Tuesday, July 10, 2012
വിലക്കയറ്റം അതിവേഗം ബഹുദൂരം
ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച കൊഴുപ്പിച്ചത് വിലക്കയറ്റം തന്നെയായിരുന്നു. "നേരിയ വിലക്കയറ്റം" എന്നാണ് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നിരീക്ഷിച്ചതെങ്കിലും സംഗതി അത്ര നേരിയതല്ലെന്ന് ചര്‍ച്ച സാക്ഷ്യപ്പെടുത്തി. വിലക്കയറ്റത്തിന് പുറമെ മായംചേര്‍ക്കലും ആഹാരശൈലീരോഗങ്ങളും കൂടിയായപ്പോള്‍ ആട്ടുകല്ലിന് കാറ്റുപിടിച്ച മട്ടിലായി ഭരണപക്ഷം. ചന്ദ്രശേഖരന്‍ വധക്കേസിനെ കുറിച്ച് ആര്‍ സെല്‍വരാജിന്റെ വെളിപാട് ശക്തമായ പ്രതിഷേധമുയര്‍ത്തി. ക്രമപ്രശ്നം ഉന്നയിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച് വിശദീകരണം തേടിയതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുലിവാല് പിടിച്ചു. രേഖ പരിശോധിച്ച് അടുത്തദിവസം റൂളിങ് നല്‍കാമെന്ന് അറിയിച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തല്‍ക്കാലം തീര്‍പ്പാക്കി.
ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുംവരെ പ്രതിയാകുമെന്നാണ് ആര്‍ സെല്‍വരാജ് ധരിച്ചിരിക്കുന്നത്. കെ സുരേഷ്കുറുപ്പ് അപ്പോള്‍ത്തന്നെ ക്രമപ്രശ്നം ഉന്നയിച്ച് പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടു. പ്രേതാത്മാവിന്റെ പ്രസംഗം എന്നാണ് വി ചെന്താമരാക്ഷന്‍ വിശേഷിപ്പിച്ചത്. ചന്ദ്രശേഖരന്‍ കേസില്‍ അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് ഇത് തെളിയിക്കുന്നതായി കെ കുഞ്ഞിരാമന്‍ വ്യക്തമാക്കി. സെല്‍വരാജിന്റെ വെളിപ്പെടുത്തലില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ഒരാളിനെയും പ്രതിയാക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കോടിയേരി ചോദ്യം ആവര്‍ത്തിച്ചെങ്കിലും സെല്‍വരാജിന്റെ ആരോപണത്തെ മന്ത്രി സാധൂകരിച്ചില്ല. തലയൂരാന്‍ വഴിതേടിയ സെല്‍വരാജിന് പിന്തുണയുമായി വി ഡി സതീശന്‍ രംഗത്തെത്തി. സെല്‍വരാജ് ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു സതീശന്റെ വ്യാഖ്യാനം. രേഖ പരിശോധിച്ച് ചൊവ്വാഴ്ച തീരുമാനം അറിയിക്കാമെന്നായി സ്പീക്കര്‍.
വിലക്കയറ്റവും മായംചേര്‍ക്കലും ദുസ്സഹമാണെന്ന് പി അയിഷാപോറ്റി കുറ്റപ്പെടുത്തി. നിയമസഭാ ക്യാന്റീനിലെ അര ഗ്ലാസ് പായസത്തിന് ഈടാക്കുന്ന വില നോക്കിയാല്‍ വിലക്കയറ്റത്തിന്റെ രൂക്ഷത ബോധ്യപ്പെടുമെന്നാണ് അവരുടെ പക്ഷം. തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നടത്തുന്ന അഴിമതിയിലേക്ക് അയിഷാപോറ്റി വിരല്‍ചൂണ്ടി. ചന്ദ്രശേഖരന്‍ വധക്കേസിന്റെപേരില്‍ മാധ്യമങ്ങളും സര്‍ക്കാരും ചേര്‍ന്ന് പ്രചാരണം നടത്തുകയാണ്. നീതിയുടെ ത്രാസ് തുലനം വേണം. പക്ഷേ ചില കേസുകളില്‍ ഒരു നീതിയും മറ്റുചിലതില്‍ മറിച്ചുമാണെന്ന് അയിഷാപോറ്റി വ്യക്തമാക്കി. നേരിയ വിലക്കയറ്റം മാത്രമാണെന്ന് പറയുന്ന മന്ത്രി സ്വപ്നലോകത്താണെന്ന് പി തിലോത്തമന്‍ പറഞ്ഞു. ആഹാരത്തിലും വിഷദംശനം നടക്കുകയാണെന്ന് അബ്ദുസമദ് സമദാനി നിരീക്ഷിച്ചു. ആഹാരത്തെ മാറ്റി അതുവഴി സംസ്കാരത്തെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണയ്ക്ക് വിലക്കൂടുതല്‍ ഈടാക്കുന്ന പദ്ധതി നടപ്പാക്കാന്‍ നെയ്യാറ്റിന്‍കര താലൂക്കിനെ തെരഞ്ഞെടുത്തത് യുഡിഎഫിനെ വിജയിപ്പിച്ചതിനുള്ള സമ്മാനമാണെന്ന് ജമീല പ്രകാശം. വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ നടപടിയില്ലെന്ന പ്രതിപക്ഷ ആരോപണം സമദാനി ശരിവച്ചിരിക്കുകയാണെന്ന് എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നതെന്ന് ബി ഡി ദേവസ്സി കണ്ടെത്തി. പശുവിന്റെ തലയ്ക്ക് ഒരു മന്ത്രി അകിടിന് വേറെ മന്ത്രി എന്നതാണ് സ്ഥിതിയെന്ന് വി എസ് സുനില്‍കുമാര്‍. തെരുവുനായ്ക്കളുടെയും മന്ത്രിമാരുടെയും എണ്ണം വര്‍ധിക്കുന്നതല്ലാതെ ഭക്ഷ്യഉല്‍പ്പാദനം കൂടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിലെ ക്രിമിനലുകള്‍ വടകരയിലും കണ്ണൂരിലും കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കെ കുഞ്ഞിരാമന്‍ ചൂണ്ടിക്കാട്ടി. സണ്ണി ജോസഫ്, ബെന്നി ബഹനാന്‍, തോമസ് ഉണ്ണിയാടന്‍, എം പി വിന്‍സെന്റ്, വി എം ഉമ്മര്‍മാസ്റ്റര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ അനൂപ് ജേക്കബ്, കെ സി ജോസഫ് എന്നിവര്‍ മറുപടി നല്‍കി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചാല്‍ ഇറങ്ങിപ്പോകുകയാണ് പൊതുകീഴ്നടപ്പ്. നെല്‍വയല്‍ സംരക്ഷണത്തെ കുറിച്ചായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിപ്പോക്ക് പ്രതിപക്ഷം ഉപേക്ഷിച്ചു. പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിതനീക്കത്തില്‍ സര്‍ക്കാരും വെട്ടിലായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍ സംരക്ഷണനിയമം നടപ്പാക്കാത്തതെന്ന് മന്ത്രി അടൂര്‍ പ്രകാശും മറിച്ചാണെന്ന് നോട്ടീസ് നല്‍കിയ വി എസ് സുനില്‍കുമാറും വാദിച്ചു. ഞങ്ങളുടെയും നിങ്ങളുടെയും കാലത്തെന്ന് പറഞ്ഞ് തര്‍ക്കിക്കുന്നത് ഭൂമാഫിയയെയാണ് സഹായിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. കാര്‍ട്ടൂണിന് വേണ്ടി മ്യൂസിയം സ്ഥാപിക്കണമെന്ന വി ടി ബല്‍റാമിന്റെ ഉപക്ഷേപം കാര്‍ട്ടൂണ്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു. മന്ത്രി എം കെ മുനീര്‍ സഭയിലെ നിമിഷ കാര്‍ട്ടൂണിസ്റ്റാണെന്ന് മന്ത്രി കെ എം മാണി വെളിപ്പെടുത്തി. എ പ്രദീപ്കുമാര്‍, വി ടി ബല്‍റാം എന്നിങ്ങനെ ചിലരും അക്കൂട്ടത്തില്‍പ്പെടുമെന്നായി മന്ത്രി. കഴിഞ്ഞ സഭയില്‍ എം എം മോനായിയും ഈ നിരയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ട്ടൂണിന് വേണ്ടി ഒരു അക്കാദമിയും തിരുവനന്തപുരത്ത് മ്യൂസിയവും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. അതും കാര്‍ട്ടൂണിന് വക നല്‍കുമോയെന്ന് കണ്ടറിയാം.
കെ ശ്രീകണ്ഠന്‍ deshabhimani 100712
Labels:
നിയമസഭ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment