Sunday, July 8, 2012

പി മോഹനനെ ചോദ്യംചെയ്യാന്‍ ക്രിമിനല്‍ പൊലീസ്


ചന്ദ്രശേഖരന്‍ വധക്കേസില്‍ പി മോഹനന്റെ പൊലീസ് കസ്റ്റഡി ബുധനാഴ്ച തീരുമെന്നിരിക്കെ കടുത്ത പീഡനം നടത്തി സംസ്ഥാന നേതാക്കള്‍ക്കെതിരെ മൊഴി പറയിക്കാന്‍ സമ്മര്‍ദം. യുഡിഎഫും ആര്‍എംപിയും നല്‍കിയ തിരക്കഥയനുസരിച്ച് ഒരു മൊഴിയും മോഹനില്‍നിന്ന് ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് സിപിഐ എം സംസ്ഥാന നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിയും സമ്മര്‍ദ്ദവും തുടരുന്നത്. ഗൂഢാലോചനക്കേസില്‍ ഭാര്യ കെ കെ ലതിക എംഎല്‍എയെയും പ്രതിചേര്‍ക്കുമെന്നും കുടുംബം കുളംതോണ്ടുമെന്നുമാണ് ഒരു പൊലീസ് ഓഫീസര്‍ ഭീഷണിപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച പേരുകള്‍തന്നെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ടി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി ഷൗക്കത്തലി മോഹന് അന്ത്യശാസനം നല്‍കിയിരിക്കയാണ്. കേസില്‍ പങ്കില്ലെന്നും അറിയാത്ത കാര്യങ്ങള്‍ പറയില്ലെന്നും മോഹനന്‍ അറിയിച്ചതോടെ, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ അദ്ദേഹത്തെ കൊടുംക്രിമിനലുകളോട് പെരുമാറുന്ന തരത്തില്‍ ചോദ്യംചെയ്യുകയായിരുന്നു.

ജില്ലയ്ക്കു പുറത്തുള്ള ചില ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെ ചോദ്യംചെയ്യലിനായി വടകരയില്‍ എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്റെ ജില്ലാ നേതാവാണ് ഇവരെ തെരഞ്ഞെടുത്ത് എത്തിച്ചത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് ഇവര്‍. ഇതില്‍പെട്ട 12 അംഗ സംഘമാണ് കഴിഞ്ഞദിവസം തുടര്‍ച്ചയായി അഞ്ചര മണിക്കൂര്‍ പി മോഹനനെ തെറിവിളിച്ചും മാനസികമായി പീഡിപ്പിച്ചും ചോദ്യംചെയ്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം ആദ്യം ഏഴു ദിവസത്തേക്ക് മോഹനനെ പൊലീസ് കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. വീണ്ടും ഏഴുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം ഭാഗികമായേ കോടതി അംഗീകരിച്ചുള്ളൂ. പ്രതിപ്പട്ടികയില്‍പ്പെട്ട ഒരാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെന്ന കുറ്റമാണ് മോഹനനെതിരെ പൊലീസ് ആരോപിച്ചിട്ടുള്ളത്. ഇത് തെളിയിക്കാന്‍ രണ്ടാംഘട്ടമായി ഏഴ് ദിവസത്തെ കസ്റ്റഡി അനാവശ്യമാണെന്ന് മോഹനുവേണ്ടി ഹാജരായ അഡ്വ. കെ എം രാംദാസ് കോടതിയില്‍ വാദിച്ചു. ഇതു പരിഗണിച്ച് അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഇനി കസ്റ്റഡി ദീര്‍ഘിപ്പിക്കില്ലെന്ന് തോന്നിയ സാഹചര്യത്തിലാണ് പീഡനവും സമ്മര്‍ദവും ശക്തമാക്കിയത്.

എംഎല്‍എമാര്‍ പി മോഹനനെ സന്ദര്‍ശിച്ചത് നിയമാനുസൃതം

വടകര: പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ എംഎല്‍എമാര്‍ സന്ദര്‍ശിച്ചത് നിയമാനുസൃതം. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വടകര പുതുപ്പണത്തെ ക്യാമ്പ് ഓഫീസിലെത്തി അനുമതി വാങ്ങിയശേഷമാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പത്ത് എംഎല്‍എമാരും സിപിഐ എം നേതാക്കളും ശനിയാഴ്ച വൈകിട്ട് മോഹനനെ സന്ദര്‍ശിച്ചത്. വടകര പൊലീസ് സ്റ്റേഷനിലെ തുറന്ന മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണ സംഘത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന എഐജി അനൂപ് കുരുവിള ജോണാണ് എംഎല്‍എമാര്‍ക്ക് സന്ദര്‍ശന സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് വടകര സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയുടെ മുറിയില്‍ സിഐ ശശികുമാറിന്റെയും എസ്ഐ മനോജിന്റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ഒമ്പത് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ തനിക്കുണ്ടായ ക്രൂര അനുഭവങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിനിര്‍ത്തിയാണ് എംഎല്‍എമാരോട് മോഹനന്‍ വിവരിച്ചത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ മോഹനന്‍ പറയുന്നത് കേട്ടതല്ലാതെ ഒരഭിപ്രായ പ്രകടനംപോലും എംഎല്‍എമാരോ നേതാക്കളോ നടത്തിയില്ല.

എംഎല്‍എമാരുടെ സന്ദര്‍ശനം വിവാദമാക്കാന്‍ ചില വലതുപക്ഷ മാധ്യമങ്ങള്‍ ശനിയാഴ്ച തന്നെ ശ്രമം തുടങ്ങിയിരുന്നു. മോഹന് പൊലീസ് സുഖവാസം ഒരുക്കുന്നെന്ന തരത്തില്‍ മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ പൊള്ളത്തരമാണ് എംഎല്‍എമാരുടെ സന്ദര്‍ശനത്തോടെ പുറത്തു വന്നത്. ഇതിലുള്ള അസഹിഷ്ണുത പ്രകടമാക്കുന്ന വാര്‍ത്തകളാണ് പിന്നീട് മാധ്യമങ്ങള്‍ നല്‍കിയത്. ഇതിന് ചുവടുപിടിച്ചാണ് എംഎല്‍എമാര്‍ മോഹനനെ കണ്ടത് നിയമവിരുദ്ധമാണെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്നവരെ ആര്‍ക്കൊക്കെ കാണിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാവുന്നതാണെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ കാണാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ അനുവദിക്കാറുണ്ട്. സന്ദര്‍ശനം വിലക്കി കോടതിയുടെ പ്രത്യേക നിര്‍ദേശങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ പി മോഹനനെ സന്ദര്‍ശിച്ചത് നിയമവിരുദ്ധമാണെന്ന വാദം തെറ്റാണെന്നും നിയമ വിദഗ്ധര്‍ വ്യക്തമാക്കി.

deshabhimani 090712

2 comments:

  1. ചന്ദ്രശേഖരന്‍ വധക്കേസില്‍ പി മോഹനന്റെ പൊലീസ് കസ്റ്റഡി ബുധനാഴ്ച തീരുമെന്നിരിക്കെ കടുത്ത പീഡനം നടത്തി സംസ്ഥാന നേതാക്കള്‍ക്കെതിരെ മൊഴി പറയിക്കാന്‍ സമ്മര്‍ദം. യുഡിഎഫും ആര്‍എംപിയും നല്‍കിയ തിരക്കഥയനുസരിച്ച് ഒരു മൊഴിയും മോഹനില്‍നിന്ന് ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് സിപിഐ എം സംസ്ഥാന നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിയും സമ്മര്‍ദ്ദവും തുടരുന്നത്. ഗൂഢാലോചനക്കേസില്‍ ഭാര്യ കെ കെ ലതിക എംഎല്‍എയെയും പ്രതിചേര്‍ക്കുമെന്നും കുടുംബം കുളംതോണ്ടുമെന്നുമാണ് ഒരു പൊലീസ് ഓഫീസര്‍ ഭീഷണിപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച പേരുകള്‍തന്നെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ടി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി ഷൗക്കത്തലി മോഹന് അന്ത്യശാസനം നല്‍കിയിരിക്കയാണ്. കേസില്‍ പങ്കില്ലെന്നും അറിയാത്ത കാര്യങ്ങള്‍ പറയില്ലെന്നും മോഹനന്‍ അറിയിച്ചതോടെ, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ അദ്ദേഹത്തെ കൊടുംക്രിമിനലുകളോട് പെരുമാറുന്ന തരത്തില്‍ ചോദ്യംചെയ്യുകയായിരുന്നു.

    ReplyDelete
  2. മതേതര രാഷ്ടമെന്നു വീമ്പിളക്കുന്ന ഇന്ത്യയില്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ടി നിരോധിക്കണം.
    കുഞ്ഞാലിക്കുട്ടിയോ അബ്ദുല്‍ റബ്ബ്ഓ പാണക്കാട് തങ്ങളോ ഭരിച്ചോട്ടെ.മതമല്ല, മനുഷ്യത്വം മാണ് മതേതര
    രാഷ്ട്രത്തിനു വേണ്ടത്

    ReplyDelete