Saturday, July 21, 2012

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി


പാമ്പാടി (കോട്ടയം): മനുഷ്യരിലെ മരുന്നു പരീക്ഷണം തടയാന്‍ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ആരോഗ്യ കുടുംബക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. 2012 മെയ് എട്ടിനാണ് ബ്രിജേഷ് പാഠക്ക് ചെയര്‍മാനായ 12 അംഗ സമിതി പാര്‍ലമെന്റിലും രാജ്യസഭയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മരുന്നുകമ്പനികളെയും സ്വകാര്യാശുപത്രികളെയും സഹായിക്കാന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ക്ലിനിക്കല്‍ റിസര്‍ച്ച് നിരവധിപേരുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ്. ഇതിനെതിരെ വ്യക്തമായ ഒരു നിയമം പാര്‍ലമെന്റ് പാസാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ബഹുരാഷ്ട്രകമ്പനികളുടെ പ്രമോട്ടര്‍മാര്‍ വന്‍കിട ആശുപത്രി ഉടമകളുമായി ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. ഇതിന് വന്‍തുക പ്രതിഫലവും നല്‍കും. മനുഷ്യരിലെ മരുന്നുപരീക്ഷണം ഉള്‍പ്പെടെ പരിശോധിക്കാന്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്ക് ആക്ടിന് വിധേയമായി രൂപീകരിച്ച സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അപര്യാപ്തമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മരുന്നുകളുടെ ഗുണമേന്മാ പരിശോധന, ലൈസന്‍സ് നല്‍കുക എന്നീ ചുമതലകളും ഈ സമിതിക്കാണ്. 10,500 മരുന്ന് കമ്പനികളാണ് ഇന്ത്യയില്‍ മരുന്ന് വില്‍ക്കുന്നത്. സിഡിഎസ്സിഒയുടെ ഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ ഇവരെ കണ്‍ട്രോള്‍ ചെയ്യാനായി ആകെയുള്ളത് എട്ട് ഉദ്യോഗസ്ഥരാണ്. ഇതില്‍ ഒരു ഡ്രഗ്സ് കണ്‍ട്രോളറും ബാക്കി ഉദ്യോഗസ്ഥരുമാണ്. വിദഗ്ധരായ ആരുമില്ല. സ്ഥിരമായ മെഡിക്കല്‍ സമിതിയുമില്ല. സിഡിഎസ്സിഒയ്ക്ക് സംസ്ഥാനങ്ങളില്‍ സമിതികള്‍ ഉണ്ടെങ്കിലും ഇതിലും ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഇന്ത്യയിലാകെ ഏഴുലക്ഷം ഡോക്ടര്‍മാര്‍ ജോലി ചെയ്യുമ്പോള്‍ ആയിരത്തില്‍ താഴെ മാത്രമാണ് ഔഷധ ഗവേഷണത്തിന് പരിശീലനം നേടിയവര്‍.

ഇന്ത്യയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ മനുഷ്യരില്‍ മരുന്നുപരീക്ഷണത്തിന് അനുമതിയുള്ളൂ. 20,000 ജനറല്‍ ആശുപത്രികളില്‍ 150 ല്‍ മാത്രമെ ഇതിനു സൗകര്യമുള്ളൂ. മനുഷ്യരിലെ മരുന്നുപരീക്ഷണം എല്ലാ രംഗത്തെയും വിദഗ്ധരുടെ സാന്നിധ്യത്തില്‍ ആകണം എന്നും ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ട് പറയുന്നുണ്ട്. ഇന്ത്യയിലോ വിദേശത്തോ പരീക്ഷിക്കാത്ത മരുന്നുകളും ഇന്ത്യയില്‍ വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ഒരു മരുന്ന് ഇന്ത്യയില്‍ വിറ്റഴിക്കണമെങ്കില്‍ ഇന്ത്യക്കാരില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തണം. പരീക്ഷണങ്ങള്‍ പരിശോധിക്കാന്‍ ശേഷിയുള്ള ഒരു സമിതി നിലവിലില്ല. നിയമവിധേയമായിട്ടല്ലാതെ നടക്കുന്ന പരീക്ഷണങ്ങള്‍ തടയാനും സംവിധാനമില്ല. ഇന്ത്യയിലെ 10,500 മരുന്ന് കമ്പനികളില്‍നിന്ന് നികുതി ഇനത്തില്‍ 50,000 കോടിയാണ് കേന്ദ്രത്തിന് കിട്ടുന്നത്. ഇതിന്റെ പേരില്‍ മനുഷ്യജീവന്‍ പന്താടുന്ന മരുന്നുപരീക്ഷണങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് മെഡിക്കല്‍ നെഗ്ളിജന്‍സ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കോട്ടയം സ്കൂള്‍ ഓഫ് ലീഗല്‍തോട്സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി വി ജിജി പറഞ്ഞു.
(വി എം പ്രദീപ്)

പ്രമേഹരോഗികളിലും മരുന്ന് പരീക്ഷിച്ചു

പാമ്പാടി: കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രമേഹ രോഗികളെയും മരുന്നുപരീക്ഷണത്തിന് വിധേയരാക്കി. അള്‍സറേറ്റീവ് കൊളൈറ്റിസ്" എന്ന ഉദരരോഗത്തിനുള്ള മരുന്ന് പരീക്ഷിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കണ്ട് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ആളാണ് പരീക്ഷണം നടത്തിയ വിവരം അറിയിച്ചത്.

പ്രമേഹത്തിന്റെ ആരംഭത്തിലാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. തുടക്കമായതിനാല്‍ ചികിത്സിച്ച് മാറ്റാന്‍ ശ്രമിക്കാമെന്നും ഇതിനായി പ്രത്യേക വിഭാഗം തന്നെ ഉണ്ടെന്നും അറിയിച്ചു. വിദേശത്തുനിന്നു കൊണ്ടുവന്ന മരുന്നാണ് കുത്തിവെക്കുന്നതെന്ന് അറിയിച്ചിരുന്നു. ഒരു മാസം കഴിഞ്ഞ് വീണ്ടും വരാന്‍ ആവശ്യപ്പെട്ടു. ആ സമയം പ്രമേഹ പരിശോധന നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം കാണാതിരുന്നതിനാല്‍ മറ്റൊരു മരുന്ന് കുത്തിവച്ചു. ഒരു മാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തിയപ്പോള്‍ പ്രമേഹം കുറഞ്ഞതായി കണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും രോഗബാധിതനായി. ഇതോടെ അവിടുത്തെ ചികിത്സ അവസാനിപ്പിച്ചു. മരുന്നു കുത്തിവെക്കുന്നതിന് മുമ്പ് ഏതാനും പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. ചികിത്സയ്ക്ക് ആശുപത്രി അധികൃതര്‍ ഫീസ് വാങ്ങിയിരുന്നില്ല. ചികിത്സിച്ച ഡോക്ടര്‍ ഇപ്പോള്‍ ആന്‍ഡമാനിലാണ്-അദ്ദേഹം അറിയിച്ചു.

തന്നെ പരീക്ഷണത്തിന് ഇരയാക്കുന്നതായി അറിയില്ലായിരുന്നുവെന്നും ദേശാഭിമാനിയിലെ മരുന്നു പരീക്ഷണ റിപ്പോര്‍ട്ട് വായിച്ചപ്പോഴാണ് താനും വഞ്ചിക്കപ്പെട്ടതായി മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം പരീക്ഷണത്തിനിരയായവര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. വിദേശമരുന്ന് കമ്പനികള്‍ഒരാള്‍ക്ക് 30,000 രൂപ വീതം ആശുപത്രികള്‍ക്ക് നല്‍കുന്നുണ്ടത്രേ.

deshabhimani 210712

1 comment:

  1. മനുഷ്യരിലെ മരുന്നു പരീക്ഷണം തടയാന്‍ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ആരോഗ്യ കുടുംബക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. 2012 മെയ് എട്ടിനാണ് ബ്രിജേഷ് പാഠക്ക് ചെയര്‍മാനായ 12 അംഗ സമിതി പാര്‍ലമെന്റിലും രാജ്യസഭയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മരുന്നുകമ്പനികളെയും സ്വകാര്യാശുപത്രികളെയും സഹായിക്കാന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

    ReplyDelete