Monday, July 9, 2012
ഉല്പ്പാദനമേഖലയ്ക്കുള്ള തുക വകമാറ്റുന്നു; ഷോപ്പിങ് കോംപ്ലക്സിനും പഞ്ചായത്ത് പദ്ധതിപ്പണം
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്പണം ഉപയോഗിച്ച് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാന്‍ അനുമതിക്ക് നിര്‍ദേശം. വന്‍ അഴിമതിക്കും ധൂര്‍ത്തിനും ഇടവരുത്തുന്ന ഈ നിര്‍ദേശം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ മാര്‍ഗരേഖയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, വെയിറ്റിങ് ഷെഡുകള്‍, നടപ്പാതകള്‍ തുടങ്ങിയവയ്ക്കുപുറമെ ഷോപ്പിങ് കോംപ്ലക്സ് കൂടി പശ്ചാത്തല മേഖലാ വകയിരുത്തലില്‍ ഉള്‍പ്പെടുത്താമെന്ന് 12-ാം പദ്ധതി മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വാണിജ്യാവശ്യത്തിനായതിനാല് ഷോപ്പിങ് കോംപ്ലക്സുകളുടെ നിര്‍മാണം പദ്ധതിപ്പണം ഉപയോഗിച്ച് നടത്താന്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. തനതുഫണ്ട് ഉപയോഗിച്ചുമാത്രമായിരുന്നു ഇതുവരെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം. തനതു ഫണ്ട് തികയാത്തതിനാല്‍ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (കെയുആര്‍ഡിഎഫ്സി)നിന്ന് വായ്പയെടുക്കാനും തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ചിരുന്നു. പദ്ധതിയുടെ വിജയസാധ്യത പരിശോധിച്ചായിരുന്നു വായ്പ അനുവദിച്ചിരുന്നത്. എന്നിട്ടും ഷോപ്പിങ് കോംപ്ലക്സുകള്‍ പണിത പല തദ്ദേശസ്ഥാപനങ്ങളും കടക്കെണിയിലായി. ഷോപ്പിങ് കോംപ്ലക്സില്‍നിന്നുള്ള വരുമാനം പോലും കണക്കാക്കാതെയുള്ള നിര്‍മാണങ്ങള്‍ക്ക് പുതിയ തീരുമാനം വഴിവയ്ക്കും. കെട്ടിടനിര്‍മാണ ലോബിക്ക് കൊയ്ത്തിനും വ്യാപകമായ അഴിമതിക്കും ഇത് ഇടയാക്കും.
പശ്ചാത്തലമേഖലയില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധിയും വര്‍ധിപ്പിച്ചു. ഇത് തദ്ദേശസ്ഥാപനങ്ങളുടെ ഉല്‍പ്പാദനപ്രക്രിയകള്‍ക്കും തിരിച്ചടിയാകും. പദ്ധതിവിഹിതത്തിന്റെ 30 ശതമാനംവരെയേ പശ്ചാത്തലമേഖലയില്‍ ചെലവിടാന്‍ പഞ്ചായത്തുകളെ അനുവദിച്ചിരുന്നുള്ളൂ. ഇത് 45 ശതമാനമായി വര്‍ധിപ്പിച്ചു. ഉല്‍പ്പാദനമേഖലയില്‍ 40 ശതമാനം തുകയെങ്കിലും നിര്‍ബന്ധമായി വകയിരുത്തണമെന്ന വ്യവസ്ഥയും മാറ്റി. പശ്ചാത്തലമേഖലയ്ക്കും സേവനമേഖലയ്ക്കും മാത്രമായി മുഴുവന്‍ പദ്ധതിപ്പണവും വിനിയോഗിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ആഗോളവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉല്‍പ്പാദനമേഖല ഇപ്പോള്‍ത്തന്നെ തകര്‍ച്ചയിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ബന്ധിത വകയിരുത്തല്‍ കൂടി ഇല്ലാതാകുന്നതോടെ കാര്‍ഷിക മേഖല കൂടുതല്‍ തകര്‍ച്ചയിലാകും. പ്രാദേശികപദ്ധതികളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള സാങ്കേതിക ഉപദേശകസമിതി സംവിധാനം അവസാനിപ്പിക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഈ സമിതി ഇല്ലാതാകുന്നതോടെ ഭരണസമിതികള്‍ക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കേണ്ടിവരും. പ്രാദേശിക ആസൂത്രണപ്രവര്ത്തനങ്ങളില് ഉദ്യോഗസ്ഥമേധാവിത്വം വീണ്ടും കടന്നുവരുന്നതോടെ, ലോകത്തിനുതന്നെ മാതൃകയായി മാറിയ ജനകീയാസൂത്രണ പരിപാടിയും തകരും.
(ആര് സാംബന്)
deshabhimani 090712
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്പണം ഉപയോഗിച്ച് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാന്‍ അനുമതിക്ക് നിര്‍ദേശം. വന്‍ അഴിമതിക്കും ധൂര്‍ത്തിനും ഇടവരുത്തുന്ന ഈ നിര്‍ദേശം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ മാര്‍ഗരേഖയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, വെയിറ്റിങ് ഷെഡുകള്‍, നടപ്പാതകള്‍ തുടങ്ങിയവയ്ക്കുപുറമെ ഷോപ്പിങ് കോംപ്ലക്സ് കൂടി പശ്ചാത്തല മേഖലാ വകയിരുത്തലില്‍ ഉള്‍പ്പെടുത്താമെന്ന് 12-ാം പദ്ധതി മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
ReplyDelete