Monday, July 9, 2012

ഗവേഷണവിഷയത്തില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചു; കലിക്കറ്റില്‍ വീണ്ടും മാര്‍ക്ക് ദാനം


കലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണ വിഷയത്തിലും മാര്‍ക്ക് ദാനം. ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്തത് വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം. 2009ല്‍ അന്നത്തെ വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റും നിഷേധിച്ച മോഡറേഷന്‍ നല്‍കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് നോമിനേറ്റഡ് സിന്‍ഡിക്കറ്റ് തീരുമാനം. സര്‍വകലാശാലാ ക്യാമ്പസിലെ എംഫില്‍ സുവോളജി വിദ്യാര്‍ഥിക്കാണ് 12 മാര്‍ക്ക് മോഡറേഷന്‍ നല്‍കുന്നത്. ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തിന് സര്‍വകലാശാലാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മാര്‍ക്ക് മോഡറേഷന്‍. എംഫില്‍ സുവോളജിയില്‍ അടുത്തകാലത്ത് ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടുമില്ല. ഇതൊന്നും പരിഗണിക്കാതെ കോണ്‍ഗ്രസ് സിന്‍ഡിക്കറ്റംഗം ഇടപെട്ടാണ് മാര്‍ക്ക് ദാനം.

ഇയാള്‍ക്ക് കീഴിലാണ് 2006 ബാച്ചിലെ വിദ്യാര്‍ഥി ഗവേഷണംനടത്തിയത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ രണ്ട് പേപ്പറില്‍ തോറ്റു. നാലും ഏഴും മാര്‍ക്കിനാണ് തോറ്റത്. 11 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കുമെന്നതിനാല്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്ന ഇയാള്‍ 12 മാര്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചു. പാസ്ബോര്‍ഡ് യോഗംപോലും ചേരാതെയായിരുന്നു തീരുമാനം. അന്നത്തെ വൈസ് ചാന്‍സലര്‍ അന്‍വര്‍ ജഹാന്‍ സുബേരി പരീക്ഷാബോര്‍ഡ് തീരുമാനം അംഗീകരിച്ചില്ല. മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ച പാസ്ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ മാത്രമേ പങ്കെടുത്തുള്ളൂ, വിദ്യാര്‍ഥിയുടെ റിസര്‍ച്ച് ഗൈഡാണ് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിസി അപേക്ഷ സിന്‍ഡിക്കറ്റ് പരിഗണനയ്ക്ക് വിട്ടു. 2009 ഡിസംബര്‍ 19ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം മോഡറേഷന്‍ കൊടുക്കേണ്ടെന്ന് തീരുമാനിക്കുകയുംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട അന്നത്തെ സിന്‍ഡിക്കറ്റിന്റെ തീരുമാനം റദ്ദാക്കിയാണ് ഇപ്പോള്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് മോഡറേഷന്‍ നല്‍കുന്നത്. വിഷയം വീണ്ടും സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്ക് വന്നതിലും ദുരൂഹതയുണ്ട്. മോഡറേഷന്‍ നല്‍കരുതെന്ന് സിന്‍ഡിക്കറ്റ് തീരുമാനിച്ചാല്‍ പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍, അതുണ്ടായില്ല. സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടര്‍ന്ന് നോമിനേറ്റഡ് സിന്‍ഡിക്കറ്റ് അധികാരമേറ്റശേഷമാണ് പഴയ ഫയല്‍ കുത്തിപ്പൊക്കിയത്.
(സി പ്രജോഷ്കുമാര്‍)

deshabhimani 090712

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണ വിഷയത്തിലും മാര്‍ക്ക് ദാനം. ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്തത് വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം. 2009ല്‍ അന്നത്തെ വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റും നിഷേധിച്ച മോഡറേഷന്‍ നല്‍കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് നോമിനേറ്റഡ് സിന്‍ഡിക്കറ്റ് തീരുമാനം. സര്‍വകലാശാലാ ക്യാമ്പസിലെ എംഫില്‍ സുവോളജി വിദ്യാര്‍ഥിക്കാണ് 12 മാര്‍ക്ക് മോഡറേഷന്‍ നല്‍കുന്നത്. ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തിന് സര്‍വകലാശാലാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മാര്‍ക്ക് മോഡറേഷന്‍. എംഫില്‍ സുവോളജിയില്‍ അടുത്തകാലത്ത് ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടുമില്ല. ഇതൊന്നും പരിഗണിക്കാതെ കോണ്‍ഗ്രസ് സിന്‍ഡിക്കറ്റംഗം ഇടപെട്ടാണ് മാര്‍ക്ക് ദാനം.

    ReplyDelete