Tuesday, July 10, 2012

മുടക്കിയ തുകയും നല്‍കാതെ ഡിഎംആര്‍സിയെ വലയ്ക്കുന്നു


മെട്രോ റെയില്‍ പദ്ധതിയുടെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനത്തിന് ഇതിനകം മുടക്കിയ തുകപോലും നല്‍കാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)നെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍സിഎല്‍) വലയ്ക്കുന്നു. നോര്‍ത്ത് പാലത്തിനായി ഡിഎംആര്‍സി ഇതിനകം ചെലവിട്ട 50 കോടി രൂപയില്‍ 22 കോടിയോളം രൂപയാണ് നല്‍കാനുള്ളത്. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 23 കോടി രൂപയും തുടര്‍ന്ന് നികുതി കഴിച്ച് അഞ്ചുകോടി രൂപയും മാത്രമാണ് ഇതിനകം കെഎംആര്‍സിഎല്‍ ഡിഎംആര്‍സിക്ക് നല്‍കിയത്. അടിയന്തരമായി 40 കോടി രൂപ അനുവദിക്കണമെന്ന് ഡിഎംആര്‍സി കത്ത് നല്‍കിയെങ്കിലും നികുതി കഴിച്ചുള്ള അഞ്ചുകോടി രൂപ മാത്രമാണ് ഇതിനകം അനുവദിച്ചത്. നിലവില്‍ 50 കോടിയോളം രൂപ പദ്ധതിക്കായി ചെലവഴിച്ചതായി ഡിഎംആര്‍സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പദ്ധതി തുക നല്‍കാതെ ഡിഎംആര്‍സിയെ ഞെരുക്കി പുറത്തുചാടിക്കുന്നതിനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

അതിനിടെ നിര്‍മാണകരാര്‍ സംബന്ധിച്ചും ഇതില്‍ ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പങ്ക് എന്തെന്ന് നിശ്ചയിക്കുന്നതു സംബന്ധിച്ചും അധികൃതര്‍ തീരുമാനമെടുക്കാതെ നീട്ടുകയാണ്. പദ്ധതിയുടെ കരട് കരാര്‍ ഡിഎംആര്‍സി ജനുവരി 27നുതന്നെ കെഎംആര്‍സിക്ക് കൈമാറിയതായിരുന്നു. ഈ ഘട്ടത്തിലാണ് ആഗോള ടെന്‍ഡര്‍ എന്ന വാദവുമായി കെഎംആര്‍സി എംഡി ടോം ജോസ് രംഗത്തുവന്നത്. കെഎംആര്‍സി കരട് കരാറിനെക്കുറച്ച് ഉന്നയിച്ച തടസ്സവാദങ്ങള്‍ക്ക് മെയ് രണ്ടിന് ഡിഎംആര്‍സി മറുപടിയും നല്‍കിയിരുന്നു. എന്നിരിക്കെയാണ് തീരുമാനം എടുക്കാതെ പുതിയ ബോര്‍ഡ് എന്ന വാദമുന്നയിക്കുന്നത്. ഇതില്‍ ദുരൂഹതയേറെയാണെന്ന് പി രാജീവ് എംപി പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് നിര്‍മാണച്ചുമതല സമ്പൂര്‍ണമായി ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഏല്‍പ്പിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

അതിനിടെ കൊച്ചി മെട്രോയ്ക്ക് 30 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ നല്‍കിയ 83 കോടി രൂപയ്ക്കു പുറമേയാണിത്. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം 30 കോടി രൂപയുടെ ഡിഡി അടുത്തദിവസം നല്‍കുമെന്ന് ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ വി ജോര്‍ജ് പറഞ്ഞു. മുമ്പ് ഇത്തരത്തില്‍ 10 കോടി രൂപയുടെ ഡിഡി മെട്രോ റെയില്‍ അധികൃതര്‍ ആക്സിസ് ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ നിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിനായി കലക്ടറേറ്റില്‍നിന്ന് ഒരു ജീവനക്കാരനെ പാലാരിവട്ടംവരെ ഓട്ടോറിക്ഷയില്‍ എത്തിച്ചതും ചര്‍ച്ചയായിരുന്നു.

deshabhimani 100712

1 comment:

  1. മെട്രോ റെയില്‍ പദ്ധതിയുടെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനത്തിന് ഇതിനകം മുടക്കിയ തുകപോലും നല്‍കാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)നെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍സിഎല്‍) വലയ്ക്കുന്നു. നോര്‍ത്ത് പാലത്തിനായി ഡിഎംആര്‍സി ഇതിനകം ചെലവിട്ട 50 കോടി രൂപയില്‍ 22 കോടിയോളം രൂപയാണ് നല്‍കാനുള്ളത്. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 23 കോടി രൂപയും തുടര്‍ന്ന് നികുതി കഴിച്ച് അഞ്ചുകോടി രൂപയും മാത്രമാണ് ഇതിനകം കെഎംആര്‍സിഎല്‍ ഡിഎംആര്‍സിക്ക് നല്‍കിയത്. അടിയന്തരമായി 40 കോടി രൂപ അനുവദിക്കണമെന്ന് ഡിഎംആര്‍സി കത്ത് നല്‍കിയെങ്കിലും നികുതി കഴിച്ചുള്ള അഞ്ചുകോടി രൂപ മാത്രമാണ് ഇതിനകം അനുവദിച്ചത്. നിലവില്‍ 50 കോടിയോളം രൂപ പദ്ധതിക്കായി ചെലവഴിച്ചതായി ഡിഎംആര്‍സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പദ്ധതി തുക നല്‍കാതെ ഡിഎംആര്‍സിയെ ഞെരുക്കി പുറത്തുചാടിക്കുന്നതിനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

    ReplyDelete