Sunday, July 8, 2012

ബംഗാളില്‍ ചൂലുമായി സ്ത്രീകള്‍ ഓഫീസുകള്‍ ഉപരോധിച്ചു


സാമൂഹ്യവിരുദ്ധരുടെ വധഭീഷണിയുണ്ടായിരുന്ന അധ്യാപകന്‍ കൊല്ലപ്പെട്ടതില്‍ ബംഗാളില്‍ ജനരോഷം ആളിക്കത്തി. ഉത്തര 24 പര്‍ഗാനാസിലെ ഗായിഘട്ടയില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ ചൂലും മുളവടിയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ മണിക്കൂറുകളോളം ഉപരോധിച്ചു. അധ്യാപകന്റെ സംസ്കാര ചടങ്ങില്‍ നാല്‍പ്പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു.

ഓള്‍ ബംഗാള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി അംഗമായ കൊല്‍ക്കത്ത മിത്ര ഇന്‍സ്റ്റിറ്റ്യൂഷനിലെ അധ്യാപകന്‍ ബരുണ്‍ബിശ്വാസ് (39) വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകുംവഴി ഗോബര്‍ധക റെയില്‍വേ സ്റ്റേഷനു സമീപം ബൈക്കിലെത്തിയ മൂന്നംഗസംഘം അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഗായിഘട്ടയിലെ സുടിയയില്‍ 2000ലെ കൂട്ടബലാല്‍സംഗക്കേസിലെ മുഖ്യസാക്ഷിയാണ് ബരുണ്‍ബിശ്വാസ്.പ്രദേശത്ത് രൂപീകരിച്ച പ്രതിരോധകമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ അധ്യാപകന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ബലാല്‍സംഗകേസിലെ മുഖ്യപ്രതി അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ബലാല്‍സംഗകേസുകള്‍ സജീവമായി കോടതിയിലെത്തിയത് ബരുണ്‍ബിശ്വാസിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം സാക്ഷിപറഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്ന ഭയത്താല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ് കടുംകൈ ചെയ്തെന്നും പ്രതിരോധകമ്മിറ്റി പ്രസിഡന്റ് നാനി ഗോപാല്‍ പോതര്‍ പറഞ്ഞു. മുമ്പ് നിരവധിതവണ ബരുണ്‍ബിശ്വാസിനുനേരെ വധശ്രമമുണ്ടായി.

ബരുണ്‍ബിശ്വാസിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രിമുതല്‍ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചു. ഉപരോധക്കാരെ പിരിച്ചുവിടാന്‍ റാപിഡ് ആക്ഷന്‍ ഫോഴ്സ് എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പ്രതിഷേധവുമായെത്തിയ ആയിരക്കണക്കിന് സ്ത്രീകളെ എങ്ങനെ നേരിടണമെന്നറിയാതെ അധികൃതര്‍ കുഴങ്ങി. സൂടിയയിലെ പൊലീസ് ഔട്ട്പോസ്റ്റ് ജനക്കൂട്ടം തകര്‍ത്തു. ഗോബര്‍ധക-ബേരിഗൊപാല്‍പുര്‍ റോഡ് പത്തുമണിക്കൂറിലേറെ ഉപരോധിച്ചു.
(ഗോപി)

deshabhimani 080712

1 comment:

  1. സാമൂഹ്യവിരുദ്ധരുടെ വധഭീഷണിയുണ്ടായിരുന്ന അധ്യാപകന്‍ കൊല്ലപ്പെട്ടതില്‍ ബംഗാളില്‍ ജനരോഷം ആളിക്കത്തി. ഉത്തര 24 പര്‍ഗാനാസിലെ ഗായിഘട്ടയില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ ചൂലും മുളവടിയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ മണിക്കൂറുകളോളം ഉപരോധിച്ചു. അധ്യാപകന്റെ സംസ്കാര ചടങ്ങില്‍ നാല്‍പ്പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു.

    ReplyDelete