Saturday, July 21, 2012

എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചെന്ന് അബ്ദുറബ്ബ്


മലപ്പുറത്തെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനമടുത്തതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞുകൊണ്ടിരിക്കെയാണ് ഇതെല്ലാം തള്ളി വിദ്യാഭ്യാസമന്ത്രി തീരുമാനം തുറന്നടിച്ചത്. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനും അതനുസരിച്ച് ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കുന്നതിനുമുള്ള ശുപാര്‍ശ 2012 ജൂണ്‍ 13ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചതായി ഇ പി ജയരാജന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രേഖാമൂലം അറിയിച്ചത്. ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ജൂണ്‍ 13ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാനാണ് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ വിവാദമുയര്‍ന്നു. മന്ത്രി നിലപാടില്‍ ഉറച്ചുനിന്നതോടെ മുഖ്യമന്ത്രി തിരുത്തി. മന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നും എന്നാല്‍ അന്തിമതീരുമാനമെടുക്കുന്നതിന് ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പി. യുഡിഎഫ് യോഗംചേര്‍ന്ന് നയപരമായി തീരുമാനിച്ച ശേഷമേ അന്തിമ നടപടി ഉണ്ടാകൂ എന്നും മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പ്രചരിപ്പിച്ചു.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തിങ്കളാഴ്ച സഭയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി തള്ളി. സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാന്‍ തന്നെയാണ് തീരുമാനിച്ചതെന്ന് മറുപടിയിലൂടെ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ എയ്ഡഡ് പദവി അനുവദിച്ച് ഭരണവകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഈ തീരുമാനമെടുക്കാന്‍ ധനവകുപ്പ് എപ്പോഴാണ് അംഗീകാരം നല്‍കിയതെന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. 1995-96 കാലയളവില്‍ ഒറ്റത്തവണ ധനസഹായം എന്ന നിലയില്‍ എല്‍പി സ്കൂളുകള്‍ക്ക് 3,60,000 രൂപയും യുപി സ്കൂളുകള്‍ക്ക് 2,88,000 രൂപയും ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്ക് 15ലക്ഷം രൂപയും നല്‍കിയാണ് സ്കൂളുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കിയത്. സ്കൂളുകള്‍ തുടങ്ങുന്നതിന് സ്ഥലം വാങ്ങുന്നതിനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമാണ് ഈ തുക വിനിയോഗിച്ചത്. പദ്ധതിയുടെ തുടര്‍ഘട്ടങ്ങളില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി. ബന്ധപ്പെട്ട മാനേജ്മെന്റുകള്‍ക്ക് സാമ്പത്തികമായി ഒരു ബാധ്യതയുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുകൊണ്ട് ഈ മാനേജ്മെന്റുകള്‍ക്ക് സാമ്പത്തികമായോ മറ്റോ നഷ്ടവുമില്ല. എന്നിട്ടും എയ്ഡഡ് മേഖലയിലാക്കുന്നതിന് പിന്നില്‍ കോഴലക്ഷ്യം മാത്രമാണുള്ളത്.

deshabhimani 210712

No comments:

Post a Comment