Monday, July 9, 2012

കോണ്‍ഗ്രസിനെതിരെ പോരാട്ടം തുടരും:ബുദ്ധദേവ്


 രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍നിന്ന് സിപിഐ എം പിന്മാറില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്് ഭട്ടാചാര്യ പറഞ്ഞു. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ പാര്‍ടി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയില്‍ വര്‍ഗീയകക്ഷികളെ ഒഴിവാക്കിനിര്‍ത്താന്‍വേണ്ടിയാണ് പ്രണബിന് പിന്തുണ നല്‍കാന്‍ പാര്‍ടി തീരുമാനിച്ചത്. അതുകൊണ്ട് യുപിഎ സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെയും ജനവിരുദ്ധനടപടികളെയും പിന്തുണയ്ക്കുമെന്ന് അര്‍ഥമില്ല. അവയ്ക്കെതിരായ പോരാട്ടം സിപിഐ എമ്മും ഇടതുപക്ഷകക്ഷികളും വിട്ടുവിഴ്ചയില്ലാതെ തുടരും.

കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും തുടരുന്ന തെറ്റായ സാമ്പത്തികനയം രാജ്യത്തെ വന്‍വിപത്തിലേക്കാണ് നയിക്കുന്നത്. ലോക സാമ്പത്തികമേധാവികളുടെയും മുതലാളിത്ത രാജ്യങ്ങളുടെയും താല്‍പ്പര്യാര്‍ഥം നടപ്പാക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍തന്നെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയിലും യൂറോപ്പിലും ഈ ദുഷിച്ച നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ജനങ്ങള്‍ അണിനിരക്കുന്നു. എന്നാല്‍, കോണ്‍ഗ്രസും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമായിരുന്നു ബംഗാള്‍. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണം വന്നതോടെ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സ്ഥലമായി ബംഗാള്‍ മാറി. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രിക്കുതന്നെ തുറന്നുപറയേണ്ടിവന്നു. നിത്യോപയോഗസാധനങ്ങളുടെ വിലനിലവാരം കുതിച്ചുയരുന്നു. ജനാധിപത്യ, പൗര അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. വ്യവസായവികസനം ആകെ മുരടിച്ചു. വിദ്യാഭ്യാസരംഗത്ത് അരാജകത്വം തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാനും ബുദ്ധദേവ് പാര്‍ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
(ഗോപി)

deshabhimani 090712

1 comment:

  1. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍നിന്ന് സിപിഐ എം പിന്മാറില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്് ഭട്ടാചാര്യ പറഞ്ഞു. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ പാര്‍ടി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete