Wednesday, July 11, 2012

പി ജയരാജനെ പ്രതിയാക്കാന്‍ മാതൃഭൂമിയുടെ ഗൂഢനീക്കം


യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ഘടകകക്ഷി നേതാവിന്റെ പത്രമായ മാതൃഭൂമിയുടെ വഴിവിട്ട നീക്കം. ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ പ്രതിയാക്കുമെന്ന മാതൃഭൂമിയുടെ ചൊവ്വാഴ്ചത്തെ മുഖ്യവാര്‍ത്ത ഉന്നതതലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടത്. ഷുക്കൂറിനെ വധിക്കാന്‍ ജയരാജന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്നതാണ് ജയരാജന്റെ പേരില്‍ ഇപ്പോള്‍ ആരോപിക്കുന്ന കുറ്റം. ഗൂഢാലോചന തെളിയിക്കാന്‍ കഴിയില്ലെങ്കില്‍, അറിവുണ്ടായിട്ടും തടഞ്ഞില്ലെന്ന കുറ്റം ചുമത്തുക എന്ന രാഷ്ട്രീയ നെറികേടിനാണ് യുഡിഎഫ് ഗവണ്‍മെന്റ് മുതിരുന്നത്. പൊലീസിനെ രാഷ്ട്രീയ ഉപകരണമാക്കിയ സര്‍ക്കാര്‍ വന്‍കിട മാധ്യമങ്ങളുടെ പിന്തുണയോടെ നഗ്നമായ പകപോക്കല്‍ നടത്തുകയാണെന്ന് മാതൃഭൂമിയുടെ മുഖ്യവാര്‍ത്ത വ്യക്തമാക്കുന്നു. ജയരാജനെതിരെ തെളിവുണ്ടാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പൊളിഞ്ഞതോടെ അറസ്റ്റിന് വഴികാണാതെ കുഴങ്ങിയതാണ് മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനം.

തിങ്കളാഴ്ച ചോദ്യംചെയ്യലിനുശേഷം ജയരാജനെ അറസ്റ്റ്ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് ഉന്നതതലത്തില്‍നിന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ക്ക് ലഭിച്ചത്. അതിനായി വന്‍സന്നാഹവും ഒരുക്കി. രണ്ടാംവട്ട ചോദ്യംചെയ്യലിലും അറസ്റ്റിന് ആധാരമാക്കാവുന്ന ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് മേധാവി ഡിജിപിയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടായി കൊടുക്കാവുന്നത് പ്രതികളില്‍ ചിലരുടെ "മൊഴി"കള്‍ മാത്രമാണെന്നതും പൊലീസിനെ വെട്ടിലാക്കി. പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയോട് ചോദിക്കാവുന്ന ഒരു സാധ്യതയും ഇല്ലെന്നും അവര്‍ക്ക് ബോധ്യപ്പെട്ടു. കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുവദിക്കാതിരുന്നാല്‍ വസ്തുതകള്‍ പുറത്തുവരുമെന്നും ഇതുവരെ കെട്ടിപ്പൊക്കിയ കള്ളക്കേസ് പൊളിയുമെന്നും നന്നായറിയുന്നവരാണ് പൊലീസ്. ഒടുവില്‍ അറസ്റ്റ് തീരുമാനം മാറ്റി.

ജയരാജനെ കേസില്‍ പ്രതിയാക്കണമെന്ന രാഷ്ട്രീയ തീരുമാനം നിലനില്‍ക്കുമെന്ന് പൊലീസിനറിയാം. അതിന് പശ്ചാത്തലമൊരുക്കാന്‍ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമായി. ഇതേതുടര്‍ന്നാണ് മാതൃഭൂമിയുടെ ഉടമസ്ഥതലത്തില്‍ അറിഞ്ഞുകൊണ്ട് ഇത്തരമൊരു കള്ളം മുഖ്യവാര്‍ത്തയാക്കിയത്. സായാഹ്നപത്രങ്ങള്‍പോലും മടിക്കുന്ന രീതിയിലാണ് മാതൃഭൂമിയുടെ വാര്‍ത്താനിര്‍മിതി. വീരേന്ദ്രകുമാര്‍ സ്പോണ്‍സര്‍ചെയ്യുന്ന ക്രൈം നന്ദകുമാറിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ രണ്ടാമത്തെ പത്രം മൂക്കുകുത്തിയത് സഹജീവികളെപോലും അത്ഭുതപ്പെടുത്തി. ഒന്നാം ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരം ലഭിച്ചുവെന്ന് വച്ചുകാച്ചിയ പൊലീസ് മേധാവി ഇത്തവണ സൂക്ഷിച്ചാണ് പ്രതികരിച്ചത്. ഒന്നും വെളിപ്പെടുത്താനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ മിതത്വം പാലിക്കാന്‍ നിര്‍ബന്ധിതരായി.

യുഡിഎഫ് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാന്‍ ബാധ്യതപ്പെട്ട മാതൃഭൂമിക്ക് "സുപ്രധാന വിവരങ്ങള്‍" എവിടുന്ന് കിട്ടിയെന്ന് വ്യക്തമല്ല. "കേസില്‍ ഉള്‍പ്പെട്ട മറ്റു സിപിഐ എം പ്രവര്‍ത്തകരുടെ മൊഴി നിഷേധിക്കാന്‍ ജയരാജന് കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്"- ഇങ്ങനെ പോകുന്നു മാതൃഭൂമിയുടെ നിരീക്ഷണം. മറ്റു മാധ്യമങ്ങള്‍ ഇത്തരമൊരു ഭാവനാവിലാസത്തിന് മുതിര്‍ന്നില്ലെന്നത് നല്ലകാര്യം. പൊലീസിന്റെ പ്രതികാര നടപടിക്കും അമിതാധികാര പ്രവണതക്കും ഓശാന പാടാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് എം വി ജയരാജനെതിരായ ചൊവ്വാഴ്ചത്തെ പത്രവാര്‍ത്ത. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തെറ്റായ നടപടി ചോദ്യംചെയ്യുന്നത് മഹാ അപരാധമാണെന്നാണ് മാധ്യമങ്ങളുടെ നിലപാട്. ജയരാജനെതിരെ ഇന്ത്യന്‍ശിക്ഷാനിയമം 117 പ്രകാരമാണ് കേസെടുത്തതെന്ന് "മാധ്യമം" പത്രം റിപ്പോര്‍ട്ട്് ചെയ്തത് അജ്ഞതമൂലമാകില്ല. മറിച്ച് അവരുടെ ആഗ്രഹമാകാനാണ് സാധ്യത. പത്തിലേറെപേര്‍ സംഘം ചേര്‍ന്ന് നടത്തുന്ന കായികാക്രമണത്തിന് മൂന്ന് വര്‍ഷത്തിലേറെ തടവുശിക്ഷ നല്‍കാവുന്ന വകുപ്പാണ് ഐപിസി 117. ഈ മാധ്യമങ്ങള്‍ ജനാധിപത്യബോധത്തില്‍നിന്ന് എത്ര അകലെയാണെന്ന ചോദ്യമാണ് ജനങ്ങളില്‍നിന്ന് ഉയരുന്നത്.

deshabhimani 110712

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ഘടകകക്ഷി നേതാവിന്റെ പത്രമായ മാതൃഭൂമിയുടെ വഴിവിട്ട നീക്കം. ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ പ്രതിയാക്കുമെന്ന മാതൃഭൂമിയുടെ ചൊവ്വാഴ്ചത്തെ മുഖ്യവാര്‍ത്ത ഉന്നതതലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടത്. ഷുക്കൂറിനെ വധിക്കാന്‍ ജയരാജന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്നതാണ് ജയരാജന്റെ പേരില്‍ ഇപ്പോള്‍ ആരോപിക്കുന്ന കുറ്റം. ഗൂഢാലോചന തെളിയിക്കാന്‍ കഴിയില്ലെങ്കില്‍, അറിവുണ്ടായിട്ടും തടഞ്ഞില്ലെന്ന കുറ്റം ചുമത്തുക എന്ന രാഷ്ട്രീയ നെറികേടിനാണ് യുഡിഎഫ് ഗവണ്‍മെന്റ് മുതിരുന്നത്. പൊലീസിനെ രാഷ്ട്രീയ ഉപകരണമാക്കിയ സര്‍ക്കാര്‍ വന്‍കിട മാധ്യമങ്ങളുടെ പിന്തുണയോടെ നഗ്നമായ പകപോക്കല്‍ നടത്തുകയാണെന്ന് മാതൃഭൂമിയുടെ മുഖ്യവാര്‍ത്ത വ്യക്തമാക്കുന്നു. ജയരാജനെതിരെ തെളിവുണ്ടാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പൊളിഞ്ഞതോടെ അറസ്റ്റിന് വഴികാണാതെ കുഴങ്ങിയതാണ് മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനം.

    ReplyDelete