Thursday, July 12, 2012

തല്ലിക്കോ, കെട്ടിപ്പിടിച്ചോ സഭയില്‍ അലക്കരുത്


വനംമന്ത്രിയും ചീഫ്വിപ്പും തമ്മിലുള്ള ഏറ്റുമുട്ടലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറെക്കാലമായി ആറ്റുനോറ്റ് ഇരിപ്പായിരുന്നുവത്രേ. നെല്ലിയാമ്പതി തോട്ടം ഏറ്റെടുക്കല്‍ പ്രശ്നത്തില്‍ ഗണേശ്കുമാറും പി സി ജോര്‍ജും തമ്മിലുള്ള അടിതട അപ്പോഴാണ് വീണുകിട്ടിയത്. കാര്യമായ പണിയൊന്നും ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രി റഫറിയായി. മന്ത്രിയും വിപ്പും സ്കോര്‍ തുടരുന്നതിനിടെ ഏറ്റുമുട്ടല്‍ സമനിലയില്‍ കലാശിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒടുവില്‍ മന്ത്രിയും ചീഫ് വിപ്പും പോരിനിറങ്ങിയതിന്റെ പഴി പ്രതിപക്ഷത്തിന്. മന്ത്രി പറഞ്ഞതിലും തെറ്റില്ല, ചീഫ് വിപ്പിന്റെ നടപടിയിലും പിശകില്ല. കുറ്റക്കാര്‍ കാണികള്‍തന്നെ.

മന്ത്രിയാണോ വിപ്പാണോ ശരിയെന്ന ചോദ്യം അവശേഷിപ്പിച്ചാണ് മുഖ്യമന്ത്രി മത്സരം അവസാനിപ്പിച്ചത്. ഈ പ്രശ്നമെങ്കിലും തീര്‍ക്കാന്‍ അവസരം തരില്ലേയെന്നായിരുന്നു പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി ചോദിച്ചത്. മന്ത്രിയും ചീഫ്വിപ്പും തമ്മിലുള്ളത് തങ്ങളുടെ ആഭ്യന്തരപ്രശ്നം എന്നാണ് മുഖ്യമന്ത്രി വാദിച്ചത്. ചൊറികുത്തിയിരിക്കുമ്പോള്‍ ഇതൊക്കെ തീര്‍ക്കാന്‍ അവസരം കിട്ടുന്നത് മുജ്ജന്മ സുകൃതംതന്നെ. ചെകുത്താനും ചെന്നായും വിജയിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ യോജിച്ചില്ല. "നിങ്ങള്‍ തമ്മില്‍ തല്ലുകയോ, കെട്ടിപ്പിടിക്കുകയോ ആയിക്കോ. സഭയില്‍ കൊണ്ടുവന്ന് അലക്കരുത്" വി എസ് നിലപാട് വ്യക്തമാക്കി. സഭയില്‍ അലക്കുക, പത്രസമ്മേളനം വിളിച്ച് മന്ത്രിയെ ഭീഷണിപ്പെടുത്തുക, പ്രതിപക്ഷത്തെ അപഹസിക്കുക. ഇതൊന്നും പൊറുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്തും പറയാന്‍ ചീഫ് വിപ്പിന് അവകാശം നല്‍കിയിട്ടുണ്ടോയെന്നും വി എസ് ആരാഞ്ഞു.

നെല്ലിയാമ്പതിമേഖലയിലെ തോട്ടം ഏറ്റെടുക്കല്‍ പ്രശ്നത്തില്‍ മന്ത്രിയും ചീഫ് വിപ്പും തമ്മിലുള്ള ഏറ്റുമുട്ടല്‍ ക്രമപ്രശ്നത്തിലൂടെ പ്രതിപക്ഷ നേതാവാണ് ഉന്നയിച്ചത്. തോട്ടം ഉടമകളോട് കരുണ കാണിച്ചില്ലെങ്കില്‍ മന്ത്രിയുടെ പണി നിര്‍ത്തിക്കുമെന്നാണ് പി സി ജോര്‍ജ് പറഞ്ഞതെന്ന് വി എസ് ചൂണ്ടിക്കാട്ടി. യുഡിഎഫ്, കമ്മിറ്റിയെ നിയമിച്ച കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് മന്ത്രിയും പറയുന്നു. ഇതില്‍ ഏതാണ് ശരി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എ കെ ബാലന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പ്രശ്നത്തില്‍ ഇടപെട്ടു. മന്ത്രിയെ തള്ളിയ ചീഫ്വിപ്പ് സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പി സി ജോര്‍ജിന് ക്യാബിനറ്റ് റാങ്കുണ്ടെന്നല്ലാതെ മന്ത്രിയുടെ പദവിയില്ലെന്നായി കെ എം മാണി. ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് കത്ത് നല്‍കിയിട്ടുണ്ടെന്ന് എ കെ ബാലനും പറഞ്ഞു. തുടര്‍ന്നാണ് ചീഫ് വിപ്പിനെയും മന്ത്രിയെയും തള്ളാനും കൊള്ളാനും വയ്യാതെ മുഖ്യമന്ത്രി ഇരുവര്‍ക്കും സമ്മാനം പങ്കിട്ടത്.

ചന്ദ്രശേഖരന്‍ വധത്തെതുടര്‍ന്ന് തന്റെ ഫോണ്‍ അന്വേഷണ സംഘം ചോര്‍ത്തുന്നുവെന്ന എളമരം കരീമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കി. ഫോണ്‍ ചോര്‍ത്താന്‍ മന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. അറസ്റ്റിലായ പി മോഹനനെ കാണാന്‍ ഇ പി ജയരാജനോടൊപ്പം വടകരയില്‍ ചെന്നപ്പോള്‍ തങ്ങള്‍ വരുന്ന കാര്യം നാലര മണിക്കൂര്‍മുമ്പ് അറിഞ്ഞെന്നാണ് എസ് പി പറഞ്ഞത്. ഫോണ്‍ ചോര്‍ത്തിയതിന് ഇത് തെളിവാണെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ചന്ദ്രശേഖരന്‍കേസില്‍ പ്രതികളെ സൃഷ്ടിക്കുന്നത് ബോധപൂര്‍വമാണ്. മാധ്യമപ്രവര്‍ത്തകരെ പൊലീസ് ടെലിഫോണില്‍ നിരന്തരം ബന്ധപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. വിദ്യാഭ്യാസക്കച്ചവടത്തെ എതിര്‍ക്കുമ്പോള്‍ മുസ്ലിങ്ങളെ എതിര്‍ക്കുകയാണെന്ന് പ്രചരിപ്പിക്കുന്നു. പണം കൊടുക്കുന്നവനുമാത്രമാണ് ലീഗ് നേതാക്കളുടെ പേരിലുള്ള സ്കൂളുകളില്‍ നിയമനം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്ത കോണ്‍ഗ്രസിനെ ലീഗ് പിന്തുണയ്ക്കുകയാണ്. മുംബൈയില്‍ മുസ്ലിങ്ങള്‍ക്ക് ഫ്ളാറ്റ് വാടകയ്ക്ക് നല്‍കുന്നില്ല. അതിലൊന്നും ലീഗിന് മിണ്ടാട്ടമില്ലെന്ന് കരീം ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട്സിറ്റി പ്രദേശത്ത് വര്‍ഷംതോറും റീത്ത് വച്ചിരുന്ന കെ ബാബുവും ബെന്നി ബഹനാനും ഈ വര്‍ഷം അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ലെന്ന് എസ് ശര്‍മ. മലര്‍ന്നുകിടന്ന് സ്വന്തം നെഞ്ചില്‍ റീത്ത് വയ്ക്കേണ്ടിവരുമെന്നതിനാലാണ് ഇരുവരും അങ്ങോട്ടുപോകാതിരുന്നതെന്ന് വ്യവസായവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച തുടങ്ങിയ ശര്‍മ വെളിപ്പെടുത്തി. വാടകക്കെട്ടിടത്തിനു പകരം പന്തല്‍ ഉയര്‍ന്നതല്ലാതെ സ്മാര്‍ട്ട് സിറ്റിയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള എമര്‍ജിങ് കേരള പൊളിഞ്ഞുപാളീസാകുമെന്നാണ് സി ദിവാകരന്റെ പക്ഷം. പ്രചാരണത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുന്നതല്ലാതെ പട്ടികജാതിവിഭാഗങ്ങള്‍ക്ക് ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് ബി സത്യന്‍ കുറ്റപ്പെടുത്തി. ചില കേസുകളില്‍ കാണിക്കുന്ന ഊര്‍ജസ്വലത കെ സുധാകരനെതിരെയുള്ള കേസിലും അനീഷ്രാജ് വധക്കേസിലും കാണിക്കുന്നില്ലെന്ന് ചര്‍ച്ച ഉപസംഹരിച്ച വി എസ് പറഞ്ഞു.

കെ സുധാകരനെ കാണുമ്പോള്‍ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണെന്ന് വി എസ് വ്യക്തമാക്കി. സൂക്ഷ്മ വ്യവസായങ്ങളുടെ രംഗത്ത് നേട്ടം കൈവരിച്ചെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം വായിച്ച വി എസ്, നോക്കിയാല്‍ കാണുന്ന വ്യവസായങ്ങളൊന്നും വന്നില്ലെന്നായി. മൈക്രോ എന്റര്‍പ്രൈസസ് എന്നത് മൊഴിമാറ്റിയപ്പോള്‍ സൂക്ഷ്മ വ്യവസായങ്ങളായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വൈദ്യുതി ദൗര്‍ലഭ്യം ഉറക്കം കെടുത്തുന്നുവെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനും സഭ കാതോര്‍ത്തു. വര്‍ക്കല കഹാര്‍, കെ എന്‍ എ ഖാദര്‍, സി കെ നാണു, സി എഫ് തോമസ്, എ എ അസീസ്, അന്‍വര്‍ സാദത്ത്, കെ ശിവദാസന്‍നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കെ ശ്രീകണ്ഠന്‍ deshabhimani 120712

1 comment:

  1. വനംമന്ത്രിയും ചീഫ്വിപ്പും തമ്മിലുള്ള ഏറ്റുമുട്ടലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറെക്കാലമായി ആറ്റുനോറ്റ് ഇരിപ്പായിരുന്നുവത്രേ. നെല്ലിയാമ്പതി തോട്ടം ഏറ്റെടുക്കല്‍ പ്രശ്നത്തില്‍ ഗണേശ്കുമാറും പി സി ജോര്‍ജും തമ്മിലുള്ള അടിതട അപ്പോഴാണ് വീണുകിട്ടിയത്. കാര്യമായ പണിയൊന്നും ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രി റഫറിയായി. മന്ത്രിയും വിപ്പും സ്കോര്‍ തുടരുന്നതിനിടെ ഏറ്റുമുട്ടല്‍ സമനിലയില്‍ കലാശിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒടുവില്‍ മന്ത്രിയും ചീഫ് വിപ്പും പോരിനിറങ്ങിയതിന്റെ പഴി പ്രതിപക്ഷത്തിന്. മന്ത്രി പറഞ്ഞതിലും തെറ്റില്ല, ചീഫ് വിപ്പിന്റെ നടപടിയിലും പിശകില്ല. കുറ്റക്കാര്‍ കാണികള്‍തന്നെ.

    ReplyDelete