Saturday, July 7, 2012

ബംഗാളില്‍ രാഷ്ട്രീയ കൊലപാതകം വര്‍ധിച്ചു: ചിദംബരം


പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളും സഘര്‍ഷങ്ങളും വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്തി പി ചിദംബരം പറഞ്ഞു. മാവോയിസ്റ്റ് അക്രമങ്ങള്‍ കുറഞ്ഞെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുകയാണ്. ഇത് ജനാധിപത്യത്തിന് നന്നല്ല. കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ചടങ്ങിലാണ് കണക്കുകള്‍ ഉദ്ധരിച്ച് ചിദംബരം ബംഗാളിലെ ക്രമസമാധാനത്തകര്‍ച്ചക്കെതിരെ ആഞ്ഞടിച്ചത്.

ആറു മാസത്തിനകം സംസ്ഥാനത്തുണ്ടായത് 82 രാഷ്ട്രീയ കൊലപാതകങ്ങള്‍. 455 രാഷ്ട്രീയ അതിക്രമങ്ങളില്‍ 1112 പേര്‍ക്ക് പരിക്കു പറ്റി. 2011ല്‍ രാഷ്ട്രീയകാരണങ്ങളാല്‍ 136 പേര്‍ കൊല്ലപ്പെട്ടു. 995 സംഘര്‍ഷങ്ങള്‍ നടന്നു. 2225 പേര്‍ക്ക് പരിക്കു പറ്റി. മുമ്പ് പ്രധാനമായും മൂന്നു ജില്ലകളിലാണ് മാവോയിസ്റ്റുകള്‍ കൊലനടത്തിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി എടുത്ത നടപടികള്‍ മൂലം അത് വളരെയേറെ നിയന്ത്രിക്കാനായി. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തും രാഷ്ട്രീയ സംഘര്‍ഷവും കൊലയും നടക്കുന്നു. ഇത് ജനാധിപത്യത്തില്‍ നല്ല കാര്യമല്ലന്നും അതില്‍ ഉത്ക്കണഠയുണ്ടന്നും ചിദംബരം പറഞ്ഞു.

എന്നാല്‍ ക്രമസമാധാന നില സംസ്ഥാന വിഷയമാണന്നും അതില്‍ കേന്ദ്രമന്ത്രി ഇടപെടേണ്ട കാര്യമില്ലന്നും സംസ്ഥാന പഞ്ചായത്ത് മന്ത്രിയും തൃണമൂല്‍ വൈസ് പ്രസിഡന്റുമായ സുബ്രതാ മുഖര്‍ജി പറഞ്ഞു. ചിദംബരം പറഞ്ഞത് വസ്തുതയാണന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര പറഞ്ഞു. മമത അധികാരമേറിയ ശേഷം 68 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായി നടക്കുന്ന അക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കു പറ്റി. ആയിരങ്ങള്‍ ഇപ്പോഴും മറ്റിടങ്ങളില്‍ അഭയം തേടിയിരിക്കയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമണത്തെ കുറിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും എംപിമാരും ചിദംബരത്തോട് പരാതി ഉന്നയിച്ചു. തൃണമൂലിനൊപ്പം ഭരണത്തില്‍ തുടരാന്‍ ബുദ്ധിമുട്ടാണന്നും എല്ലാ തലത്തിലും തങ്ങളെ അവഗണിക്കുകയാണന്നും സര്‍ക്കാരിന്റെ ദുഷ്ചെയ്തികളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതില്ലന്നും ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ പറഞ്ഞു.
(ഗോപി)

deshabhimani 070712

No comments:

Post a Comment