Saturday, July 7, 2012

തട്ടിപ്പിന് സഹായമായി കോണ്‍ഗ്രസ് ബന്ധം


തലശേരി: ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുപ്പമാണ് വ്യാജനിയമന തട്ടിപ്പ് നടത്താന്‍ പ്രഭാകരന് സഹായകമായത്. മാഹി ജനറല്‍ആശുപത്രിയിലെ വാച്ച്മാനും യൂത്ത്കോണ്‍ഗ്രസ് മുന്‍നേതാവുമായ ചാലക്കരയിലെ ടി പി പ്രഭാകരന്‍ ഈ അടുപ്പം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഉദ്യോഗസ്ഥ-രാഷ്ട്രീയമേഖലകളിലെ ഉന്നതരുമായുള്ള അടുപ്പം ഉപയോഗിച്ച് ഇയാള്‍ ഉള്‍പ്പെട്ട സംഘം വ്യാജനിയമന തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചു. മാഹികേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന്റെ ചതിയില്‍ കുടുങ്ങിയവരിലേറെയും അഭ്യസ്തവിദ്യരായ കേരളീയരാണ്. താലിമാലയടക്കം പണയപ്പെടുത്തി പണംനല്‍കിയവരും ഇക്കൂട്ടത്തിലുണ്ട്.

കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്റെയും ആശുപത്രി ജീവനക്കാരുടെ സംഘടനയുടെയും പ്രധാനനേതാവായിരുന്നു പ്രഭാകരന്‍. ഡെപ്യൂട്ടി ഡയറക്ടറുടെ സ്വന്തക്കാരനായതിനാല്‍ ഇയാള്‍ പറയുന്നതായിരുന്നു ഏതാനും വര്‍ഷമായി മാഹി ആശുപത്രിയിലെ നിയമം. മുന്‍മന്ത്രി ഇ വത്സരാജുമായുള്ള അടുപ്പം തന്റെ തട്ടിപ്പിന് പ്രഭാകരന്‍ സമര്‍ഥമായി ഉപയോഗിച്ചു. പുതുച്ചേരിയില്‍നിന്ന് മാഹിയിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എന്താവശ്യത്തിനും സഹായിയായി വിളിപ്പുറത്ത് ഇയാളുണ്ടായിരുന്നു. ആശുപത്രിയില്‍ രോഗികളായെത്തുന്നവരെയാണ് സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനം നല്‍കി വലയിലാക്കിയത്. രണ്ടുമുതല്‍ പത്തുലക്ഷം വരെയാണ് ഓരോ തസ്തികക്കും ആവശ്യപ്പെട്ടത്. ഒന്നോ രണ്ടോ ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയശേഷമാണ് നിയമന ഉത്തരവ് നല്‍കുന്നത്. നിയമനം ലഭിച്ചവര്‍ക്ക് മാഹി ജനറല്‍ആശുപത്രിയിലെ ഒരു മുറിയിലാണ് പ്രത്യേക രജിസ്റ്ററില്‍ ഒപ്പിടാന്‍ സൗകര്യമൊരുക്കിയത്. ഇയാള്‍ കാണിക്കുന്ന ബുക്കില്‍ ഒപ്പിടുന്നതോടെ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നുവെന്ന് പാവം ഉദ്യോഗാര്‍ഥി വിശ്വസിക്കുന്നു. സര്‍വീസ്ബുക്കടക്കം തയാറാക്കി നല്‍കുന്നതോടെ നാടകത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നു.

വ്യാജനിയമനം നേടുന്നവര്‍ പല ഓഫീസുകളിലായി ഒന്നോ രണ്ടോ മാസം ജോലിചെയ്യുന്നുവെന്നതാണ് ഏറെ വിചിത്രം. രണ്ട് ലക്ഷം രൂപ നല്‍കി നിയമനം ലഭിച്ച നീലേശ്വരം തൈക്കടപ്പുറത്തെ രേവതി നിവാസില്‍ പി വി ബിജു ചാലക്കരയിലെ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഒരുമാസം ഡ്രൈവര്‍ തസ്തികയില്‍ ജോലിചെയ്തിട്ടുണ്ട്. ഒരുമാസത്തെ ശമ്പളം ഇയാള്‍ക്ക് പ്രഭാകരന്‍ നേരിട്ടാണ് നല്‍കിയത്. പരാതി നല്‍കുമെന്ന് ഉറപ്പായവര്‍ക്ക് തുക തിരികെ നല്‍കി പ്രശ്നം ഒതുക്കുകയാണ് പതിവ്. മാഹി ജനറല്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ മാത്രമായ പ്രഭാകരന് ഫെഡറല്‍ബാങ്ക്, സ്റ്റേറ്റ്ബാങ്ക് ഓഫ്ഇന്ത്യ, പുതുവൈഭാരതിയാര്‍ ഗ്രാമബാങ്ക് തുടങ്ങി ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുമുഖേനയാണ് പണമിടപാട്. മാഹിയില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്തവരും സ്ഥിരതാമസക്കാരുമാകണമെന്നാണ് വ്യവസ്ഥ. ഇതൊന്നും അറിയാത്തവരാണ് ഇയാളുടെ വലയില്‍ കുടുങ്ങുന്നത്. യൂത്ത്കോണ്‍ഗ്രസ് നേതാവായിരുന്ന ചാലക്കരയിലെ സത്യന്‍കേളോത്തിന്റെ സന്തതസഹചാരിയായാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രഭാകരന്‍ സജീവമാവുന്നത്. ഇതേ നേതാവിന്റെ വീട്ടില്‍ നടന്ന മോഷണക്കേസിലാണ് ആദ്യം പിടിയിലാവുന്നത്. കോണ്‍ഗ്രസ് ബന്ധം ഉപയോഗിച്ച് മുന്‍മന്ത്രിയുടെ സഹായത്തോടെ പിന്നീട് ജോലി നേടി. മാഹി ജനറല്‍ ആശുപത്രിയിലെത്തിയതോടെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ പ്രധാനനേതാവായി. നിയമനത്തട്ടിപ്പില്‍ പ്രഭാകരന്‍ കുടുങ്ങിയെങ്കിലും കൂട്ടാളികളായ ഉന്നതര്‍ കാണാമറയത്തുതന്നെയാണ്.

deshabhimani 070712

1 comment:

  1. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുപ്പമാണ് വ്യാജനിയമന തട്ടിപ്പ് നടത്താന്‍ പ്രഭാകരന് സഹായകമായത്. മാഹി ജനറല്‍ആശുപത്രിയിലെ വാച്ച്മാനും യൂത്ത്കോണ്‍ഗ്രസ് മുന്‍നേതാവുമായ ചാലക്കരയിലെ ടി പി പ്രഭാകരന്‍ ഈ അടുപ്പം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഉദ്യോഗസ്ഥ-രാഷ്ട്രീയമേഖലകളിലെ ഉന്നതരുമായുള്ള അടുപ്പം ഉപയോഗിച്ച് ഇയാള്‍ ഉള്‍പ്പെട്ട സംഘം വ്യാജനിയമന തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചു. മാഹികേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന്റെ ചതിയില്‍ കുടുങ്ങിയവരിലേറെയും അഭ്യസ്തവിദ്യരായ കേരളീയരാണ്. താലിമാലയടക്കം പണയപ്പെടുത്തി പണംനല്‍കിയവരും ഇക്കൂട്ടത്തിലുണ്ട്.

    ReplyDelete