Sunday, July 8, 2012

തട്ടിക്കളഞ്ഞതും നേടിക്കൊടുത്തതും യെദ്യൂരപ്പ


കര്‍ണാടകത്തില്‍ ഷെട്ടാര്‍ മുഖ്യമന്ത്രി

സദാനന്ദഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സമ്മര്‍ദത്തിനു വഴങ്ങി ഗൗഡയെ മാറ്റാന്‍ ശനിയാഴ്ച ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷമുണ്ടാകും നേതൃത്വം അറിയിച്ചതനുസരിച്ച് ഗൗഡ ശനിയാഴ്ച തന്നെ ഡല്‍ഹിയിലെത്തി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗൗഡ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായും മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി, സുഷമസ്വരാജ് എന്നിവരുമായും ഗൗഡ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് മുഖ്യമന്ത്രിമാറ്റത്തിന് ഔദ്യോഗികാംഗീകാരം നല്‍കും. തിങ്കളാഴ്ച ബംഗളൂരുവില്‍ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. ഗ്രാമവികസനമന്ത്രി ജഗദീഷ് ഷെട്ടാറിനെയാണ് പുതിയ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടുള്ളത്. യെദ്യൂരപ്പയുടെ നിര്‍ബന്ധപ്രകാരമാണ് ഷെട്ടാര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നത്. യെദ്യൂരപ്പയുടെ ലിംഗായത് സമുദായക്കാരനാണ് ഷെട്ടാര്‍. അഴിമതിക്കേസിനെ തുടര്‍ന്ന് യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതമായപ്പോള്‍ ഷെട്ടാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍, അന്ന് സ്വന്തം സമുദായത്തില്‍ നിന്ന് മറ്റൊരാള്‍ നേതൃത്വത്തിലേക്ക് വരുന്നതിനോട് യെദ്യൂരപ്പ വിയോജിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി വൊക്കലിഗ വിഭാഗക്കാരനായ സദാനന്ദഗൗഡയ്ക്ക് നറുക്കുവീണത്. 2008ല്‍ കര്‍ണാടകയില്‍ ആദ്യമായി അധികാരത്തിലെത്തിയ ബിജെപിക്ക് നാലുവര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാരെയാണ് നിയോഗിക്കേണ്ടിവന്നത്. തുടക്കംമുതല്‍ തന്നെ അഴിമതി ആരോപണങ്ങളുടെ പിടിയിലായിരുന്നു കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍.
(എം പ്രശാന്ത്)

കര്‍ണാടക : കാത്തിരിക്കുന്നത് കൂട്ടക്കുഴപ്പം

നേതൃമാറ്റത്തെച്ചൊല്ലി കര്‍ണാടകത്തില്‍ ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണാനായെന്ന് ദേശീയനേതൃത്വം ആശ്വസിക്കുമ്പോഴും ബിജെപിയെ കാത്തിരിക്കുന്നത് കൂട്ടക്കുഴപ്പം. അഴിമതിയില്‍ മുങ്ങിയ ബിജെപി സര്‍ക്കാരിനെ എന്തുവില കൊടുത്തും നിലനിര്‍ത്തണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമാണ് ഗൗഡയെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് മാറ്റുന്നതിലെത്തിച്ചത്. ഗൗഡയെ മുഖ്യമന്ത്രിപദത്തില്‍ നിന്നു മാറ്റിയാല്‍ രാജിവയ്ക്കുമെന്ന ഭീഷണി മുഴക്കി ഗൗഡ വിഭാഗത്തിലെ മന്ത്രിമാരും 15 എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെ 16 ശതമാനം വരുന്ന ജനവിഭാഗമായ വൊക്കലിഗ സമുദായവും ഗൗഡയ്ക്ക് പിന്തുണയുമായി തെരുവിലിറങ്ങി. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

ദക്ഷിണ കനറ, ഉഡുപ്പി, കാര്‍വാര്‍, മാണ്ഡ്യ, ശിവമോഗ, ഹാസന്‍ എന്നീ ജില്ലകളില്‍ നിര്‍ണായകശക്തിയായ വൊക്കലിഗ വിഭാഗം ബിജെപിയുടെ പ്രമുഖ വോട്ടുബാങ്കാണ്. സദാനന്ദഗൗഡയെ മുഖ്യമന്ത്രി പദത്തില്‍ നീക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും വൊക്കലിഗ സമുദായസംഘം സംസ്ഥാനപ്രസിഡന്റ് കെഞ്ചപ്പഗൗഡ പറഞ്ഞു. സദാനന്ദഗൗഡയെ നീക്കാനുള്ള ബിജെപി തീരുമാനത്തില്‍ കര്‍ണാടകത്തിലെ പ്രമുഖ മഠമായ ആദിചുന്‍ചഗിരിക്കും കടുത്ത അതൃപ്തിയുണ്ട്. ഗൗഡയെ നീക്കുന്നതില്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും ബിജെപി ദേശീയ നേതാക്കളെ അസംതൃപ്തി അറിയിച്ചു. നേതൃമാറ്റത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക രക്ഷണവേദികെയും രംഗത്തെത്തി. സദാനന്ദഗൗഡയെ മാറ്റിയാല്‍ വെറുതെയിരിക്കില്ലെന്ന് ഔദ്യോഗികപക്ഷവും വ്യക്തമാക്കിയതോടെ പ്രതിസന്ധി പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കയാണ്. സമുദായശക്തികളെ കൂട്ടുപിടിച്ച് വിലപേശിയ യെദ്യൂരപ്പപക്ഷത്തിന്റെ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ വൊക്കലിഗ വിഭാഗവും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകമടക്കം ഭൂരിഭാഗം മേഖലയിലും ബിജെപി നിലംതൊടില്ല.

നാലുവര്‍ഷത്തിനിടെ ഒമ്പതുതവണ വിമതനീക്കം ഉണ്ടായിട്ടും നടപടിയെടുക്കാന്‍ കഴിയാത്ത കേന്ദ്രനേതാക്കള്‍ യെദ്യൂരപ്പയ്ക്ക് കീഴടങ്ങുകയാണെന്ന് ജാര്‍ക്കഹോളി വിഭാഗം ആരോപിക്കുന്നു. അതിനിടെ, രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് പ്രശ്നം പരിഹരിക്കാനുള്ള ദേശീയനേതാക്കളുടെ തീരുമാനവും ബിജെപിയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. രണ്ട് ഉപമുഖ്യമന്ത്രി പദത്തിലേക്ക് അഞ്ചുപേരാണ് അവകാശവാദവുമായി എത്തിയിട്ടുള്ളത്. ഭരണത്തെ പണമുണ്ടാക്കാനും അഴിമതി നടത്താനുമുള്ള വേദിയാക്കുകയായിരുന്നു ബിജെപി. രണ്ടരലക്ഷം കോടിയുടെ അഴിമതിയാരോപണങ്ങളാണ് ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. അഴിമതിക്കെതിരെ ദേശീയതലത്തില്‍ വാചാലമാകുന്ന ബിജെപി കേന്ദ്രനേതൃത്വം പക്ഷേ കര്‍ണാടകത്തിലെ ആരോപണങ്ങളില്‍ കടുത്ത മൗനംപാലിച്ചു.
(പി വി മനോജ്കുമാര്‍)

തട്ടിക്കളഞ്ഞതും നേടിക്കൊടുത്തതും യെദ്യൂരപ്പ

ബംഗളൂരു: ഒന്നര വര്‍ഷംമുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട ജഗദീഷ് ശിവപ്പ ഷെട്ടാര്‍ക്ക് അന്നത്തെ ദുഃഖത്തിനും ഇന്നത്തെ സന്തോഷത്തിനും കാരണമായത് യെദ്യൂരപ്പയെന്നത് യാദൃച്ഛികം. അഴിമതിയുടെ ജീര്‍ണിച്ച ആഴങ്ങളിലേക്ക് കര്‍ണാടകത്തിലെ ബിജെപി പതിക്കുമ്പോഴാണ് കര്‍ണാടകത്തിലെ 27-ാം മുഖ്യമന്ത്രിയായി ഷെട്ടാര്‍ സ്ഥാനമേല്‍ക്കുന്നത്. തെക്കെ ഇന്ത്യയിലെ ബിജെപി ആധിപത്യത്തിലേക്കുള്ള കവാടമാണ് കര്‍ണാടകം എന്ന് അഹങ്കരിച്ച കേന്ദ്രനേതൃത്വമാകട്ടെ നാലുവര്‍ഷത്തിനിടെ മൂന്നാം മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട ഗതികേടും.

ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാവായ ജഗദീഷ് ഷെട്ടാര്‍ എന്നും യെദ്യൂരപ്പയുടെ എതിര്‍ചേരിയിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ഷെട്ടാര്‍ ഒഴിവാക്കപ്പെട്ടത്. മുഖ്യമന്ത്രിയായാലും അത്ഭുതങ്ങള്‍ ഒന്നും കാട്ടാന്‍ കഴിയില്ലെന്ന് ഷെട്ടാറിനും അറിയാം. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച ബിജെപി സര്‍ക്കാരില്‍ വീണ്ടും വിമതനീക്കം സജീവമാകുമെന്നതിനാല്‍ തല്‍ക്കാലം ആഗ്രഹസാഫല്യം നേടിയെന്നതുമാത്രമാണ് ഷെട്ടാറിനുള്ള ഏക ആശ്വാസം. രണ്ടുതവണ മന്ത്രിയായും ഒരിക്കല്‍ സ്പീക്കറായും പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുണ്ട് ഈ കടുത്ത ആര്‍എസ്എസുകാരന്.

ബാഗല്‍കോട്ട് ജില്ലയിലെ ബദാമി താലൂക്കിലെ കേരൂര്‍ ഗ്രാമത്തില്‍ 1955 ഡിസംബര്‍ 17നാണ് ജനനം. ജനസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായ എസ് എസ് ഷെട്ടാറിന്റെയും ബസവേനമ്മയുടെയും ഏകമകന്‍. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. ബികോം, എല്‍എല്‍ബി ബിരുദധാരിയായ ഷെട്ടാര്‍ 20 വര്‍ഷം ഹുബ്ബള്ളി കോടതിയില്‍ അഭിഭാഷകനായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിനൊപ്പം എന്നും നിലകൊണ്ട ഷെട്ടാര്‍ മാറിമാറിവന്ന പാര്‍ടി നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിലും സ്ഥാനം ഉറപ്പിക്കുന്നതിലും എന്നും ദത്തശ്രദ്ധനായിരുന്നു. 1994ല്‍ ആദ്യമായി എംഎല്‍എയായി. 1990 മുതല്‍ 94 വരെ ബിജെപിയുടെ ഹുബ്ബള്ളി ജില്ലാസെക്രട്ടറി. പിന്നെ ബിജെപി സംസ്ഥാന സെക്രട്ടറി. 1999ല്‍ പ്രതിപക്ഷനേതാവ്. 2005ല്‍ ബിജെപി സംസ്ഥാനപ്രസിഡന്റ്. ജെഡിഎസ്-ബിജെപി സഖ്യസര്‍ക്കാരില്‍ റവന്യൂമന്ത്രിയായി. 2008ല്‍ ബിജെപി അധികാരത്തിലേറിയപ്പോള്‍ സ്പീക്കറായ ഷെട്ടാര്‍ ഒന്നരവര്‍ഷത്തിനുശേഷം യെദ്യൂരപ്പ മന്ത്രിസഭയില്‍ പഞ്ചായത്തീരാജ്, ഗ്രാമവികസന മന്ത്രിയായി.

യെദ്യൂരപ്പയെ സിബിഐ ചോദ്യംചെയ്തു

ബംഗളൂരു: ഖന അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ സിബിഐ ചോദ്യംചെയ്തു. ശനിയാഴ്ച ബംഗളൂരു ഗംഗാനഗറിലെ സിബിഐ ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യല്‍. മകന്‍ ബി വൈ വിജയേന്ദ്രയെയും സന്തത സഹചാരിയും മുന്‍ മന്ത്രിയുമായ കൃഷ്ണയ്യഷെട്ടി എന്നിവരെയും അന്വേഷണസംഘം ചോദ്യംചെയ്തു.

സ്വകാര്യകമ്പനികള്‍ക്ക് ഖന ലൈസന്‍സ് അനുവദിക്കുകവഴി യെദ്യൂരപ്പയുടെ കുടുംബാംഗങ്ങളുടെ ട്രസ്റ്റിന് കോടികള്‍ സംഭാവന ലഭിച്ചത് സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. രണ്ടു ദിവസത്തിനകം യെദ്യൂരപ്പയെ വീണ്ടും ചോദ്യംചെയ്തേക്കും. ഖന ലൈസന്‍സ് അനുവദിക്കുകവഴി യെദ്യൂരപ്പയുടെ ഉറ്റബന്ധുക്കളുടെ ട്രസ്റ്റിന് 30 കോടിയോളം രൂപ സംഭാവന ലഭിച്ചെന്നും ഈ സാഹചര്യത്തില്‍ യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യദ്യൂരപ്പയുടെ മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്‍ ആര്‍ എന്‍ സോഹന്‍കുമാര്‍ എന്നിവരെ നേരത്തെ സിബിഐ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ സിബിഐ നേരത്തെ റെയ്ഡ് നടത്തുകയും ചെയ്തു. കേസില്‍ യെദ്യൂരപ്പയ്ക്കും മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്‍ ആര്‍ എന്‍ സോഹന്‍കുമാര്‍ എന്നിവര്‍ക്കും ജൂണ്‍ 21ന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

deshabhimani 080712

1 comment:

  1. ഒന്നര വര്‍ഷംമുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട ജഗദീഷ് ശിവപ്പ ഷെട്ടാര്‍ക്ക് അന്നത്തെ ദുഃഖത്തിനും ഇന്നത്തെ സന്തോഷത്തിനും കാരണമായത് യെദ്യൂരപ്പയെന്നത് യാദൃച്ഛികം. അഴിമതിയുടെ ജീര്‍ണിച്ച ആഴങ്ങളിലേക്ക് കര്‍ണാടകത്തിലെ ബിജെപി പതിക്കുമ്പോഴാണ് കര്‍ണാടകത്തിലെ 27-ാം മുഖ്യമന്ത്രിയായി ഷെട്ടാര്‍ സ്ഥാനമേല്‍ക്കുന്നത്. തെക്കെ ഇന്ത്യയിലെ ബിജെപി ആധിപത്യത്തിലേക്കുള്ള കവാടമാണ് കര്‍ണാടകം എന്ന് അഹങ്കരിച്ച കേന്ദ്രനേതൃത്വമാകട്ടെ നാലുവര്‍ഷത്തിനിടെ മൂന്നാം മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട ഗതികേടും.

    ReplyDelete