Tuesday, July 10, 2012

അലവന്‍സും ബോണസും നിര്‍ത്തി തട്ടിപ്പറിക്കുന്നത് 120 കോടി


അലവന്‍സും ബോണസും അടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് ഇരുട്ടടിയായി. പതിനേഴായിരത്തോളം മഹിളാ പ്രധാന്‍- എസ്എഎസ് ഏജന്റുമാരെയാണ് സര്‍ക്കാര്‍ ദുരിതത്തിലാഴ്ത്തിയത്. നിക്ഷേപസമാഹരണത്തിനു പുറമെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമേ ഇനി ആനുകൂല്യങ്ങള്‍ നല്‍കൂ. ബോണസും അലവന്‍സും നിഷേധിക്കുന്നതുവഴി വര്‍ഷം 120 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ തട്ടിപ്പറിക്കുന്നത്. ജൂണ്‍ 13ന്റെ മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

മഹിളാ പ്രധാന്‍ ഏജന്റുമാരും എസ്എഎസ് ഏജന്റുമാരും വികസനപ്രവര്‍ത്തനങ്ങളിലും സാമൂഹ്യസുരക്ഷ- സേവനമേഖലകളിലെ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടണമെന്നു കാണിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ സേവനം നിക്ഷേപ സമാഹരണ പ്രയത്നത്തിന് ആനുപാതികമായി നിശ്ചയിച്ച് പ്രതിഫലം നല്‍കാനും അനുവദിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് 5.25 ശതമാനംവരെയും എസ്എഎസ് ഏജന്റുമാര്‍ക്ക് 1.1 ശതമാനംവരെയുമാണ് പ്രതിഫലം. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവോടെ ഇല്ലാതാകും. ദേശീയസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തവണയുടെ നാലുശതമാനം ഏജന്റിന് കമീഷനായി ലഭിച്ചിരുന്നു. കമീഷന്‍ പണം അടയ്ക്കുമ്പോള്‍തന്നെ ലഭിക്കും. മൂന്നുമാസം കൂടുമ്പോള്‍ നാലുശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ അലവന്‍സായി നല്‍കും. നിക്ഷേപത്തുകയുടെ ഒന്നേകാല്‍ ശതമാനം ബോണസും ഏജന്റുമാര്‍ക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പറിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കമീഷനു പുറമെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹന അലവന്‍സ് നല്‍കുന്നുണ്ടെങ്കില്‍ അത് നിലവിലുള്ള കമീഷനില്‍നിന്ന് കുറവുചെയ്യണമെന്ന് ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപവും പലിശനിരക്കും പ്രവര്‍ത്തനവും വിലയിരുത്താന്‍ നിയോഗിച്ച ശ്യാമളാ ഗോപിനാഥ് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റുമേഖലകളിലെ ജോലിക്ക് നിയോഗിക്കുകയാണെങ്കില്‍ നിക്ഷേപസമാഹരണത്തിന് ആനുപാതികമായി ഓണറേറിയം അനുവദിക്കാനാകും. തമിഴ്നാടും പോണ്ടിച്ചേരിയും ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നു നല്‍കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രത്യേകാനുമതി വാങ്ങിയിട്ടുണ്ട്. ഉത്തരവ് ഇറങ്ങുന്നതിനുമുമ്പുതന്നെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ആറുമാസമായി ഒരാനുകൂല്യവും നല്‍കുന്നില്ല. ജൂണ്‍ ആദ്യം എറണാകളുത്ത് ചേര്‍ന്ന ഏജന്റുമാരുടെ സംഗമത്തില്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആനുകൂല്യങ്ങള്‍ തടഞ്ഞ് ജൂണ്‍ 13ന് മന്ത്രിസഭ തീരുമാനമെടുത്തു.

deshabhimani 100712

1 comment:

  1. അലവന്‍സും ബോണസും അടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് ഇരുട്ടടിയായി. പതിനേഴായിരത്തോളം മഹിളാ പ്രധാന്‍- എസ്എഎസ് ഏജന്റുമാരെയാണ് സര്‍ക്കാര്‍ ദുരിതത്തിലാഴ്ത്തിയത്. നിക്ഷേപസമാഹരണത്തിനു പുറമെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമേ ഇനി ആനുകൂല്യങ്ങള്‍ നല്‍കൂ. ബോണസും അലവന്‍സും നിഷേധിക്കുന്നതുവഴി വര്‍ഷം 120 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ തട്ടിപ്പറിക്കുന്നത്. ജൂണ്‍ 13ന്റെ മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

    ReplyDelete