Sunday, July 22, 2012

നെല്ലിയാമ്പതി എസ്റ്റേറ്റ് വനഭൂമിയെന്ന് സത്യവാങ്മൂലം നല്‍കും


നെല്ലിയാമ്പതി മേഖലയിലെ വിവാദ എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ചെറുനെല്ലി, രാജക്കാട്, മോങ്വുഡ് എന്നീ മൂന്ന് എസ്റ്റേറ്റുകള്‍ പാട്ടക്കരാര്‍ ലംഘിച്ചതായും നിയമവിരുദ്ധമായ കൈമാറ്റം നടത്തിയതായും ഹൈക്കോടതിയില്‍ ബോധിപ്പിക്കും. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പരസ്യമായി രംഗത്തുണ്ട്. ഇതേച്ചൊല്ലി നിയമസഭയ്ക്ക് അകത്തും പുറത്തും ജോര്‍ജും വനംമന്ത്രി കെ ബി ഗണേശ് കുമാറും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും ഇരുവരും ഏറ്റുമുട്ടുകയും മന്ത്രി ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് യോഗം മാറ്റി അലങ്കോലപ്പെടുകയും ചെയ്തിരുന്നു. എസ്റ്റേറ്റ് ഉടമകള്‍ കൈവശംവച്ച പതിനായിരം ഏക്കര്‍ വനഭൂമി തിരിച്ചെടുക്കുന്നതിന് നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സത്യവാങ്മൂലം നല്‍കുന്നത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി സ്റ്റേയുണ്ട്. ഇതിന്റെ കാലാവധി തീരുന്നമുറയ്ക്ക് കൈയേറിയ വനഭൂമി ഒഴിപ്പിക്കാന്‍ നടപടിയെടുക്കും.

രാജക്കാട്, മോങ്വുഡ് എന്നിവ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ മാര്‍ച്ചിലും ചെറുനെല്ലി എസ്റ്റേറ്റ് സംബന്ധിച്ച് കഴിഞ്ഞ മാസവുമാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേ ഒഴിവാക്കിക്കിട്ടുന്നതിനും ശക്തമായ നടപടിയെടുക്കും. 1980ലെ വനസംരക്ഷണനിയമം ലംഘിച്ചാണ് എസ്റ്റേറ്റുകാര്‍ വനഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കും. വനഭൂമിയുടെ ഈടിന്മേല്‍ വന്‍ തുക വായ്പയായി എടുത്തിട്ടുണ്ട്. ഇതും പാട്ടക്കരാറിന്റെ ലംഘനമാണെന്ന് ബോധിപ്പിക്കാനും യോഗം തീരുമാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പുറമെ വനംവകുപ്പിന്റെ അഭിഭാഷകന്‍ എന്‍ പി മാധവന്‍കുട്ടി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ രാജരാജ വര്‍മ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാരിനുവേണ്ടി പുറത്തുനിന്ന് മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവരുകയോ അല്ലെങ്കില്‍ അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരാകുകയോ ചെയ്യണമെന്ന് മന്ത്രി ഗണേശ്കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ എജി ഇത് നിരാകരിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഇതേ നിലപാടാണ്.

deshabhimani 220712

No comments:

Post a Comment