Thursday, July 5, 2012

ആദികണം കണ്‍മുന്നില്‍


ജനീവ: പ്രപഞ്ചോല്‍പ്പത്തിയില്‍ പ്രധാന പങ്ക് വഹിച്ച ആദികണം(ഹിഗ്സ് ബോസോണ്‍ കണിക) കണ്ടെത്താനുള്ള ഗവേഷകരുടെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. ഹിഗ്സ് ബോസോണിനോട് 99 ശതമാനത്തിലധികം സാമ്യമുള്ള കണങ്ങളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ശാസ്ത്രലോകത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ആദികണം കണ്‍മുന്നിലെന്ന് കാണിക്കുന്ന പ്രഖ്യാപനം.

യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രമാണ് (സേണ്‍) പ്രഖ്യാപനം നടത്തിയത്. എന്നാല്‍,കണ്ടെത്തിയത് "ദൈവകണം" എന്നുവിളിപ്പേരുള്ള ഹിഗ്സ് ബോസോണ്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇനിയും ദീര്‍ഘമായ ഗവേഷണം ആവശ്യമാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ജനീവയ്ക്ക് സമീപം ഭൂമിക്കടിയില്‍ 70 മീറ്റര്‍ താഴെ 27 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ സിഎംഎസ്, അറ്റ്ലസ് എന്നീ രണ്ടുപരീക്ഷണസംഘങ്ങള്‍ നടത്തുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സിഎംഎസ് സംഘത്തില്‍ 2,100 ഗവേഷകരും അറ്റ്ലസില്‍ 3,000 പേരുമാണ് പ്രവര്‍ത്തിക്കുന്നത്. 1,25,126 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡം വരുന്ന പുതിയ കണത്തെ സിഗ്മ അഞ്ച് തലത്തിലാണ്(അതായത് 99.977 ശതമാനം ഉറപ്പ്) കണ്ടെത്തിയതെന്ന് അറ്റ്ലസ് പരീക്ഷണസംഘത്തിന്റെ വക്താവ് ഫാബിയോള ജിയാനട്ടി പറഞ്ഞു(ഒരു പ്രോട്ടോണ്‍ ഭാരത്തിന്റെ 130 മടങ്ങാണ് ഒരു ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട്). അര നൂറ്റാണ്ടായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് പ്രപഞ്ച പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം(കേവലാര്‍ഥത്തില്‍ ഭാരം) നല്‍കു ന്ന സൂക്ഷ്മകണത്തോട് പൊരുത്തമുള്ള കണങ്ങളെ കണ്ടെത്തിയത്. പ്രപഞ്ചോല്‍പ്പത്തിയ്ക്ക് ഇടയാക്കിയ മഹാ വിസ്ഫോടനത്തിനുശേഷം നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ജന്മമേകിയത് ഹിഗ്സ് ബോസോണ്‍ കണമാണെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. "പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ നമ്മള്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്"- സേണ്‍ ഡയറക്ടര്‍ റോള്‍ഫ് ഹോയര്‍ പറഞ്ഞു. ഹിഗ്സ് ബോസോണുമായി സാമ്യമുള്ള കണത്തെ കണ്ടെത്തിയതോടെ ഗവേഷണം അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കും. കണ്ടെത്തിയ കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങളായിരിക്കും ഇനി നടക്കുകയെന്നും ഹോയര്‍ കൂട്ടിച്ചേര്‍ത്തു.

മഹത്തായ കണ്ടുപിടിത്തങ്ങള്‍ക്ക് അവശ്യം വേണ്ട ഉറപ്പ് ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ക്കുണ്ടെന്ന് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ വക്താവ് ജോയ് ഇന്‍കാന്‍ഡെല സേണില്‍ ഒത്തുകൂടിയ ശാസ്ത്രജ്ഞന്മാരോട് പറഞ്ഞു. 1964ല്‍ ആറ് ഭൗതിക ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ് ഹിഗ്സ് ബോസോണ്‍ എന്ന സങ്കല്‍പം മുന്നോട്ടുവച്ചത്. സംഘത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്റെ പേരിലെ "ഹിഗ്സും", ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍നിന്നും "ബോസും" ചേര്‍ത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോണ്‍" എന്ന് പേരിട്ടത്. "ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഹിഗ്സ് ബോസോണിനെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല"- 83 കാരനായ പീറ്റര്‍ ഹിഗ്സ് മാധ്യമങ്ങളോട് പറഞ്ഞു. 1400 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാ വിസ്ഫോടനം സൃഷ്ടിച്ച അദൃശ്യപ്രതലത്തിലാണ് ഹിഗ്സ് ബോസോണ്‍ ഉള്ളതെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ഹിഗ്സ് ബോസോണുമായി കൂട്ടിയിടിക്കുന്ന കണങ്ങളുടെ വേഗം കുറയുകയും അവയ്ക്ക് പിണ്ഡം ലഭിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ യന്ത്രമാണ് കണികാപരീക്ഷണം നടക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍.

ഭാരത്തിന് തെളിവ്

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ ശാസ്ത്രനേട്ടമാണ് ഹിഗ്സ് ബോസോണ്‍ കണികയുടെ കണ്ടെത്തല്‍. അരനൂറ്റാണ്ടായി ശാസ്ത്രജ്ഞര്‍ ഇതിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഹിഗ്സ് കണിക ഇതുവരെ ഭൗതികശാസ്ത്രജ്ഞരുടെ മനസ്സില്‍ മാത്രമായിരുന്നു. പരമാണുക്കളും തന്മാത്രകളും ചേര്‍ന്നുണ്ടാകുന്ന വസ്തുക്കള്‍ക്ക് പിണ്ഡം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറ് ഭൗതികശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘമാണ് 1964ല്‍ വസ്തുക്കള്‍ക്ക് പിണ്ഡം നല്‍കുന്ന ഘടകം വിശദീകരിക്കാന്‍ സിദ്ധാന്തം ആവിഷ്കരിച്ചത്. ഇതനുസരിച്ച് ഹിഗ്സ് ഫീല്‍ഡ് എന്ന ഊര്‍ജംകൊണ്ട് പ്രപഞ്ചം നിറഞ്ഞിരിക്കുന്നു. ഈ ഊര്‍ജമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കണങ്ങളുടെ പ്രതിപ്രവര്‍ത്തനഫലമായാണ് അവയ്ക്ക് പിണ്ഡം ലഭിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ കണികാ പരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍നിന്നാണ് ഈ കണങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. കണികയ്ക്ക് പേരിടാന്‍ ബ്രിട്ടനിലെ "ഗാര്‍ഡിയന്‍" പത്രം മത്സരം നടത്തിയിരുന്നു. ആവേശപൂര്‍വം നടത്തിയ മത്സരത്തില്‍നിന്ന് തെരഞ്ഞെടുത്ത പേര് ഇതായിരുന്നു- ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍. ഷാംപെയ്ന്‍ ബോട്ടിലിന്റെ അടിഭാഗത്തിന്റെ ആകൃതിയോട് കണങ്ങളുടെ മൂലതത്വങ്ങള്‍ക്ക് സാദൃശ്യം കണ്ടെത്തിയതാണ് കാരണം. ഹിഗ്സ്-ബോസോണ്‍ എന്നതിലെ ബോസോണ്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റെ പേരില്‍നിന്നാണ്. ഈ മേഖലയില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയ ബോസിന്റെ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം. കണികയ്ക്ക് ദൈവകണം എന്ന വിളിപ്പേര് നല്‍കിയത് നൊബേല്‍ സമ്മാനജേതാവായ ഭൗതികശാസ്ത്രജ്ഞന്‍ ലിയോണ്‍ ലെഡര്‍മാനാണ്. എന്നാല്‍, കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഹിഗ്സ് തന്നെ ഈ പേരിനോട് യോജിക്കുന്നില്ല. അദ്ദേഹം പറയുന്നു: ഈ പ്രയോഗം എന്നെ അമ്പരപ്പിക്കുന്നു. കാരണം, ഞാന്‍ തന്നെ വിശ്വാസിയല്ലെങ്കിലും ഇത്തരം പദപ്രയോഗങ്ങള്‍ ദുരുപയോഗമാണ്. എന്നാല്‍, ലെഡര്‍മാന്‍പോലും ഈ പ്രയോഗത്തിന് ഉത്തരവാദിയല്ല. അദ്ദേഹത്തിന്റെ എഡിറ്ററാണ് ഈ പേരുതന്നെ നല്‍കണമെന്ന് നിര്‍ബന്ധംപിടിച്ചത്്.

ആദി കണത്തിലും ഇന്ത്യന്‍ മുദ്ര

ജനീവ: "ആദികണ"ത്തിന്റെ ആദ്യ അടയാളം കണ്ടെത്തിയ ശാസ്ത്രസംഘത്തിലും ഇന്ത്യന്‍ തിളക്കം. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രത്തില്‍ (സേണ്‍) നൂറിലധികം ഇന്ത്യന്‍ ഗവേഷകരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നിതാന്തപരിശ്രമത്തിന്റെകൂടി ഫലമായിട്ടാണ് മനുഷ്യന്റെ ശാസ്ത്രാന്വേഷണത്വരയെ പ്രലോഭിപ്പിക്കുന്ന നിഗൂഢതയുടെ ചുരുള്‍നിവരുന്നത്. ഇന്ത്യയിലെ 10 പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനത്തില്‍നിന്നുള്ള ഗവേഷകര്‍ പദ്ധതിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അലിഗഢ് മുസ്ലിം സര്‍വകലാശാല, ജമ്മു സര്‍വകലാശാല, ഭുവനേശ്വര്‍ ഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ്, ഗുവാഹത്തി, രാജസ്ഥാന്‍ സര്‍വകലാശാലകള്‍, കൊല്‍ക്കത്തയിലെ സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ്, വേരിയബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍, ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി മുംബൈ എന്നിവയാണ് സേണിലെ വിവിധ പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്ത ബംഗാളി ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍കൂടിയാണ് ഹിഗ്സ് ബോസോണ്‍ അറിയപ്പെടുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോടൊപ്പം ബോസ് ക്വാണ്ടം മെക്കാനിക്സ് ശാസ്ത്രമേഖലയില്‍ നടത്തിയ പരീക്ഷണങ്ങളാണ് "ആദികണ"ത്തിലേക്ക് വഴിതുറന്നത്. ഇരുവരുടെയും കണ്ടെത്തലുകളോട് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സ് നടത്തിയ കൂട്ടിച്ചേര്‍ക്കലുകളോടെയാണ് ആദികണം സങ്കല്‍പ്പംമാത്രമല്ലെന്ന് വ്യക്തമായത്. പീറ്റര്‍ ഹിഗ്സിന്റെയും സത്യേന്ദ്രനാഥ ബോസിന്റെയും പേരുകള്‍ ചേര്‍ത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോണ്‍" എന്ന് പേര് വന്നത്. ""പദ്ധതിയുടെ ചരിത്രപരമായ പിതൃത്വം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്""- സിഇആര്‍എന്‍ വക്താവ് പാവ്ലോ ജിയുബെല്ലിനോ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. സേണ്‍ ഗവേഷണകേന്ദ്രത്തിന്റെ പ്രധാന ഘടകം 8000 ടണ്‍ ഭാരമുള്ള ഭീമന്‍ കാന്തമാണ്. ഈഫല്‍ ഗോപുരത്തേക്കാള്‍ ഭാരമുള്ള ഈ കാന്തം ഇന്ത്യന്‍ ഗവേഷകരുടെ സജീവസഹകരണംകൊണ്ട് നിര്‍മിച്ചതാണ്. ചണ്ഡീഗഢില്‍നിന്ന് നിര്‍മിച്ച ലക്ഷക്കണക്കിന് ഇലക്ട്രോണിക് ചിപ്പുകളും ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കത്തെ താങ്ങുന്ന ഹൈഡ്രോളിക് സ്റ്റാന്‍ഡുകളും ഇന്ത്യയുടെ സംഭാവനയാണ്. ഇന്ത്യന്‍ ആണവഗവേഷണവകുപ്പും ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പും സേണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

deshabhimani 050712

No comments:

Post a Comment