സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തുരങ്കംവയ്ക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങളില്‍ സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി, എഐടിയുസി യൂണിയനുകള്‍ സംയുക്തമായി പ്രതിഷേധിച്ചു. കോര്‍പറേഷനെയും മാനേജിങ് ഡയറക്ടര്‍ ഡോ. കെ എ രതീഷിനെയും അധിക്ഷേപിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചിലരെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
1969ല്‍ ആരംഭിച്ച കശുവണ്ടി വികസന കോര്‍പറേഷന്‍ കശുവണ്ടിരംഗത്തെ മാതൃകാസ്ഥാപനമായി പ്രവര്‍ത്തിച്ചുവരികയാണ്. 2005 മുതല്‍ തുടര്‍ച്ചയായി ജോലിനല്‍കുന്ന സ്ഥാപനം 2011ല്‍ റെക്കോഡ് ലാഭംകൊയ്തു. 2011ല്‍ 288 ദിവസത്തെ ജോലിനല്‍കിയ സ്ഥാപനത്തിന്റെ ടേണോവര്‍ 271 കോടിയായിരുന്നു. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്കു നല്‍കിയാണ് മാതൃകാസ്ഥാപനമായി കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. കശുവണ്ടി വികസന കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കിയ 28.76 കോടി രൂപ കാണാനില്ലെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഫിനാന്‍സ്വിങ് കഴിഞ്ഞ ജൂണ്‍ നാലിനു നടത്തിയ പരിശോധനയില്‍ 28.76 കോടി വകമാറ്റി ചെലവഴിച്ചതായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് കോര്‍പറേഷന് വിവിധ കാര്യങ്ങള്‍ക്ക് അനുവദിച്ച തുക കമ്പനിയുടെ നടത്തിപ്പിനാവശ്യമായ മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കും ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്കു നല്‍കാനുമാണ് ചെലവഴിച്ചത്. ഇത് ഫിനാന്‍സ്വിങ്ങിന്റെ ഇന്‍സ്പെക്ഷന്‍ ഒബ്സര്‍വേഷനിലും രേഖപ്പെടുത്തിയിട്ടുണ്ട്. തുക കാണാനില്ലെന്ന പ്രചാരണത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. ഈ പ്രചാരണത്തിനു പിന്നിലെ ഗൂഢശക്തികള്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ നിരന്തരം പത്രപ്രസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കുന്നു.
കോര്‍പറേഷന്‍ ആഗോളടെന്‍ഡര്‍ വിളിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. ടെന്‍ഡര്‍ നിബന്ധനകളനുസരിച്ച് കുറഞ്ഞവിലയ്ക്ക് തോട്ടണ്ടി നല്‍കുന്നവരില്‍നിന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട കോര്‍പറേഷന്റെ ഡയറക്ടര്‍ബോര്‍ഡ് നെഗോഷ്യേറ്റ് ചെയ്താണ് തോട്ടണ്ടി വാങ്ങുന്നത്. ഇപ്രകാരം വാങ്ങുന്ന തോട്ടണ്ടി സംസ്കരിക്കുമ്പോള്‍ ടെന്‍ഡര്‍ വ്യവസ്ഥപ്രകാരമുള്ള ഔട്ട്ടേണ്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കോര്‍പറേഷന്റെ ടെന്‍ഡര്‍വ്യവസ്ഥകളനുസരിച്ച് കുറഞ്ഞ അളവ് തോട്ടണ്ടി നല്‍കുന്നത് ആരായാലും അവരില്‍നിന്ന് കോര്‍പറേഷന്‍ വാങ്ങും. സുതാര്യമായ തോട്ടണ്ടിവാങ്ങല്‍ നടപടിയില്‍ ഒരാളിനുമാ്രത്രം പ്രത്യേക പരിഗണന നല്‍കി തോട്ടണ്ടി വാങ്ങുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
കോര്‍പറേഷന്‍ വന്‍നേട്ടങ്ങള്‍ കൈവരിച്ചത് 2005 മുതല്‍ മാനേജിങ് ഡയറക്ടറായ ഡോ. കെ എ രതീഷിന്റെ നേതൃത്വത്തിലുള്ള ഭരണത്തിലാണ്. 2011ല്‍ തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം സ്വകാര്യഫാക്ടറികള്‍ പോലും അടഞ്ഞുകിടക്കുമ്പോഴാണ് വര്‍ഷത്തില്‍ എല്ലാ ദിവസവും തൊഴില്‍നല്‍കി കോര്‍പറേഷന്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെയും ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണികളില്‍ ബ്രാന്‍ഡ്ഇമേജ് വര്‍ധിപ്പിച്ചും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ നല്‍കിയും കോര്‍പറേഷന്‍ മുന്നേറുന്ന അവസരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയ കോര്‍പറേഷനിലോ കശുവണ്ടിമേഖലയിലോ തൊഴിലാളിപ്രാതിനിധ്യം ഇല്ലാത്ത യൂണിയന്റെ വക്താക്കളായ ചിലര്‍ക്ക് കോര്‍പറേഷനെ തകര്‍ക്കുകയാണ് ലക്ഷ്യം. കോര്‍പറേഷനിലെ അംഗീകൃത ട്രേഡ്യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള നല്ല രീതിയിലുള്ള വ്യവസായബന്ധമാണ് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം.
കോര്‍പറേഷന്റെ ചെയര്‍മാനായി അടുത്തകാലത്ത് ചുമതലയേറ്റ ആര്‍ ചന്ദ്രശേഖരന്‍ അംഗീകൃത തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. ഇരുപതിനായിരത്തോളം വരുന്ന കശുവണ്ടിത്തൊഴിലാളികളുടെയും 2000 സ്റ്റാഫ്ജീവനക്കാരുടെയും അത്താണിയായ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ ഒഴിവാക്കണമെന്ന് ട്രേഡ്യൂണിയനുകള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 080712
No comments:
Post a Comment