമുണ്ടാക്കാതെ മുന്നോട്ടുപോകാന്‍ കഴിയാതായി. മാധ്യമങ്ങളുടെ നടത്തിപ്പ് അത്രയേറെ പണച്ചെലവുള്ളതാണ് ഇന്ന്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമസാമ്രാജ്യത്വത്തെ വിശേഷിപ്പിക്കാം. മാധ്യമങ്ങള്‍ കോര്‍പറേറ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നവയായും മാറി. കോര്‍പറേറ്റുകള്‍ക്ക് ദാസ്യവൃത്തി ചെയ്യുന്ന അവസ്ഥയിലെത്തി. കോര്‍പറേറ്റുകളും മാധ്യമങ്ങളുമായുള്ള അവിഹിതബന്ധമാണ് അജണ്ടകള്‍ നിശ്ചയിക്കുന്നത്. ആഗോളവല്‍ക്കരിക്കപ്പെട്ട വാര്‍ത്താ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ അതേപോലെ തന്നെ കോര്‍പറേറ്റ് ദാസ്യവൃത്തി ചെയ്യുന്ന മാധ്യമങ്ങള്‍ സ്വീകരിക്കുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഇതു ബാധിക്കുന്നത്. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ തനിയെ പൊഴിഞ്ഞുപോകും.

വിശ്വാസ്യത നഷ്ടപ്പെടുത്തിയാണ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നീരാ റാഡിയ ടേപ്പ് സംഭവത്തില്‍ കോര്‍പറേറ്റുകളും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമായുള്ള അവിഹിതബന്ധം വ്യക്തമായി. സ്വതന്ത്രമെന്ന നാട്യത്തില്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും സെബാസ്റ്റ്യന്‍പോള്‍ വ്യക്തമാക്കി.

deshabhimani 080712

1 comment:

  1. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ജനങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ക്ക് പൊതുസമൂഹത്തെയും പൊതുസമൂഹത്തിന് മാധ്യമങ്ങളെയും വിമര്‍ശിക്കാം. എന്നാല്‍, മാധ്യമങ്ങള്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കുന്നു. മാധ്യമങ്ങളെ കുറിച്ച് എല്ലാവര്‍ക്കും ആക്ഷേപമുണ്ട്. സിപിഐ എം അത് ഉറക്കെ പറയുന്നു.

    ReplyDelete