Sunday, July 8, 2012

പ്രോട്ടോകോള്‍ ലംഘിച്ചു: ജി സുധാകരന്‍


ആലപ്പുഴ: മന്ത്രി ഗണേഷ്കുമാറിന്റെ വകുപ്പിന്റെ കീഴിലുള്ള ഫിലിം ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ എട്ടിന് സംഘടിപ്പിക്കുന്ന തിയറ്റര്‍ കോംപ്ലക്സ് ശിലാസ്ഥാപന പരിപാടിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറക്കിയ പ്രോട്ടോക്കോള്‍ സര്‍ക്കുലര്‍ ലംഘിച്ചുവെന്ന് ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ഇതേദിവസം തന്നെ വണ്ടാനം മെഡിക്കല്‍ കോളേജിന്റെയും ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിയുടെ ശിലാസ്ഥാപനപരിപാടിയും നടക്കുന്നുണ്ട്. ഇതില്‍ രണ്ടിലും എംഎല്‍എയെ മുഖ്യപ്രഭാഷകനായി പ്രോട്ടോകോള്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിയറ്റര്‍ ശിലാസ്ഥാപനചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്റെയും കൗണ്‍സിലര്‍മാരുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കൂട്ടത്തില്‍ ഒരു സാധാരണ പേരായാണ് സ്ഥലം എംഎല്‍എയെ ഉള്‍പ്പെടുത്തിയത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സ്ഥലം എംഎല്‍എമാര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് ജൂലൈ 5ന് നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണനും കോലിയക്കോട് കൃഷ്ണന്‍നായരും പരാതി ഉന്നയിച്ചിരുന്നു. പ്രോട്ടോകോള്‍ ലംഘനം ഉണ്ടാകരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതാണ്. അതിനുശേഷവും ചട്ടലംഘനം നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടി കെ രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും ആദ്യമായി കെട്ടിടം നിര്‍മിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. മുനിസിപ്പല്‍ വൈസ്ചെയര്‍മാനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഗണേഷ്കുമാറിന്റെ അഭിപ്രായപ്രകാരം ഫിലിം കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചിരുന്നു. അതോടൊപ്പം ഇടവേള ബാബുവിനെ പ്രസിഡന്റും കെഎസ്എഫ്ഡിസിയുടെ വൈസ് ചെയര്‍മാനുമാക്കി. കേപ്പിന്റെ കീഴില്‍ പത്തനാപുരം മുനിസിപ്പാലിറ്റിയില്‍ എന്‍ജിനിയറിങ് കോളേജിന് ശിലയിട്ടപ്പോള്‍ സ്ഥലം എംഎല്‍എയായിരുന്ന ഗണേഷ്കുമാറിനുവേണ്ടി ഒരു മണിക്കൂര്‍ കാത്തിരുന്നു. എന്നാല്‍ ഗണേഷ്കുമാര്‍ മന്ത്രിയായപ്പോള്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ രണ്ട് സ്ഥലങ്ങളില്‍ വന്ന് എംഎല്‍എ അറിയാതെ ചില വലതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരെ വിളിച്ചുവരുത്തി നിര്‍മാണപ്രവര്‍ത്തനത്തിന് തുക പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും മന്ത്രിമാര്‍ക്ക് ചേര്‍ന്നതല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. മന്ത്രിമാരുടെ പരിപാടികളിലെ പ്രോട്ടോകോള്‍ ലംഘനം അന്വേഷിക്കണമെന്ന് ജി സുധാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ പരിപാടി ബഹിഷ്കരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ജി സുധാകരന്‍ എംഎല്‍എ അറിയിച്ചു.

deshabhimani 080712

മറ്റൊരു വാര്‍ത്ത

സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എമാര്‍ക്ക് അവഗണന; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

No comments:

Post a Comment