Friday, July 6, 2012

സ്വാശ്രയപ്രശ്നം; പ്രതിപക്ഷം ഇറങ്ങിപ്പോയി


സ്വാശ്രയകോളേജുകളുടെ നിലവാരത്തകര്‍ച്ചയും കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ നിയമവിരുദ്ധമായി സ്വാശ്രയകോളേജുകള്‍ തുടങ്ങാനുള്ള നീക്കവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പി ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

വിജയശതമാനം കുറഞ്ഞ സ്വാശ്രയകോളേജുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിജയശതമാനം കുറഞ്ഞ എന്‍ജിനിയറിങ് കോളേജുകള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധിപ്പകര്‍പ്പ് സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നാല്‍പത് ശതമാനത്തില്‍ കുറവ് വിജയമുള്ള സ്വാശ്രയകോളേജുകള്‍ക്ക് പുതിയ കോഴ്സ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശ്രീരാമകൃഷ്ണന്റെ പേരിലും സ്വാശ്രയ കോളേജ് അനുവദിച്ചിട്ടുണ്ടെന്ന് അബ്ദുറബ്ബ് ആരോപിച്ചു. എന്നാല്‍ താന്‍ കോളേജ് തുടങ്ങാന്‍ അപേക്ഷിച്ചിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രി രോപണം പിന്‍വലിച്ചു. മന്ത്രിയുടെ മറുപടിക്ക് ശേഷം സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പറ്റിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ശ്രീരാമകൃഷ്ണന്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 4 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള കോളേജുകളില്‍പ്പോലും തടസമൊന്നുമില്ലാതെ പ്രവേശനം നടക്കുകയാണ്. 40%ത്തില്‍ കുറവ് വിജയശതമാനമുള്ള സ്വാശ്രയകോളേജുകള്‍ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ജൂണ്‍ 28ന് ഹൈക്കേകാടതി ഉത്തരവിറക്കിയിരുന്നു. ഇതിനെയൊന്നും മാനിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് ചോദ്യോത്തരവേളയില്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

deshabhimani news

1 comment:

  1. സ്വാശ്രയകോളേജുകളുടെ നിലവാരത്തകര്‍ച്ചയും കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ നിയമവിരുദ്ധമായി സ്വാശ്രയകോളേജുകള്‍ തുടങ്ങാനുള്ള നീക്കവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പി ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

    ReplyDelete