Friday, July 13, 2012
ഭക്ഷ്യകൂപ്പണ്‍ പദ്ധതി കൂട്ട ആത്മഹത്യക്ക് ഇടയാക്കും: എം എ ബേബി
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തെ പട്ടിണിക്കാരെ കൂട്ട ആത്മഹത്യയിലേക്കാണ് തള്ളിവിടുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കും സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിനും വേണ്ടിയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റിനുമുമ്പില്‍ സിപിഐ എം നടത്തിയ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കരുതല്‍ശേഖരമായി 212 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം വേണ്ടിടത്ത് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് 711 ലക്ഷം മെട്രിക്ടണ്ണാണ്. ഇവ നശിപ്പിക്കാതെ പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം കൂട്ടാക്കുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം മാറ്റിവച്ച ഭക്ഷ്യകൂപ്പണ്‍ സമ്പ്രദായം വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. റേഷന്‍ സമ്പ്രദായം അവസാനിപ്പിച്ച് ബിപിഎല്ലുകാര്‍ ഭക്ഷ്യകൂപ്പണ്‍ ഉപയോഗിച്ച് പൊതുവിപണിയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഈ പദ്ധതി ജനവിരുദ്ധമാണ്. ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും ദിവസവരുമാനമുള്ളവര്‍മാത്രമാണ് സര്‍ക്കാര്‍ കണക്കില്‍ ബിപിഎല്‍ വിഭാഗം. ഇവര്‍ക്ക് കമ്പോളക്കാര്‍ നിശ്ചയിക്കുന്ന കരിഞ്ചന്ത വിലയ്ക്ക് സാധാനങ്ങള്‍ വാങ്ങുന്ന കൂപ്പണ്‍ നല്‍കിയാല്‍ എങ്ങനെ റേഷന്‍ സമ്പ്രദായത്തിനു പകരമാകും. കൂപ്പണ്‍പദ്ധതി വരുന്നതോടെ പട്ടിണിക്കാരുടെ കൂട്ടആത്മഹത്യയാകും ഫലം.
കേന്ദ്രനയങ്ങളുടെ ഭാഗമായി രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായപ്പോള്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് വില വര്‍ധന തടയാന്‍ നടത്തിയ ഇടപെടല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ ദുരന്തംകൂടിയാണ് ഇപ്പോഴത്തെ തീവില. കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍മൂലം അഞ്ചുവര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ന്യായവിലയ്ക്ക് സാധനങ്ങള്‍ എത്തിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 100 രൂപ കൊടുത്താല്‍ ലഭിക്കുമായിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോള്‍ 240 രൂപ കൊടുക്കണം. യുഡിഎഫ് ഭരണത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയിന്ത്രിത വിലക്കയറ്റമാണെന്ന് ഭരണാനുകൂല മാധ്യമങ്ങള്‍ക്കുപോലും പറയേണ്ടിവന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നികുതിവര്‍ധന സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ "കൂട്ടിയ നികുതി വന്നു വിലയും കൂടി" എന്നാണ് മനോരമ എഴുതിയത്, "ഒരു വര്‍ഷത്തിനിടെ വില 140 ശതമാനം കൂടി" എന്ന് മാതൃഭൂമിയും. ഓണം അടുത്തിട്ടും വിപണിയില്‍ ഇപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സപ്ലൈകോയ്ക്ക് മുമ്പ് അനുവദിച്ച 50 കോടികൊണ്ട് എന്തെങ്കിലും ചെയ്യ് എന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുവിതരണ സമ്പ്രദായം നോക്കുകുത്തിയാക്കിയാല്‍ ഓണത്തിന് രൂക്ഷമായ വിലക്കയറ്റമുണ്ടാകും. ജൂലൈ ആദ്യം സംസ്ഥാനത്ത് പച്ചമുളക്, തക്കാളി, ഉരുളക്കിഴങ്ങ്, അരി, പരിപ്പ് തുടങ്ങിയവയുടെ വില 61 മുതല്‍ 100 ശതമാനംവരെ വര്‍ധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്- ബേബി പറഞ്ഞു.
deshabhimani 130712
Labels:
പൊതുവിതരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment