Sunday, July 8, 2012
ബിഇഎംഎല്‍ പുതിയ ചെയര്‍മാനും അഴിമതിയാരോപണത്തില്‍
ടട്ര ട്രക്ക് അഴിമതിക്കേസില്‍ ബിഇഎംഎല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) മുന്‍ ചെയര്‍മാന്‍ വി ആര്‍ എസ് നടരാജനെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ പി ദ്വാരകനാഥും ആരോപണത്തിന്റെ നിഴലില്‍. ബംഗളൂരു നമ്മ മെട്രോയ്ക്ക് റെയില്‍കോച്ച് നല്‍കുന്ന കരാറില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ബിഇഎംഎല്‍ ഓഹരി ഉടമയും വിവരാവകാശപ്രവര്‍ത്തകനുമായ കെ എസ് പെരിയസ്വാമിയാണ് രംഗത്തെത്തിയത്. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത മിത്സുബിഷി, റോട്ടം, മെല്‍കോ എന്നീ ബഹുരാഷ്ട്രകമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ 40 കോടി ദ്വാരകനാഥ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വി ആര്‍ എസ് നടരാജനും ഇതിന്റെ പങ്കുപറ്റിയതായും പെരിയസ്വാമി പറയുന്നു.
കരാറില്‍ നടത്തിയ കൃത്രിമംവഴി ബിഇഎംഎലിന് 160 കോടി രൂപ നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെരിയസ്വാമി രാഷ്ട്രപതിക്കും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും കത്തെഴുതി. ആരോപണത്തോട് നടരാജനും ദ്വാരകനാഥും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2008ലാണ് ബംഗളൂരു മെട്രോ കോര്‍പറേഷന്‍ 150 റെയില്‍ കോച്ചുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചത്. ബിഇഎംഎല്‍, മിത്സുബിഷി, റോട്ടം, മെല്‍കോ എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യത്തിന് 1832.53 കോടി രൂപയ്ക്ക് ടെന്‍ഡര്‍ ലഭിച്ചു. ഇതില്‍ 24.5 ശതമാനം ഓഹരി (448.96 കോടി) ബിഇഎംഎലിനും ബാക്കിയുള്ളവ മറ്റു കമ്പനികള്‍ക്കുമായിരുന്നു. കരാറിന്റെ അന്തിമഘട്ടത്തില്‍ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കരാര്‍ത്തുക 1672.52 കോടിയായി കുറച്ചു. ഇതനുസരിച്ച് കരാര്‍ത്തുകയില്‍ ബിഇഎംഎല്‍ 200 കോടി കുറച്ചു. കുറഞ്ഞ തുകയ്ക്ക് കോച്ച് നല്‍കാമെന്നതിനാലാണ് ബിഇഎംഎലിനെ കരാറിന്റെ ഭാഗമാക്കിയത്. എന്നാല്‍, ഇതില്‍നിന്ന് കുറവുവരുത്താനുള്ള തീരുമാനം അംഗീകരിച്ചത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. കരാര്‍ നടക്കുന്ന സമയത്ത് ബിഇഎംഎലിന്റെ റെയില്‍, മെട്രോ വിഭാഗം ഡയറക്ടറായ ദ്വാരകനാഥ് 24.5 ഓഹരി ശതമാനം കുറയ്ക്കുകയും ചെയ്തു. 19.4 ശതമാനമായാണ് നിജപ്പെടുത്തിയത്. അതേസമയം, മറ്റു കമ്പനികളുടെ ഓഹരി ഉയരുകയും ചെയ്തു. ഓഹരിപങ്കാളിത്തം, കരാര്‍ത്തുക എന്നിവ കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ 160 കോടി രൂപയുടെ നഷ്ടം ബിഇഎംഎലിന് ഉണ്ടായതായി പെരിയ സ്വാമി പറഞ്ഞു. മെട്രോ ഇടപാടില്‍ ബിഇഎംഎല്‍ ഫിനാന്‍സ് ഡയറക്ടര്‍ പിച്ചയ്യയും കൈക്കൂലി വാങ്ങിയതായി അദ്ദേഹം ആരോപിച്ചു.
(സി കെ അനൂപ്)
അഴിമതി തടയാന്‍ പുതിയ സംഘം
ഹൈദരാബാദ്: അഴിമതി തടയാന്‍ കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നേതൃത്വത്തില്‍ പുതിയ സംഘം. ലോകത്തെമ്പാടുമുള്ള അഴിമതിവിരുദ്ധ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍വേണ്ടിയാണ് പുതിയ സംഘം രൂപീകരിക്കുന്നത്. വിവരങ്ങളും അറിവും അനുഭവവും പരസ്പരം കൈമാറിയാകും അഴിമതിവിരുദ്ധ സംഘത്തിന്റെ പ്രവര്‍ത്തനം. ചീഫ് വിജിലന്‍സ് കമീഷണറുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റ് സംഘം അന്താരാഷ്ട്ര അഴിമതിവിരുദ്ധ അതോറിറ്റിയിലെ അംഗമാണ്. ഈ നിലയ്ക്കാണ് ലോകമാകെയുള്ള അഴിമതിവിരുദ്ധ ഏജന്‍സികളെ പുതിയ സംഘം സഹായിക്കുകയെന്ന് ചീഫ് വിജിലന്‍സ് കമീഷണര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.
deshabhimani 080712
Labels:
അഴിമതി,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment