Saturday, July 7, 2012

പ്രചാരണ വൈപുല്യം മാധ്യമവിശ്വാസ്യതയുടെ അളവുകോലല്ല: ഡോ. സെബാസ്റ്റ്യന്‍ പോള്‍


വിശ്വാസ്യതയിലാണ് മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മാധ്യമവിമര്‍ശം ഭരണഘടനാപരമായ അവകാശമാണ്. വിമര്‍ശനങ്ങളിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ കഴിയും. പ്രചാരണത്തില്‍ ഒന്നാമതെത്തിയാലും വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ മുന്നോട്ടുപോകാനാകില്ല. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി "മാധ്യമ കോടതിയും ഇടതുപക്ഷവേട്ട"യും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണപരമ്പര ഉദ്ഘാടനംചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍.

മാധ്യമങ്ങള്‍ക്കായി പ്രത്യേക സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നില്ല. അന്തിമവിധി തീരുമാനിക്കുന്നത് തങ്ങളാണ് എന്ന നിലയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലയ്ക്കു നില്‍ക്കണം എന്നുപറയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താല്‍ അയാള്‍ ഒളിവിലാണെന്ന് പ്രചരിപ്പിക്കുകയാണ് ഇന്ന് മാധ്യമങ്ങള്‍ ചെയ്യുന്നത്. ബോധപൂര്‍വം കെട്ടിപ്പടുക്കുന്ന കഥകള്‍ ഉപയോഗിച്ച് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നു. പലപ്പോഴും ഷെര്‍ലോക്ഹോംസിനെ അനുകരിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കു ലഭിച്ച നിര്‍ദേശപ്രകാരമുള്ള കാര്യങ്ങള്‍ സംഭവങ്ങളില്‍നിന്ന് കിട്ടാതെ വരുമ്പോള്‍ കഥകള്‍ മെനയുകയാണ്. ഉത്തമമായ ജനാധിപത്യതത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആത്മപരിശോധന നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സ്വയം തെറ്റ് തിരുത്തണം. അതിനാണ് വിമര്‍ശനം ഉന്നയിക്കുന്നത്. അല്ലാതെ ആരെയും തകര്‍ക്കാനല്ല. ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ മാധ്യമകുത്തകയായ റുപ്പെര്‍ട്ട് മര്‍ഡോക് കുമ്പസരിച്ചത് വിശ്വാസ്യത വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നാണ്. ഈ വാക്കുകളില്‍ കുറ്റബോധത്തില്‍നിന്ന് ഉടലെടുത്ത വിവേകമുണ്ട്. ഇത് മലയാള മാധ്യമങ്ങളും പഠിക്കേണ്ടതാണ്- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ദേശാഭിമാനി രാഷ്ട്രീയലേഖകന്‍ ആര്‍ എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഇടതുപക്ഷമനസ്സുള്ള കേരളസമൂഹത്തിന്റെ ദിശമാറ്റാനും ഉള്ളടക്കം ചോര്‍ത്താനുമുള്ള സംഘടിതമായ ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. നേരിനുനേരെ പിടിച്ച കണ്ണാടി എന്ന സങ്കല്‍പ്പം മാറി കല്ലടിച്ച സ്ഫടികം പോലെയാണ് ഇന്ന് മാധ്യമങ്ങളുടെ അവസ്ഥയെന്നും ആര്‍ എസ് ബാബു പറഞ്ഞു.

deshabhimani 070712

1 comment:

  1. വിശ്വാസ്യതയിലാണ് മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മാധ്യമവിമര്‍ശം ഭരണഘടനാപരമായ അവകാശമാണ്. വിമര്‍ശനങ്ങളിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ കഴിയും. പ്രചാരണത്തില്‍ ഒന്നാമതെത്തിയാലും വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ മുന്നോട്ടുപോകാനാകില്ല. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി "മാധ്യമ കോടതിയും ഇടതുപക്ഷവേട്ട"യും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണപരമ്പര ഉദ്ഘാടനംചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോ

    ReplyDelete