Thursday, July 12, 2012

മലേഗാവ് സ്ഫോടനത്തിന്റെ സൂത്രധാരന്‍ പുരോഹിത് "കേമനെ"ന്ന് സൈന്യം


മലേഗാവ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ ശ്രീകാന്ത് പുരോഹിത് കേമനായ ഉദ്യോഗസ്ഥനെന്ന് സൈന്യത്തിന്റെ റിപ്പോര്‍ട്ട്. പുരോഹിതിന്റെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലാണ് പ്രശംസ. ആശ്രയിക്കാന്‍ കഴിയുന്ന മികച്ച സംഘാടകന്‍ കൂടിയാണ് പുരോഹിത്. നിരോധിക്കപ്പെട്ട സംഘടനയായ "സിമി"യില്‍ നുഴഞ്ഞുകയറിയ പുരോഹിത് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി. മറ്റ് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഇത്തരത്തില്‍ അന്വേഷണം നടത്തിയ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അറബി, ഇസ്ലാമികചരിത്രം എന്നിവ വശമുള്ള പുരോഹിത് "തബ്ലിഗ്-ഇ-ജമാഅത്ത് പോലുള്ള മതമൗലികവാദ സംഘടനകളെക്കുറിച്ച് വിലപിടിച്ച വിവരങ്ങളാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് മുംബൈ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റുചെയ്ത പുരോഹിതിന്, സംഝോത എക്സ്പ്രസ് സ്ഫോടനവുമായും ബന്ധമുണ്ടെന്ന് പിന്നീട് വ്യക്തമായി. 2008 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ ആറു പേരും 2007 ഫെബ്രുവരിയില്‍ ഡല്‍ഹി-ലാഹോര്‍ സംഝോത എക്സ്പ്രസിലുണ്ടായ സ്ഫോടനത്തില്‍ 68 പേരുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച "അഭിനവ് ഭാരതി"ല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിയാണ് താന്‍ നുഴഞ്ഞുകയറികയതെന്നാണ് പുരോഹിത് പറഞ്ഞത്. ഇതിനെ സാധൂകരിക്കുന്നതാണ് സൈന്യത്തിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്.

തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ആദ്യമായി അറസ്റ്റുചെയ്യപ്പെട്ട സൈനിക ഓഫീസറാണ് ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്. പുണെ സ്വദേശിയായ ഇദ്ദേഹം 1994ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 2002-2005 കാലത്ത് ജമ്മു കശ്മീരില്‍ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പുരോഹിത് പിന്നീട് മിലിറ്ററി ഇന്റലിജന്റ്സിലേക്ക് മാറി. റിട്ട. മേജര്‍ രമേഷ് ഉപാധ്യായ രൂപീകരിച്ച അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദസംഘടനയില്‍ പുരോഹിതും സജീവമായി. മാലേഗാവ് കേസില്‍ ഉപാധ്യായയും അറസ്റ്റിലായി. ആര്‍മിയില്‍നിന്ന് കവര്‍ന്നെടുത്ത 60 കിലോ ആര്‍ഡിഎക്സ് ആണ് മാലേഗാവ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും കണ്ടെത്തി. മാലേഗാവ് സ്ഫോടനത്തില്‍ അറസ്റ്റിലായ പുരോഹിതിനെ സൈനികകോടതി വിചാരണ നടത്തി സര്‍വീസില്‍നിന്ന് പുറത്താക്കി.

deshabhimani 110712

No comments:

Post a Comment