Tuesday, July 10, 2012
നേതാക്കളെ ഉള്‍പ്പെടുത്താനുള്ള ഹീന നീക്കത്തില്‍ പ്രതിഷേധം ഉയര്‍ത്തുക
ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ടിയുടെ ഉന്നതനേതാക്കളെ ഉള്‍പ്പെടുത്താനുള്ള ഹീനമായ നീക്കത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. അത്യന്തം അപലപനീയമായ ഈ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ബഹുജന പ്രതിഷേധം ഉയര്‍ത്താന്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം വഴിതെറ്റി എന്ന ആക്ഷേപം ശരിവയ്ക്കുംവിധത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. സിപിഐ എം ന്റെ ഉന്നത നേതാക്കളെ ഈ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര-സംസ്ഥാന ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തികൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും, സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ നടത്തുന്ന ഗൂഢാലോചനയാണ് ഈ നീക്കത്തിന് പിന്നില്‍. പാര്‍ടി കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു എന്ന് ഒരു പ്രമുഖ പത്രം നിരന്തരമായി എഴുതികൊണ്ടിരിക്കുന്നതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്. നേരത്തെ അറസ്റ്റുചെയ്ത മോഹനന്‍ മാസ്റ്ററെ കസ്റ്റഡിയില്‍ അതിക്രൂരമായി പീഡിപ്പിച്ച് ചോദ്യം ചെയ്യുന്നതും, പോലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള "മൊഴി" ബലമായി സമ്പാദിക്കാനാണ്. സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് തിരിച്ചറിയണം. ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സിപിഐ എം നെതിരായി നടത്തുന്ന ഗൂഢാലോചനയും, കള്ളകേസ് ചുമത്തുന്ന നടപടികളും അവസാനിപ്പിക്കണം.
ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരില്‍, എന്ത് അന്യായവും ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംഘത്തെ തെറ്റായ നിലയില്‍ ഉപയോഗിച്ച് എല്ലാ നിയമവ്യവസ്ഥകളും കാറ്റില്‍ പറത്തി, നടന്നുവരുന്ന അന്വേഷണ പ്രഹസനം, യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് വളരെ അകന്നുപോയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നവരില്‍നിന്ന് ഒരു തെളിവും ലഭിക്കുന്നില്ലെങ്കിലും കസ്റ്റഡിയില്‍ ഉള്ളവര്‍ നല്‍കിയതായി പറയപ്പെടുന്ന കള്ള"മൊഴികള്‍" മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നടപടികള്‍. ഈ അതിക്രമം കേരള ജനത വച്ചുപൊറുപ്പിക്കില്ലെന്ന് പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
ഗൂഢാലോചനയിലൂടെയും, കള്ളകേസ് ചുമത്തിയും സിപിഐ എംനെ ദുര്‍ബലമാക്കാന്‍ കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. കേരള ജനതയുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ, നിരവധി രക്തസാക്ഷികളുടെ ഹൃദയരക്തം നല്‍കി വളര്‍ത്തിയെടുത്ത കേരളത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമായ സിപിഐ എം നെതിരായ ഏത് നീക്കത്തെയും എന്ത് വിലകൊടുത്തും നേരിടാന്‍ ജനങ്ങള്‍ മുന്നോട്ട് വരും-പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani news
Labels:
ഓഞ്ചിയം,
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ടിയുടെ ഉന്നതനേതാക്കളെ ഉള്‍പ്പെടുത്താനുള്ള ഹീനമായ നീക്കത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. അത്യന്തം അപലപനീയമായ ഈ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ബഹുജന പ്രതിഷേധം ഉയര്‍ത്താന്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
ReplyDelete