Sunday, July 8, 2012

ഇ ശ്രീധരന് മേല്‍നോട്ടമെന്ന് മന്ത്രി; കേന്ദ്രം തീരുമാനിക്കും: മുഖ്യമന്ത്രി


കേരളം ആവശ്യപ്പെട്ടാല്‍ നിര്‍മാണം ഏറ്റെടുക്കാമെന്ന് ഡല്‍ഹി മെട്രോ

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മാനേജിങ് ഡയറക്ടര്‍ മങ്കുസിങ് പറഞ്ഞു. പദ്ധതിയില്‍ ഡിഎംആര്‍സി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇ ശ്രീധരനും ഉണ്ടാകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ നിര്‍മാണം ചര്‍ച്ച ചെയ്യുന്നതിന് അടുത്ത ചൊവ്വാഴ്ച കേരളത്തില്‍ ഉന്നതതലയോഗം വിളിച്ചതിനെ കുറിച്ച് അറിവില്ലെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. കൊച്ചി മെട്രോയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകേണ്ട കേന്ദ്രസര്‍ക്കാരിന്റെ അഞ്ചു പ്രതിനിധികള്‍ ആരൊക്കെയെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ രേഖകള്‍ കിട്ടുന്ന മുറയ്ക്ക് ഇക്കാര്യം തീരുമാനിക്കും- സുധീര്‍ കൃഷ്ണ അറിയിച്ചു.

കൊച്ചി മെട്രോയുടെ നിര്‍മാണം ആര്‍ക്കാണെന്നതു സംബന്ധിച്ച് വിവാദങ്ങളുണ്ടാകാന്‍ കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനകളാണെന്ന് തോമസ് ഐസക് എംഎല്‍എ പറഞ്ഞു. നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് നല്‍കുമോ ഇ ശ്രീധരനെ പദ്ധതിയില്‍ സഹകരിപ്പിക്കുമോ തുടങ്ങിയ കാര്യത്തിലെല്ലാം അവ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉപകരണങ്ങള്‍ വാങ്ങുന്നതടക്കം നിര്‍മാണച്ചുമതല പൂര്‍ണമായും ഡിഎംആര്‍സിക്ക് നല്‍കുമോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം-തോമസ് ഐസക് പറഞ്ഞു.

ഇ ശ്രീധരന് മേല്‍നോട്ടമെന്ന് മന്ത്രി; കേന്ദ്രം തീരുമാനിക്കും: മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയില്‍ ഇ ശ്രീധരന്റെ പദവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിക്ക് ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. കൊച്ചിയില്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ഇരുവരും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് പദ്ധതി നടത്തിപ്പു സംബന്ധിച്ച അവ്യക്തത വീണ്ടും വെളിപ്പെട്ടത്.

മേല്‍നോട്ട ചുമതല ഇ ശ്രീധരനുതന്നെ ആയിരിക്കുമെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതും പദ്ധതിയുടെ ചെയര്‍മാനെ നിശ്ചയിക്കേണ്ടതും കേന്ദ്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യത്തില്‍ വിവാദത്തിനില്ല. തര്‍ക്കമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മെട്രോ പദ്ധതിക്ക് ഇ ശ്രീധരന്‍തന്നെ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇക്കാര്യം മന്ത്രി ആര്യാടന്‍ മുഹമ്മദും വ്യക്തമാക്കിയിട്ടുണ്ട്. പൊതുമരാമത്തുവകുപ്പിന്റെ അവലോകന യോഗത്തിനെത്തിയതായിരുന്നു മന്ത്രി.

deshabhimani 080712

No comments:

Post a Comment