Sunday, July 8, 2012

ദേശീയ വാര്‍ത്തകള്‍ - രാഹുല്‍, ചിദംബരം,ഋഷിരാജ്‌സിങ്ങ്


ബലാത്സംഗ ആരോപണം രാഹുല്‍ സുപ്രീംകോടതിയില്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ താനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംഎല്‍എ കിഷോര്‍ സമ്രിതെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ രാഹുലിന് നോട്ടീസ് അയച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബലിറാം സിങ്ങിന്റെ മകള്‍ സുകന്യ സിങ്ങിനെ 2006 ഡിസംബര്‍ മൂന്നിന് രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും കൂട്ടബലാത്സംഗംചെയ്തെന്നാണ് കേസ്. സംഭവം മൂടിവയ്ക്കുന്നതിന് സുകന്യയെയും അമ്മയെയും തട്ടിക്കൊണ്ടുപോയതായും ആക്ഷേപമുണ്ട്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, ചന്ദ്രമൗലി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞു. വെബ്സൈറ്റില്‍മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ആക്ഷേപങ്ങളാണിത്. ഉത്തരവാദിത്തപ്പെട്ട ആര്‍ക്കും ഇതിന്റെ പേരില്‍ കേസെടുക്കാനാകില്ല- രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഹൈക്കോടതി കേസ് തള്ളിയതിനുശേഷം തനിക്ക് നിരന്തരം പൊലീസിന്റെ പീഡനമാണെന്ന് കിഷോര്‍ സമ്രിതെ പറഞ്ഞു. തനിക്കെതിരെ ജപ്തിനടപടികള്‍പോലും ആരംഭിച്ചുകഴിഞ്ഞു. തനിക്കെതിരായ എല്ലാ കോടതി നടപടിയും നിര്‍ത്തിവയ്ക്കണം- സമ്രിതെ പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

സ്പെക്ട്രം: ചിദംബരം മന്ത്രിതല സമിതി അധ്യക്ഷന്‍

ന്യൂഡല്‍ഹി: സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള മന്ത്രിസഭാ സമിതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നയിക്കും. ശരദ് പവാര്‍ ഒഴിവായതിനെത്തുടര്‍ന്നാണ് ചിദംബരത്തെ ചുമതല ഏല്‍പ്പിച്ചത്. 2ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിനുകൂടി പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ചിദംബരത്തെത്തന്നെ സമിതി അധ്യക്ഷനാക്കിയത്. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, കപില്‍ സിബല്‍, അംബിക സോണി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും സമിതിയിലുണ്ടാകും. സ്പെക്ട്രം അലോട്ടുചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും വിലയും ഈ സമിതി നിശ്ചയിക്കും. പ്രണബ് മുഖര്‍ജി രാജിവച്ചതിനെത്തുടര്‍ന്നാണ് പവാറിനെ ചുമതലയേല്‍പ്പിച്ചത്. ജൂലൈ രണ്ടിന് സമിതി യോഗം ചേരാനും തീരുമാനിച്ചു. എന്നാല്‍, അതിനുമുമ്പുതന്നെ പവാര്‍ ചുമതലയൊഴിഞ്ഞു.

ടെലികോം: കേന്ദ്രനീക്കം ക്രൂരമായ തമാശയെന്ന് ബിജെപി

ടെലികോം മന്ത്രിതല ഉന്നതാധികാര സമിതിയുടെ തലവനായി ആഭ്യന്തരമന്ത്രി പി ചിദംബരത്തെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ക്രൂരമായ തമാശയാണെന്ന് ബിജെപി നേതൃത്വം. ചിദംബരത്തിന്റെ നിയമനവാര്‍ത്ത സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്ന് നിഷേധാഭിപ്രായമൊന്നും ഇതുവരെ വന്നിട്ടില്ല. ഈ തീരുമാനം അന്തസ്സാര്‍ന്ന ഭരണം കാഴ്ചവയ്ക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് കടകവിരുദ്ധമാണെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

വിവാദമായ ടുജി സ്പെക്ട്രം വിതരണത്തിലെ അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ടെലികോംമന്ത്രി എ രാജ വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ടെലികോം മന്ത്രിതല ഉന്നതാധികാര സമിതിയുടെ തലവനായി ചിദംബരം നിയോഗിക്കപ്പെടുന്നതിന്റെ സാംഗത്യം പ്രധാനമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഋഷിരാജ് സിങ്ങിനെ മാറ്റിയത് വിവാദമായി

മുംബൈ: ആദര്‍ശ് ഫ്ളാറ്റ് കുംഭകോണക്കേസില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാനടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെ കേസ് ആന്വേഷിച്ച സിബിഐ ജോയിന്റ് ഡയറക്ടര്‍ ഋഷിരാജ് സിങ്ങിനെ സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായി. പതിനെട്ടു മാസത്തെ അന്വേഷണത്തിനുശേഷം ഉന്നതര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പിറ്റേ ദിവസമാണ് ഋഷിരാജ് സിങ്ങിനെ സിബിഐയില്‍നിന്ന് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിലേക്ക് മാറ്റിയത്. മുന്‍ മുഖ്യമന്ത്രിമാരും നിലവില്‍ കേന്ദ്രമന്ത്രിമാരുമായ വിലാസ്റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡെയും കേസില്‍ സംശയത്തിന്റെ നിഴലിലാണ്. ഇവരടക്കമുള്ളവര്‍ക്കെതിരെ സിബിഐ ഉപകുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

കേരള കേഡറില്‍നിന്നുള്ള 1985ലെ ഐപിഎസ് ബാച്ചുകാരനാണ് ഋഷിരാജ് സിങ്. അദ്ദേഹത്തിനു പകരം സിബിഐ ഡല്‍ഹി ജോയിന്റ് ഡയറക്ടറായ കേശവ് കുമാറിനെയാണ് ആദര്‍ശ് കുംഭകോണക്കേസിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പതിവ് സ്ഥാനമാറ്റമാണിതെന്നാണ് സിബിഐയുടെ വിശദീകരണം. ഋഷിരാജ് സിങ്ങിനെ അന്വേഷണച്ചുമതലയില്‍നിന്നു നീക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. കാര്‍ഗില്‍ യുദ്ധവിധവകള്‍ക്കുവേണ്ടി എന്ന പേരില്‍ മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മിച്ച ബഹുനില പാര്‍പ്പിടസമുച്ചയം ഉന്നത സൈനിക ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളുടെ ബിനാമികളും വീതംവച്ചെടുത്തതാണ് കേസിന് ആസ്പദമായ സംഭവം. സിബിഐക്ക് കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന് അവകാശപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

deshabhimani 080712

1 comment:

  1. അമേത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ താനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംഎല്‍എ കിഷോര്‍ സമ്രിതെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ രാഹുലിന് നോട്ടീസ് അയച്ചിരുന്നു.

    ReplyDelete