Tuesday, July 10, 2012

നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകള്‍ ഇല്ല: മന്ത്രി


നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ സംസ്ഥാനത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇതറിയിച്ചത്. ചില സ്വാശ്രയ കോളേജുകളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുള്ളതായി സര്‍ക്കാര്‍ നിയോഗിച്ച പരിശോധനാസമിതി റിപ്പോര്‍ട്ട് ചെയ്തതായും കെ കെ നാരായണന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

നിലവാരം കുറഞ്ഞ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകാതെ മന്ത്രി വിദ്യാഭ്യാസക്കച്ചവടക്കാരെ സഹായിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഇത്തരം സ്ഥാപനങ്ങളില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഹൈക്കോടതി വിധി നടപ്പാക്കാതെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെ പെട്ടിതൂക്കുന്ന ആളായി മന്ത്രി മാറിയെന്ന് പ്രതിപക്ഷം സഭയിലും പുറത്തും ആക്ഷേപമുന്നയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന് കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന നിലപാടാണ് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും സഭയില്‍ വ്യക്തമാക്കിയത്. പകര്‍പ്പ് ലഭിച്ചശേഷം ആലോചിച്ച് നടപടി സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പി ശ്രീരാമകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രിയും മുഖ്യമന്ത്രിയും വിധി സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത ഉദ്ധരിക്കുകയായിരുന്നു. എന്നാല്‍, ശ്രീരാമകൃഷ്ണനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഉത്തരവിന്റെ പകര്‍പ്പ് സഭയില്‍ ഹാജരാക്കി. വിധി പുറപ്പെടുവിച്ച് ഒമ്പതുദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന് പകര്‍പ്പ് ലഭിച്ചില്ലെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുടെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനിലവാരവും അടിസ്ഥാനസൗകര്യങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതിയും സര്‍ക്കാരും ഓരോ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇരുസമിതിയും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല്‍പ്പതില്‍താഴെ വിജയശതമാനമുള്ള കോളേജുകള്‍ പൂട്ടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ എഴുപതില്‍പ്പരം എന്‍ജിനിയറിങ് കോളേജുകള്‍ പൂട്ടേണ്ടിവരും. എന്നാല്‍, ഈവര്‍ഷവും ഈ കോളേജുകളില്‍ പ്രവേശനത്തിനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ മൂന്നുവര്‍ഷത്തെ വിജയശതമാനം പ്രസിദ്ധപ്പെടുത്തിയ ശേഷമായിരിക്കണം ഈവര്‍ഷത്തെ പ്രവേശനടപടി സ്വീകരിക്കേണ്ടതെന്ന കോടതി നിര്‍ദേശവും കാറ്റില്‍ പറത്തുന്നു. ബിടെക് പഠനത്തിനുള്ള നിലവാരം പോലുമില്ലാത്ത കോളേജുകളില്‍ കൂടുതല്‍ എംടെക് കോഴ്സ് അനുവദിക്കുമെന്നാണ് മന്ത്രി പറയുന്നത്. കോളേജുകളുടെ നിലവാരം ഉയര്‍ത്താനാണ് ഉയര്‍ന്ന കോഴ്സുകള്‍ അനുവദിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം.

deshabhimani 100712

No comments:

Post a Comment