Saturday, July 7, 2012

ആദിവാസികളെത്തി; തകര്‍ക്കാനാവാത്ത സമരവീര്യവുമായി


മര്‍ദിച്ചും കല്‍തുറുങ്കിലടച്ചും അടിച്ചമര്‍ത്താനാവില്ലെന്ന് മണ്ണിന്റെ നേരവകാശികളുടെ മുന്നറിയിപ്പ്. ഭൂസമരത്തില്‍ പങ്കെടുത്തതിന് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് നാഴികകള്‍ താണ്ടി വയനാട്ടിലെയും കണ്ണൂരിന്റെ മലയോര മേഖലയിലെയും ആദിവാസികള്‍ മാര്‍ച്ചു ചെയ്തത് മര്‍ദന സംവിധാനങ്ങള്‍ക്ക് കീഴ്പ്പെടുത്താനാവാത്ത പോരാട്ട വീറുമായി. പിറന്ന മണ്ണില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരുടെ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനാവില്ലെന്ന പ്രഖ്യാപനമായിരുന്നു വ്യാഴാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എകെഎസ് സംഘടിപ്പിച്ച ആദിവാസി മാര്‍ച്ച്. വ

യനാട്ടിലെ 20 കേന്ദ്രങ്ങളിലായി അയ്യായിരത്തോളം കുടുംബങ്ങളാണ് കുടില്‍കെട്ടി താമസിക്കുന്നത്. മെയ് ഏഴിന് വയനാട്ടില്‍ വീണ്ടും തുടങ്ങിയ ഭൂസമരത്തോട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ നയത്തിനെതിരായ പ്രതിഷേധം മാര്‍ച്ചില്‍ കത്തിപ്പടര്‍ന്നു. രണ്ടുമാസം പിന്നിടുന്ന സമരത്തില്‍ പങ്കെടുത്തവരെ ജയിലിലടച്ച് പീഡിപ്പിക്കുന്ന സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കില്ലെന്ന നിലപാട് തിരുത്താന്‍ തയ്യാറാവുന്നില്ല. വയനാട്ടില്‍ ഭൂസമരത്തില്‍ പങ്കെടുത്തതിന് 353 ആദിവാസികളെയാണ് ജയിലിലടച്ചത്. കണ്ണൂര്‍ ജില്ലാ ജയില്‍, സ്പെഷ്യല്‍ ജയില്‍, തലശേരി സ്പെഷ്യല്‍ സബ് ജയില്‍, കോഴിക്കോട് ജില്ലാ ജയില്‍, മാനന്തവാടി സബ്ജയില്‍ എന്നിവിടങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 104 സ്ത്രീകളും 16 കുട്ടികളുമുണ്ട്. 206 ആദിവാസികള്‍ രണ്ടുമാസമായി ജയിലിലാണ്. ജയിലില്‍ ഇവര്‍ നരകയാതന അനുഭവിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യംപോലുമില്ല.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ആദിവാസികളുടെ മാര്‍ച്ച്

കണ്ണൂര്‍: ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ആദിവാസികള്‍ ഉജ്വല മാര്‍ച്ച് നടത്തി. ഭൂമിക്കായി സമരം ചെയ്തവരെ ഉടന്‍ വിട്ടയക്കുക, സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക, മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വയനാട്ടിലെയും കണ്ണൂരിലെയും പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ആദിവാസികളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ജയരാജന്‍ പറഞ്ഞു. ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്നു പറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് ജയിലാണ് നല്‍കുന്നത്. ചര്‍ച്ചയും പ്രസംഗവുമല്ല, ഭൂമി നല്‍കാനുള്ള നടപടിയാണ് വേണ്ടത്. ജയിലിലുള്ളവരെ കാണാന്‍ വരുന്നവരെ ജയിലിലടയ്ക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. എകെഎസ് വയനാട് ജില്ലാ സെക്രട്ടറി പി വാസുദേവന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി കെ സുരേഷ് ബാബു സ്വാഗതവും കെ ചെമ്മരന്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് സിപിഐ എം വയനാട് ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍, സെക്രട്ടറിയറ്റ് അംഗം കെ വി മോഹനന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ടി കൃഷ്ണന്‍, വി നാരായണന്‍, എകെഎസ് വയനാട് ജില്ലാപ്രസിഡന്റ് സീത ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

deshabhimani 070712

No comments:

Post a Comment