Sunday, July 8, 2012

സുധാകരനെതിരായ വെളിപ്പെടുത്തല്‍: അന്വേഷണം അനിശ്ചിതത്വത്തില്‍


കൊലപാതകക്കേസുകളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരായ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണം അനിശ്ചിതത്വത്തില്‍. തൃശൂര്‍ മേഖലാ ഐജി എസ് ഗോപിനാഥിനെ മാറ്റി തിരുവനന്തപുരം ഐജി ഷേഖ് ദര്‍വേശ് സാഹിബിനെ പ്രത്യേക അന്വേഷകസംഘ തലവനായി നിശ്ചയിച്ചെങ്കിലും അന്വേഷണനടപടി ഇതുവരെ തുടങ്ങിയില്ല. കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍ നായര്‍, വയനാട് ജില്ലാ പൊലീസ് ചീഫ് എ വി ജോര്‍ജ്, തൃശൂര്‍ പൊലീസ് അക്കാദമി ഡിവൈഎസ്പി സുദര്‍ശന്‍ എന്നിവരാണ് അന്വേഷകസംഘത്തിലെ അംഗങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ പൊലീസുകാരെ നിശ്ചയിച്ച് നല്‍കിയിട്ടിയില്ല. ഡിജിപിയാണ് ഇതിനുള്ള നടപടി സ്വീകരിക്കേണ്ടത്. അന്വേഷണം തുടക്കത്തിലേ അട്ടിമറിക്കുന്നെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ജൂണ്‍ മുപ്പതിനാണ് സുധാകരനെതിരെ സന്തതസഹചാരിയും കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ജൂലൈ രണ്ടിന് പ്രത്യേക അന്വേഷകസംഘത്തെ നിശ്ചയിച്ച് ഉത്തരവിറങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ സുധാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് അന്വേഷകസംഘത്തെ നിശ്ചയിച്ചതെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന ചെന്നിത്തലയുടെ അഭിപ്രയപ്രകടനം അന്വേഷണം ഏതുവഴിക്ക് നീങ്ങുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഐജി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സുധാകരന്റെ വാടകക്കൊലയാളികളുടെ വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇ പി ജയരാജന്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. അരീക്കോട് ഇരട്ടക്കൊലക്കേസ് എഫ്ഐആറില്‍ ഉള്‍പ്പെട്ട പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റുചെയ്യില്ലെന്ന് അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ പരസ്യമായി പറഞ്ഞ ഗോപിനാഥില്‍നിന്ന് നീതി പ്രതീക്ഷിക്കാനാവില്ലെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സുധാകരനെതിരായ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍, കേസെടുക്കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വെളിപ്പെടുത്തല്‍ മറ്റ് വെളിപ്പെടുത്തലുകളില്‍നിന്ന് വ്യത്യസ്തമാണെന്ന വിചിത്ര നിലപാടാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ സ്വീകരിച്ചത്. ആഭ്യന്തരമന്ത്രിയുടെ സ്വരത്തില്‍തന്നെ അന്വേഷണം അട്ടിമറിക്കുന്നതിന്റെ ധ്വനിയുണ്ടായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ പോലും തയ്യാറായില്ല. ഇ പി ജയരാജനെ വെടിവച്ച കേസിലെ പ്രതിയാണ് സുധാകരനെന്നും ഇനിയൊരു കേസെടുക്കാനാവില്ലെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, സുധാകരന്റെ വാദം ഒരുകേസിലും പ്രതിയല്ലെന്നാണ്. പ്രസംഗത്തിന്റെപേരില്‍ സിപിഐ എം നേതാവ് എം എം മണിയെ പീഡിപ്പിച്ച പൊലീസിന്റെ മറ്റൊരു മുഖമാണ് സുധാകനെതിരൊയ അന്വേഷണത്തില്‍ തെളിയുന്നത്.

deshabhimani 090712

No comments:

Post a Comment