Thursday, July 5, 2012

ഐസ്ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് വി എസിന് നല്‍കണം


മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമം അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിഎസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസുമാരായ ജി എസി സിങ്വി, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.

ദീര്‍ഘനാള്‍ പൊതുരംഗത്തുള്ള വിഎസിനെ പോലൊരു നേതാവിന് അന്വേഷണറിപ്പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതുപോലുള്ള വിഷയങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വിഎസിന് അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. സിബിഐ എന്തുകൊണ്ട് കേസില്‍ കക്ഷിയായില്ലെന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. കേസന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടമുണ്ടാവണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. വിഎസിന് വേണ്ടി കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ, ആര്‍ സതീശ് എന്നിവര്‍ ഹാജരായി.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവുകള്‍ ലഭ്യമല്ലെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും അന്വേഷണസംഘം കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിഎസിനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് സുപ്രീംകോടതി ഉത്തരവ്.

deshabhimani news

1 comment:

  1. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമം അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിഎസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസുമാരായ ജി എസി സിങ്വി, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.

    ReplyDelete